പുതിയ ഐടി റിക്രൂട്ട്‌മെന്റുകള്‍ക്ക് ഇനി ഏറെ കാത്തിരിക്കേണ്ടിവരും

അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ജോബ് ഓഫറുകള്‍ ലഭിച്ച ടെക് ബിരുദധാരികള്‍ക്ക് ജോലിക്ക് ചേരാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പല ഐടി കമ്പനികളും തങ്ങളുടെ പുതിയ റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുന്ന അവസരത്തിലാണിത്. ചില പ്രമുഖ ഐടി കമ്പനികള്‍ തങ്ങള്‍ നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് അനിശ്ചിതമായി വൈകാനാണ് സാധ്യത.

നാസ്‌കോമിന്റെ കണക്കനുസരിച്ച് ഐടി ഇന്‍ഡസ്ട്രി 2020 സാമ്പത്തികവര്‍ഷത്തില്‍ 2,05,000 പേരെയാണ് ജോലിക്കെടുത്തത്. മൊത്തം നാലര മില്യണ്‍ പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. റ്റിസിഎസ് മാത്രം 30,000 പുതിയ ബിരുദധാരികളെയാണ് 2020 സാമ്പത്തികവര്‍ഷം ജോലിക്കെടുത്തത്. 2021 സാമ്പത്തികവര്‍ഷം ഈ എണ്ണം 39,000 ആക്കി വര്‍ധിപ്പിക്കുമെന്നാണ് റ്റിസിഎസ് പറഞ്ഞത്. ഇന്‍ഫോസിസ് 18,000 ജോലി വാഗ്ദാനങ്ങളാണ് 2021 സാമ്പത്തികവര്‍ഷം നല്‍കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് 15,000ത്തോളം പേരെയും. എന്നാല്‍ കമ്പനികള്‍ ഈ ജോബ് ഓഫറുകളെല്ലാം പ്രഖ്യാപിച്ചത് വൈറസ് ഭീഷണിക്ക് മുമ്പുള്ള മൂന്നാമത്തെ പാദത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ പാടെ മാറിയിരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇന്‍ക്രിമെന്റുകളും ലാറ്ററലായി ജോലിക്കെടുക്കലും മരവിപ്പിച്ചിരിക്കുകയാണ്. പുതിയ ബിരുദധാരികളെ ജോലിക്ക് എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനായി ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചനകള്‍. ട്രെയ്‌നി റിക്രൂട്ട്‌മെന്റുകളും കാംപസ് റിക്രൂട്ട്‌മെന്റുകളുമായി 30,000ത്തോളം ഓഫറുകളാണ് റ്റിസിഎസിന്റേതായുള്ളത്.

ഇന്‍ഫോസിസ് ആകട്ടെ താല്‍ക്കാലികമായി പുതിയ റിക്രൂട്ട്‌മെന്റുകള്‍, പ്രമോഷനുകള്‍, അപ്രൈസല്‍ എന്നിവ മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ ജോലി വാഗ്ദാന്ങ്ങള്‍ പാലിക്കുമെന്നാണ് കമ്പനി പറയുന്നത്.

പഴയ ചരിത്രം ആവര്‍ത്തിക്കുമോ?

''ഇടത്തരം കമ്പനികളില്‍ കൂടുതലും സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് റിക്രൂട്ട്മെന്റ് നടത്തിയിരുന്നില്ലെങ്കിലും ഈ വര്‍ഷം വന്‍കിട കമ്പനികള്‍ മികച്ച രീതിയില്‍ തന്നെ ടോപ്പ് കോളെജുകളില്‍ കാംപസ് പ്ലേസ്മെന്റ് നടത്തിയിരുന്നു. പ്രത്യേകിച്ച് ഐറ്റി കമ്പനികള്‍. എന്നാല്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ കൊടുത്ത ഓഫറുകള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. 2010 പോലെ സംഭവിക്കാതിരിക്കട്ടെയെന്നാണ് ഞങ്ങള്‍ ആശിക്കുന്നത്. ഇന്ന് ഓഫര്‍ ലെറ്റര്‍ വരെ കൊടുത്തിട്ട് ഇന്‍ഫോസിസ് ഒഴിച്ച് ബാക്കിയെല്ലാ സ്ഥാപനങ്ങളും പിന്നോട്ടുപോയി. ഇന്‍ഫോസിസ് തന്നെ 2-3 വര്‍ഷം കഴിഞ്ഞാണ് ജോലിക്ക് വിളിക്കുന്നത്.'' പ്ലേസ്മെന്റ് ഓഫീസേഴ്സ് കണ്‍സോര്‍ഷ്യം - കേരളയുടെ ചെയര്‍മാന്‍ ബ്രിജേഷ് ജോര്‍ജ് ജോണ്‍ പറയുന്നു.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഐഐറ്റി ഡല്‍ഹിയുടെ ഡയറക്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത ജോലി വാഗ്ദാനത്തില്‍ നിന്ന് കമ്പനികള്‍ പിന്നോട്ടുപോകരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഐഐറ്റി ഡല്‍ഹിയിലെ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍ പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മറ്റു കമ്പനികളുടെ പ്ലേസ്‌മെന്റിന് ഇരിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ വാഗ്ദാനം കൊടുത്ത കമ്പനി പിന്നോട്ടുപോയാല്‍ അവര്‍ക്ക് അവസരം നഷ്ടമാകും എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കാംപസുകളിലെ ഏറ്റവും വലിയ റിക്രൂട്ടറാണ് ഐടി കമ്പനികള്‍. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓപ്പറേഷണല്‍ ചെലവുകളുടെ 55-60 ശതമാനവും വരുന്നത് വേതനം നല്‍കാനാണ്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഐടി കമ്പനികള്‍ പുതിയ ബിരുദധാരികളെ കൂടുതലായി നിയമിക്കുന്നതിന്റെ പിന്നില്‍. അനുഭവസമ്പത്തുള്ള പ്രൊഫഷണലുകളെ അപേക്ഷിച്ച് ഇവര്‍ക്ക് വേതനം കുറച്ച് കൊടുത്താല്‍ മതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it