കൊറോണ രണ്ടര കോടി ജോലികള്‍ ഇല്ലാതാക്കിയേക്കും, ഐഎല്‍ഒയുടെ റിപ്പോര്‍ട്ട്

കൊറോണവൈറസ് ഒരു ആഗോളപ്രതിസന്ധിക്ക് കാരണമായേക്കാമെന്നും അതുവഴി രണ്ടര കോടി പേര്‍ക്ക് വരെ ജോലി നഷ്ടപ്പെട്ടേക്കാമെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ). എന്നാല്‍ 2008-09ലെ ആഗോളസാമ്പത്തിക പ്രതിസന്ധി സമയത്ത് സംഭവിച്ചതുപോലെ രാജ്യാന്തരതലത്തില്‍ ഏകോപിച്ചുള്ള നയപരമായ പ്രതികരണം ഉണ്ടാകുകയാണെങ്കില്‍ തൊഴിലില്ലായ്മയുടെ ആഘാതം കുറയ്ക്കാനായേക്കുമെന്ന് ഐഎല്‍ഒ കൂട്ടിച്ചേര്‍ക്കുന്നു.

സാമ്പത്തികവ്യവസ്ഥ ഉത്തേജിപ്പിക്കാനും ജോലിയും വരുമാനവും സംരക്ഷിക്കാനുമുള്ള അടിയന്തരവും ഊര്‍ജ്ജിതവുമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ഐഎല്‍ഒ ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ആദ്യഘട്ടത്തില്‍ അവര്‍ക്ക് ജോലി നഷ്ടപ്പെടുമെങ്കിലും പിന്നീടത് എല്ലാ മേഖലകളിലുള്ള ജീവനക്കാരെയും ബാധിക്കാം. ട്രാവല്‍ & ടൂറിസം മുതല്‍ റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ജോലികള്‍ ഇപ്പോള്‍ത്തന്നെ ഭീഷണി നേരിടുകയാണ്. ''ഒരു മാസമായി ഒരു എന്‍ക്വയറി പോലും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വിളിക്കുന്നവരൊക്കെ തങ്ങളുടെ യാത്രകള്‍ റദ്ദാക്കാന്‍ വിളിക്കുന്നതാണ്. ഓഫീസില്‍ രണ്ടുപേരെ മാത്രം ഇരുത്തി ബാക്കിയുള്ളവരോട് മാസം വീട്ടിലിരിക്കാന്‍ പറഞ്ഞു. എന്നാലും അവര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കാനാകില്ലല്ലോ. എങ്ങനെ മുന്നോട്ട് പോകണം എന്നറിയാത്ത അവസ്ഥയാണ്.'' കൊച്ചിയില്‍ ട്രാവല്‍ കമ്പനി നടത്തുന്ന സംരംഭകന്‍ പറയുന്നു.

ഈ വര്‍ഷത്തെ ആദ്യരണ്ട് മാസങ്ങളില്‍ മാത്രം ചൈനയില്‍ ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കാണ്. ഫെബ്രുവരിയില്‍ ഇവിടത്തെ നഗരങ്ങളിലെ തൊഴിലില്ലായ്മ റെക്കോര്‍ഡ് നിരക്കിലെത്തി. പകുതിയിലേറെ അമേരിക്കക്കാരുടെ ജോലി നഷ്ടപ്പെട്ടേക്കാനുള്ള സാധ്യതകളുണ്ടെന്ന് മൂഡീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മാര്‍ച്ച് 2009ല്‍ എട്ട് ലക്ഷം ജോലികളായിരുന്നു യു.എസില്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഇതിലും ഗുരുതരമാണെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it