ഐടി ജീവനക്കാരുടെ വേതനം കുറയാം, പ്രമോഷന്‍ നടന്നാലും ശമ്പളം കൂട്ടില്ല: വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മോഹന്‍ദാസ് പൈ
കോറോണവൈറസ് ഐടി മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് ഏറെ വില കൊടുക്കേണ്ടി വന്നേക്കാം. ഈ വര്‍ഷം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസസ് മേഖലയിലെ നിയമനങ്ങള്‍ മരവിപ്പിക്കേണ്ടിവരുമെന്നും സീനിയര്‍ തലത്തിലുള്ള ജീവനക്കാര്‍ക്ക് 20-25 ശതമാനത്തോളം സാലറി കട്ട് നേരിടേണ്ടിവരുമെന്നും മോഹന്‍ദാസ് പൈ. ഇന്‍ഫോസിസ് ലിമിറ്റഡില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയിരുന്ന ഇദ്ദേഹം ഐടി മേഖലയിലെ വിദഗ്ധനാണ്. ഇപ്പോള്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആരിന്‍ ക്യാപ്പിറ്റലിന്റെയും മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്റെയും ചെയര്‍മാനാണ് മോഹന്‍ദാസ് പൈ.
90 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കിയ ഐടി ഇന്‍ഡസ്ട്രി വളരെ ഐതിഹാസികവും അവിശ്വസനീയവും സവിശേഷവുമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ തന്നെ അടിസ്ഥാനസൗകര്യങ്ങളൊരുക്കി, ക്ലൈന്റ്‌സിന്റെ അനുവാദം വാങ്ങി, സുരക്ഷിതത്വമുണ്ടെന്നും പിശകുകളില്ലെന്നും ഉറപ്പുവരുത്തിയാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പി.റ്റി.ഐ നടത്തിയ അഭിമുഖസംഭാഷണത്തിലാണ് മോഹന്‍ദാസ് പൈ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
നിലവിലുള്ള ജോബ് ഓഫറുകള്‍ കമ്പനികള്‍ പാലിച്ചേക്കാമെങ്കിലും ഈ വര്‍ഷം പുതുതായി ആളെ എടുക്കല്‍ ഐടി കമ്പനികള്‍ മരവിപ്പിക്കേണ്ടിവരും. പിരിഞ്ഞുപോകുന്നവര്‍ക്ക് പകരമായി ആളെ എടുക്കാന്‍ സാധ്യതയില്ല. കാരണം പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള ക്ലൈന്റ്‌സ് തങ്ങളുടെ ഓഫീസുകള്‍ ഇതുവരെ തുറന്നിട്ടില്ല. ഇത് വിപണിയില്‍ അടുത്ത പാദത്തെ ഡിമാന്റിനെ ബാധിക്കും. അതുകൊണ്ട് അടുത്തവര്‍ഷം റിക്രൂട്ട്‌മെന്റുകള്‍ നടന്നേക്കാമെങ്കിലും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ലെന്ന് പൈ കൂട്ടിച്ചേര്‍ക്കുന്നു.
വേതനം കുറച്ചേക്കാം
സാലറി കട്ടും പ്രതീക്ഷിക്കാം. പ്രമോഷന്‍ ഉണ്ടാകുമെങ്കിലും ശമ്പളവര്‍ദ്ധന ലഭിക്കില്ല. ചെലവുചുരുക്കാന്‍ സീനിയര്‍ ജീവനക്കാരുടെ വേതനം കുറച്ചേക്കാം. ഒരു മാസം 75,000 മുതല്‍ ഒരു ലക്ഷം വരെ കിട്ടുന്ന ജീവനക്കാരുടെ വേതനത്തില്‍ 20-25 ശതമാനം വരെ കുറവുണ്ടായേക്കാം. എന്നാല്‍ അതിന് താഴെയുള്ളവരുടെ വേതനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സാഹചര്യങ്ങള്‍ സാധാരണഗതിയിലേക്ക് വന്നാലും ഐറ്റി കമ്പനികളിലെ 25-30 ശതമാനമോ അതിന് മുകളിലോ ജീവനക്കാര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യല്‍ തുടരാനാണ് സാധ്യതയെന്ന് അദ്ദേഹം പറയുന്നു. എന്നാലും സാമൂഹിക അകലം പിന്തുടരേണ്ടതുകൊണ്ട് ഐടി മേഖലയില്‍ ഓഫീസ് സ്‌പേസിനുള്ള ഡിമാന്റ് കുറയ്ക്കാനിടയില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കൂടാനുള്ള സാധ്യതയുമില്ല. 25 ശതമാനത്തോളം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുകൊണ്ടാണത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline