ബിസിനസ് നന്നായില്ലെങ്കില്‍ ഐ.ടി മേഖലയില്‍ പിരിച്ചു വിടല്‍ വരുമെന്ന് നാസ്‌കോം
കോവിഡ് വ്യാപനം നിയന്ത്രിച്ച് അടുത്ത 6-10 മാസത്തിനുള്ളില്‍ ബിസിനസ്സ് വീണ്ടെടുക്കാനായില്ലെങ്കില്‍ വന്‍ തോതിലുള്ള തൊഴില്‍ വെട്ടിക്കുറവ്
ഇന്ത്യന്‍ ഐടി സേവന മേഖലയിലുണ്ടാകുമെന്ന് രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് വ്യവസായ കൂട്ടായ്മയായ നാസ്‌കോം. നിലനില്‍പ്പിനു വേണ്ടിയുള്ള 'അവസാന ഓപ്ഷനായി' കമ്പനികള്‍ ഈ വഴി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായേക്കുമെന്ന് നാസ്‌കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷ് പറഞ്ഞു.
അടുത്ത മൂന്ന് പാദങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നില്ലെങ്കില്‍ ചെലവ് ചുരുക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍
കമ്പനികള്‍ക്കാകില്ല. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചെലവ് യുക്തിസഹമാക്കേണ്ടിവരും. പിരിച്ചുവിടലുകള്‍ക്കുള്ള സാഹചര്യവും വരാം.അത് എത്രത്തോളം വരുമെന്ന് തനിക്കറിയില്ല. കമ്പനികളുടെ നിലനില്‍പ്പിനും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കാനും അത് അനിവാര്യമാകും - ഘോഷ് അറിയിച്ചു.
കോവിഡ് -19 നിയന്ത്രണ നടപടികളുടെ ഭാഗമായി നിരവധി ക്ലയന്റുകള്‍ ആഗോളതലത്തില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതിനാല്‍ ഐടി വ്യവസായം ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യാത്ര, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, റീട്ടെയില്‍, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ് മേഖലകളിലെ സംരംഭങ്ങള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏറ്റവും വലിയ ക്‌ളേശത്തിലാണ്.ഇതുമൂലം ഔട്ട്സോഴ്സിംഗ് പ്രോജക്റ്റുകള്‍ വന്‍ തോതില്‍ റദ്ദായി. പുതിയ പ്രോജക്റ്റുകള്‍ പുതുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നു.
അതേസമയം, ഈ പ്രയാസങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഐടി വ്യവസായം ജോലി വെട്ടിക്കുറച്ചില്ല.പകരമായി ചെലവ് കുറയ്ക്കുന്നതിലാണ് നിലവില്‍ ശ്രദ്ധിക്കുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ വന്‍കിട കമ്പനികള്‍ 2020 ല്‍ കുറഞ്ഞ തോതിലാണെങ്കിലും കോളേജ് കാമ്പസുകളില്‍ നിന്ന് നിയമനം തുടരുമെന്ന് പറഞ്ഞിട്ടുണ്ട്.
'കഴിവാണ് ഐടി ബിസിനസില്‍ ഏറ്റവും പ്രധാനം. അതിനാല്‍, ഏതൊരു കമ്പനിക്കും എടുക്കാവുന്ന ഏറ്റവും കഠിനമായ തീരുമാനമാണ് പ്രതിഭകളെ വിട്ടയക്കുകയെന്നത്. ഞങ്ങളുടെ ആളുകളെ നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.' പിരിച്ചുവിടല്‍ പരമാവധി ഒഴിവാക്കാന്‍ ശമ്പളം കുറയ്ക്കുക ഉള്‍പ്പെടെ പല തരം നിര്‍ദ്ദേശങ്ങളാണ് കമ്പനികള്‍ പരിഗണിക്കുകയെന്ന് ഘോഷ് പറഞ്ഞു.
മിക്ക ഐടി കമ്പനികളിലും ഇപ്പോള്‍ 90 ശതമാനത്തിലധികം ജീവനക്കാരും 'വര്‍ക്ക് ഫ്രം ഹോം' ശൈലിയില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും, കുറച്ചുകാലം ഈ മോഡല്‍ തുടരാനാണു സാധ്യതയെന്ന് നാസ്‌കോം വിലയിരുത്തുന്നു. മെയ് അവസാനത്തോടെ 10 ശതമാനം ജീവനക്കാര്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ 5 ശതമാനമേ ഉള്ളൂ. ഇത് ജൂണില്‍ 15 ശതമാനമായി ഉയര്‍ത്തും.
എന്നിരുന്നാലും 'ഡബ്ല്യുഎഫ്എച്ച്'നെ പുതിയ ഓപ്പറേറ്റിംഗ് മോഡലായി കാണാനാകില്ലെന്ന് നാസ്‌കോം പ്രസിഡന്റ് പറഞ്ഞു, 'ഭാവിയില്‍ ഡബ്ല്യുഎഫ്എച്ച് മാത്രം ആകില്ല. വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്ന മിശ്രിത മോഡലായിരിക്കും വലിയ കമ്പനികള്‍ സ്വീകരിക്കുക. ഡബ്ല്യു.എഫ്.എച്ചിനെ സംബന്ധിച്ച് കാല്‍പ്പനിക ആശയങ്ങള്‍ സുലഭമാണെങ്കിലും ഈ മോഡല്‍ പൂര്‍ണ്ണതയിലെത്തിക്കുന്നതിന് നിരവധി പ്രശ്നങ്ങള്‍ തടസമായുണ്ടെന്ന് ഘോഷ് കരുതുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline