ഭക്ഷ്യ വിതരണ ബിസിനസില്‍ ജെഫ് ബെസോസിനു തുണ എന്‍.ആര്‍.നാരായണ മൂര്‍ത്തി

ഇന്ത്യയില്‍ ഭക്ഷ്യ വിതരണ ബിസിനസ്സ് ആരംഭിക്കാന്‍ ജെഫ് ബെസോസിന്റെ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഒരുങ്ങുന്നത് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ കാറ്റമരന്‍ വെന്‍ചേഴ്‌സുമായി കൈകോര്‍ത്ത്. അടുത്ത മാസം ബെംഗളൂരുവില്‍ നിന്ന് ആമസോണ്‍ പ്രൈം നൗ അല്ലെങ്കില്‍ ആമസോണ്‍ ഫ്രഷ് പ്ലാറ്റ്ഫോമില്‍ തുടക്കമിടുന്ന പുതിയ ഉദ്യമം സോമാറ്റോയ്ക്കും സ്വിഗ്ഗിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

കാറ്റമരന്‍ വെന്‍ചേഴ്‌സും ആമസോണ്‍ ഇന്ത്യയും ചേര്‍ന്നു രൂപം നല്‍കിയ സംയുക്ത സംരംഭമായ പ്രിയോണ്‍ ബിസിനസ് സര്‍വീസസ് ആമസോണിന്റെ ഭക്ഷ്യ വിതരണ ബിസിനസ് ശൃഖലയിലേക്കു ലിസ്റ്റ് ചെയ്യുന്നതിന് നിരവധി ബ്രാന്‍ഡുകളുമായി കരാറുകളില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ സര്‍വീസ് പരീക്ഷിച്ചുതുടങ്ങി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അടുത്ത മാസത്തോടെ വ്യാപിപ്പിക്കാനാണ് നീക്കം.

സോമാറ്റോയും സ്വിഗ്ഗിയും കിഴിവുകള്‍ വെട്ടിക്കുറച്ച സമയത്താണ് ഭക്ഷ്യ വിതരണ ബിസിനസില്‍ ആമസോണിന്റെ പ്രവേശനം.10 വര്‍ഷം മുമ്പു സ്ഥാപിതമായ സോമാറ്റോ ജനുവരിയില്‍ ഏകദേശം 180 ദശലക്ഷം ഡോളറിനാണ് ഇന്ത്യയില്‍ ഊബെറിന്റെ ഭക്ഷ്യ വിതരണ ബിസിനസ്സ് സ്വന്തമാക്കിയത്. ഒരു ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന കമ്പനി പരിപാടിയില്‍ ബെസോസ് സദസ്സിനോട് പറഞ്ഞിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it