5ജി നീക്കം അതിവേഗം; സ്പെക്ട്രത്തിന് അപേക്ഷ സമര്‍പ്പിച്ച് ജിയോ

ഇന്ത്യയില്‍ 5ജി സാങ്കേതിക വിദ്യ വൈകാതെ ലഭ്യമാക്കുമെന്ന് റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ പിന്നാലെ ചടുല നടപടികള്‍ മുന്നോട്ട്. പ്രഖ്യാപനം നടത്തി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും റിലയന്‍സ് ജിയോ 5ജി സ്പെക്ട്രത്തിനു വേണ്ടി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചു.
രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ പരീക്ഷണം നടത്താനാണ് നീക്കം. പദ്ധതി വിജയിച്ചാല്‍ 5ജി സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാകും ഇന്ത്യ. മറ്റ് രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യ കൈമാറാനും റിലയന്‍സ് ജിയോയ്ക്ക് അവസരം ലഭിക്കും.
നിരവധി വിദഗ്ധരുടെ മൂന്നു വര്‍ഷത്തോളം നീണ്ട പരിശ്രമമാണ് വിജയത്തിലെത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.സ്പെക്ട്രം ലഭിച്ചാലുടനെ ട്രയല്‍ തുടങ്ങാന്‍ കഴിയുമെന്നും ടെലികോം വകുപ്പിനെ ജിയോ ബോധ്യപ്പെടുത്തി.
സ്പെക്ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' അടിത്തറയില്‍ 5ജി സാങ്കേതികവിദ്യ വിന്യസിക്കാനും സമാരംഭിക്കാനും കഴിയുമെന്നാണ് ആര്‍ഐഎല്ലിന്റെ വാര്‍ഷിക പൊതുയോഗത്തെ അംബാനി അറിയിച്ചത്. ആഗോള ടെലികോം ഭീമന്മാരായ ഹുവായ്, ഇസെഡ്ടിഇ, എറിക്സണ്, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയില്‍ ജിയോക്ക് മത്സരിക്കേണ്ടിവരിക.സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാകും കമ്പനി ഇതിനായി ഉപയോഗിക്കുന്നത്.
രാജ്യത്ത് ട്രയല്‍ നടത്തിയാല്‍ പിന്നാലെ സാങ്കേതിക വിദ്യ വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കാനാകുമെന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്.ഇന്ത്യയില്‍ വന്‍ പ്രതീക്ഷയോടെ കരുനീക്കങ്ങള്‍ നടത്തിയ ചൈനീസ് കമ്പനിയായ വാവേയെ ജിയോ തുരത്തുമെന്നു വ്യക്തമായിക്കഴിഞ്ഞു.5ജി സാങ്കേതിക വിദ്യയില്‍ ബഹുദൂരം മുന്നോട്ടു പോയ വാവേക്ക് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ വിവധ രാജ്യങ്ങളില്‍ തിരിച്ചടിയാണുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline