അടുത്ത ആറ് മാസത്തില്‍ വരാനിരിക്കുന്നത് മോശമായ സാഹചര്യമെന്ന് ഐടി പ്രൊഫഷണലുകള്‍

മോശം സാമ്പത്തികവ്യവസ്ഥ, വേതനം കുറയ്ക്കല്‍ പോല ദുര്‍ഘടമായ സാഹചര്യങ്ങള്‍ നേരിടുന്ന തൊഴില്‍ വിപണി... ഐടി, മീഡിയ, മാനുഫാക്ചറിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ആശങ്കയിലാണ്. അടുത്ത ആറ് മാസത്തില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് മോശം സാഹചര്യം വരാനിരിക്കുന്നുവെന്ന് ഇവര്‍ ചിന്തിക്കുന്നു. പുതിയ ലിങ്ക്ഡിന്‍ സര്‍വേ പറയുന്നു.

ലിങ്ക്ഡിന്നിന്റെ രണ്ടാമത്തെ വര്‍ക്‌ഫോഴ്‌സ് കോണ്‍ഫിഡന്‍് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത് ഭാവിയിലെ അവസരങ്ങളോടുള്ള പ്രൊഫഷണലുകളുടെ ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ടെന്നാണ്. നിരവധി കമ്പനികള്‍ ആളെ എടുക്കല്‍ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലവസരങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്.

മീഡിയ പ്രൊഫഷണലുകളില്‍ അഞ്ചില്‍ നാല് പേരും ചിന്തിക്കുന്നത് അടുത്ത ആറ് മാസത്തിനുള്ളില്‍ മോശം സാഹചര്യം വരുന്നുവെന്നാണ്. മാനുഫാക്ചറിംഗ് മേഖലയിലെ നാലിലൊന്ന് പേരും ഐടി രംഗത്തെ അഞ്ചിലൊന്ന് പ്രൊഷഷണലുകളും മോശം കാലം മുന്നില്‍ കാണുന്നു.

മൂന്നിലൊരാള്‍ക്ക് വരുമാനം കുറഞ്ഞു

മൂന്ന് ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് തങ്ങളുടെ വ്യക്തിഗതവരുമാനം കുറഞ്ഞിട്ടുണ്ട്. 45 ശതമാനത്തിലേറെ ജീവനക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടത്രെ. ഇത് വരും കാലങ്ങളില്‍ പണം ചെലവഴിക്കലിനെയും നിക്ഷേപത്തെയും ബാധിക്കും. അടുത്ത രണ്ട് ആഴ്ചകള്‍ കൊണ്ട് തൊഴിലവസരങ്ങള്‍ കുറയുമെന്ന് 48 ശതമാനം തൊഴിലന്വേഷകരും 43 ശതമാനം ഫുള്‍ടൈം പ്രൊഫഷണലുകളും വിശ്വസിക്കുന്നു.

എന്നാല്‍ ഹെല്‍ത്ത്‌കെയര്‍, എഡ്യുക്കേഷന്‍ പ്രൊഫഷണലുകളും മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, എക്കൗണ്ടിംഗ്, ഹ്യൂമന്‍ റിസോഴഅസ് തുടങ്ങിയ കോര്‍പ്പറേറ്റ് സര്‍വീസ് മേഖലകളിലുള്ള പ്രൊഫഷണലുകളും തങ്ങളുടെ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തിലാണ്. 52 ശതമാനം കോര്‍പ്പറേറ്റ് സര്‍വീസ് പ്രൊഫഷണലുകളും 50 ശതമാനം ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളും 33 ശതമാനം വിദ്യാഭ്യാസ മേഖലയിലുള്ള പ്രൊഫഷണലുകളും അടുത്ത ആറ് മാസത്തില്‍ തങ്ങളുടെ സ്ഥാപനം മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു.

പഠിക്കാന്‍ തുടങ്ങി

പ്രൊഫഷണലുകളുടെ ഇടയില്‍ ഓണ്‍ലൈന്‍ പഠനം കൂടിയതായി സര്‍വേയില്‍ പറയുന്നു. 67 ശതമാനം പേര്‍ ഓണ്‍ലൈന്‍ ലേണിംഗിന് ചെലവഴിക്കുന്ന സമയം കൂട്ടുമെന്ന് പറഞ്ഞു. രണ്ട് ആഴ്ച മുമ്പ് ഇത് 64 ശതമാനമായിരുന്നു. 37 ശതമാനം ഇന്ത്യന്‍ കമ്പനികള്‍ പ്രൊഫഷണലുകള്‍ക്ക് പഠിക്കാന്‍ ഓണ്‍ലൈന്‍ റിസോഴ്‌സുകള്‍ നല്‍കുന്നു. രണ്ടാഴ്ച മുമ്പ് ഇത് 31 ശതമാനമായിരുന്നു.

ഏപ്രില്‍ 1-7, ഏപ്രില്‍ 13-19 എന്നിങ്ങനെ രണ്ട് ആഴ്ചകളിലായി 2254 പേരിലാണ് ലിങ്ക്ഡിന്‍ സര്‍വേ നടത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it