ടെക്കികൾക്ക് നല്ല വാർത്ത: കമ്പനികൾ വൻ റിക്രൂട്ട്മെന്റ് യജ്ഞത്തിനൊരുങ്ങുന്നു 

ഒരിടവേളക്ക് ശേഷം ഐറ്റി കമ്പനികളിൽ പുതിയ തൊഴിൽ നിയമനങ്ങൾ സജീവമാകുന്നു. ഇന്ത്യൻ കമ്പനികളാണ് ഈ പോസിറ്റീവ് മാറ്റത്തെ നയിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ഒക്ടോബറിൽ തുടങ്ങുന്ന നിയമന നടപടികൾ മാർച്ച് 2019 വരെ തുടരുമെന്ന് എക്സ്‌പെരിസ് ഐറ്റി എംപ്ലോയ്‌മെന്റ് ഔട്ട്ലുക്ക് സർവേ പറയുന്നു.

മുന്നിൽ ആരൊക്കെ

എച്ച്.സി.എൽ ടെക്നോളജീസ്, ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ എന്നീ കമ്പനികൾ അവരുടെ റിക്രൂട്ട്മെന്റ് പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ 25000-30000 നിയമിക്കാനാണ് എച്ച്.സി.എൽ ടെക്നോളജീസ് ഉദ്ദേശിക്കുന്നത്. മുമ്പത്തേതിലും വ്യത്യസ്തമായി 'ഫുൾ സ്റ്റാക്ക്' എഞ്ചിനീയർമാരെ നിയമിക്കാനാണ് നീക്കം. ആദ്യം സ്പെഷ്യലൈസ്‌ഡ്‌ ഡെവലപ്പർമാരെയാണ് കൂടുതൽ നിയമിച്ചിരുന്നത്. പ്രൊഫഷണലുകൾ, ഫ്രഷേഴ്‌സ് എന്നിവരെയാണ് എച്ച്.സി.എൽ ലക്ഷ്യമിടുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 28,000 പേരെ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ടിസിഎസിനെ സംബന്ധിച്ചിടത്തോളം ഇത് മൂന്ന് വർഷത്തിലെ ഏറ്റവും വലിയ നിയമന പ്രവർത്തനമാണ്.

വിപ്രോ കഴിഞ്ഞ വർഷത്തേക്കാൾ 25-30 ശതമാനം അധികം ആളുകളെ നിയമിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവരുടെ ശമ്പളവും വിപ്രോ വര്‍ധിപ്പിച്ചിട്ടുണ്ട്. വാര്‍ഷിക ശമ്പളത്തില്‍ 30,000 രൂപയുടെ വര്‍ധനവാണ് വരുത്തിയത്.

2018 സാമ്പത്തിക വർഷം 3,800 ജീവനക്കാരെയാണ് ഇൻഫോസിസ് നിയമിച്ചത്. നടപ്പ് സാമ്പത്തിക വർഷവും ഇതേ നിരക്കിൽ നിയമനം തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കാമ്പസ് റിക്രൂട്ട്മെന്റ്

ഈ വർഷം ഏറ്റവുമധികം കാമ്പസ് റിക്രൂട്ട്മെന്റ് നടത്തിയത് ആക്സെൻച്വർ ആണെന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളർന്നുവരുന്ന കമ്പനികളായ മൈൻഡ്ട്രീ, സെൻസർ, ഹെക്‌സാവെയർ എന്നിവരും നിയമനങ്ങൾ നടത്താൻ തയ്യാറെടുക്കുകയാണ്.

ഐറ്റി രംഗത്തിലാകെ ജീവനക്കാരുടെ വേതനത്തിലും വർധനയുണ്ടായിട്ടുണ്ട്. കാമ്പസ് റിക്രൂട്ട്മെന്റിൽ ജോലി നേടിയവർക്ക് 15 ശതമാനം ശമ്പളവർധനയാണ് രേഖപ്പെടുത്തിയത്.

"ഐറ്റി രംഗത്ത് നിയമനങ്ങൾ കൂടി എന്നത് വളരെ പ്രകടമാണ്. സേവനങ്ങൾ കൂടുതൽ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിച്ചതും, ബിസിനസ് മോഡലുകൾ നവീകരിച്ചതും ആണ് ഈ മാറ്റത്തിന് കാരണം," റിക്രൂട്ട്മെന്റ് പോർട്ടൽ ആയ ടീം ലീസ് പറയുന്നു.

ഐറ്റി കമ്പനികൾ മാത്രമല്ല

ടെക്ക് കമ്പനികൾക്ക് പുറമെ മറ്റ് കമ്പനികളും ഐറ്റി പ്രൊഫെഷനലുകളെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ്. ഡിജിറ്റലിലേക്ക് മാറേണ്ടത് കമ്പനികളെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് അവർ വിദഗ്ധരെ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ചെറുതും വലുതുമായ കമ്പനികൾ ഉണ്ട്.

ആദിത്യ ബിർള ഗ്രൂപ്പ്, ആമസോൺ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി എന്നിവയാണ് ടെക്കികളെ നിയമിക്കുന്നതിൽ മുന്നിലുള്ള നോൺ-ഐറ്റി കമ്പനികൾ.

പല നോൺ-ഐറ്റി കമ്പനികളും ഇന്ത്യയിൽ ക്യാപ്റ്റീവ് സെന്ററുകൾ തുറക്കുന്നതാണ് ഐറ്റി പ്രൊഫഷണലുകൾക്ക് ഡിമാൻഡ് കൂടാൻ കാരണം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ സ്‌പെഷലൈസ് ചെയ്തവർക്ക് ജോലി സാധ്യത കൂടുതലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it