സാമ്പത്തിക ഫലം പറയാതെ ജെറ്റ്, ആസ്തി ക്ഷയിച്ചെന്ന് ഓഡിറ്റർ; സെബി അന്വേഷണത്തിന്

ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നത് മറ്റൊരു തീയതിയിലേക്ക് മാറ്റിയതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് വിമാനക്കമ്പനി

ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നത് ജെറ്റ് എയർവേയ്സ് മറ്റൊരു തീയതിയിലേക്ക് മാറ്റി. പറഞ്ഞ ദിവസം ഫലം പുറത്തു വിടാതിരുന്നത് സംശയ ദൃഷ്ടിയോടെയാണ് മാർക്കറ്റുകൾ വീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് വിപണി നിയന്ത്രണ ഏജൻസി (സെബി) അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് മുൻപേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ജെറ്റ് എയർവേയ്സ് അത് അപ്പാടെ നിഷേധിക്കുകയാണ് ഉണ്ടായത്.

വ്യാഴാഴ്ച ഫലം പ്രസിദ്ധീകരിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഓഡിറ്റ് കമ്മിറ്റിയുടെ അംഗീകാരം കിട്ടാത്തതിനാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിനു സാമ്പത്തിക ഫലം വിശകലനം ചെയ്യാനായില്ലെന്നും പ്രഖ്യാപനം മാറ്റിവയ്ക്കുകയാണെന്നും വെകിട്ടോടെ ജെറ്റ് എയർവേയ്സ് ബിഎസ്ഇയെ അറിയിച്ചു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഇതു സംബന്ധിച്ചു കമ്പനിയോടു വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, ഓഡിറ്റർമാരായ ബിഎസ്ആർ, കെപിഎംജി എന്നിവർ ഓഡിറ്റർ സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കമ്പനി ആസ്തി ക്ഷയം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here