കെ. ഹരികുമാര്‍ The Turnaround Man

നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി മുന്നോട്ടു പോകാന്‍ ഒരു വഴിയും കാണാതെ നിന്ന കാല്‍ ഡസനിലേറെ പൊതുമേഖലാ കമ്പനികളെയാണ് കെ. ഹരികുമാര്‍ ലാഭപാതയിലേക്ക് തിരികെ നടത്തിയത്

കാലങ്ങള്‍ക്കു ശേഷം എടയാര്‍ ഉദ്യോഗമണ്ഡല്‍ മേഖലയിലെ ഒരു കമ്പനിയില്‍ വിപുലീകരണ പ്രവര്‍ത്തനം നടക്കുകയാണ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍. 60 കോടി രൂപ ചെലവിട്ടുള്ള വികസന പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്ന ടി സി സി യുടെ സ്ഥിതി 2016ല്‍ അതിദയനീയമായിരുന്നു. കടം കയറി മുന്നോട്ടു പോകാന്‍ വഴിയില്ലാത്ത അവസ്ഥ. ഈ ഘട്ടത്തിലാണ് കെ. ഹരികുമാര്‍ മാനേജിംഗ് ഡയറക്റ്ററായി ചുമതലയേല്‍ക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷാവസാനം ടി സി സി യുടെ ബാലന്‍സ് ഷീറ്റിലെ ലാഭ കണക്കില്‍ എഴുതി ചേര്‍ക്കപ്പെട്ട സംഖ്യ 32 കോടി! 2019 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ അത് 39 കോടിയായി. ഒപ്പം സ്വന്തം നിലയില്‍ കണ്ടെത്തുന്ന ഫണ്ട് വിനിയോഗിച്ച് വികസന പദ്ധതി സമയബന്ധിതമായി മുന്നോട്ടു പോകുകയും ചെയ്യുന്നു.

അടുത്തിടെ ഹരികുമാറിന് മലബാര്‍ സിമന്റ്‌സിന്റെ അധിക ചാര്‍ജ് കൂടി നല്‍കി. അഞ്ചുമാസം മുമ്പ് ഹരികുമാര്‍ അവിടെ എത്തുമ്പോള്‍ നഷ്ടം 19 കോടി
യായിരുന്നു. ജൂലൈ ആയപ്പോള്‍ 60 ലക്ഷം രൂപ ലാഭത്തിലെത്തി.

ഹരികുമാറിന്റെ കരിയറില്‍ നഷ്ട കമ്പനികളെ കൈ പിടിച്ചുയര്‍ത്തല്‍ പുതിയ കാര്യമല്ല. ഇന്ത്യയില്‍ മൂന്നിടങ്ങളില്‍ ഫാക്ടറികളുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡിനെ (എച്ച് ഐ എല്‍ ) ടേണ്‍എറൗണ്ട് ചെയ്ത് ഒരു ദശാബ്ദത്തോളം തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രസ്ഥാനമാക്കി നിലനിര്‍ത്തിയ പ്രവര്‍ത്തന ചരിത്രമുണ്ട് ഹരികുമാറിന്. പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ് രംഗത്ത് ഔട്ട് സ്റ്റാന്‍ഡിംഗ് പ്രകടനം കാഴ്ചവെച്ചതിന് പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് ഹരികുമാറിനെ അര്‍ഹനാക്കിയത് ഈ ടേണ്‍എറൗണ്ട് സ്റ്റോറിയാണ്.

അതിനിടെ ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ റീ സ്ട്രക്ചറിംഗ് പ്ലാനിനും ഹരികുമാര്‍ നേതൃത്വം നല്‍കി.

”കമ്പനികളെ ലാഭത്തിലാക്കുന്നതിന് പിന്നില്‍ റോക്കറ്റ് സയന്‍സ് ഒന്നുമില്ല. ചില സിംപിള്‍ ലോജിക്കു മാത്രം.” ഹരികുമാര്‍ വിവരിക്കുന്നു.

എന്താണ് ടിസിസിയില്‍ ചെയ്തത്?

എച്ച് ഐ എല്ലില്‍ നിന്നാണ് ഇവിടേക്ക് വന്നത്. എവിടെയും ഞാന്‍ നോക്കുന്നത് അവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ് എന്നതാണ്. പ്രശ്‌നം മനസിലാക്കിയാല്‍ അതിനുള്ള രണ്ടോ മൂന്നോ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തും. കേന്ദ്ര, സംസ്ഥാന തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു യൂണിറ്റിന്റെ കാര്യം മാത്രം പരിഗണിച്ചാല്‍ പോരല്ലോ. അവര്‍ക്ക് എല്ലാ വിഷയങ്ങളിലേക്കും സൂക്ഷ്മമായി കടന്നുചെല്ലാനും സാധിക്കണമെന്നില്ല. ഒരു പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് കാണും. ഇവരുടെയെല്ലാം താല്‍പ്പര്യങ്ങളെ മാനിക്കുന്ന, സ്ഥാപനത്തെ നേര്‍ദിശയിലേക്ക് എത്തിക്കുന്ന പ്ലാന്‍ അവതരിപ്പിച്ച് അത് നടപ്പാക്കുകയാണ് എന്റെ ശൈലി.

എങ്ങനെയാണ് എല്ലാവരെയും വിശ്വാസത്തിലെടുത്ത് കമ്പനിയില്‍ മാറ്റം കൊണ്ടുവരുന്നത്?

ഇന്ത്യന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രിയില്‍ 35 വര്‍ഷത്തിലേറെ അനുഭവസമ്പത്തുണ്ട് എനിക്ക്. ഒരു യൂണിറ്റിലെത്തിയാല്‍ അവിടെ എന്താണ് പ്രശ്‌നമെന്ന് നമുക്ക് കണ്ടെത്താനാകും, വിദഗ്ധനായ ഒരു ഡോക്ടര്‍ രോഗം തിരിച്ചറിയില്ലേ അതുപോലെ. പ്രശ്‌നം എന്താണെന്ന് മനസിലായാല്‍ നമുക്കതിന്റെ പരിഹാരം കണ്ടെത്താനാകും.

ഒരു പ്രസ്ഥാനവും നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല അവിടത്തെ ജീവനക്കാര്‍. ആ സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് പിടിച്ചുയര്‍ത്തലാണ് നമ്മുടെ ലക്ഷ്യം. അതിനപ്പുറം ഒളിഞ്ഞിരിക്കുന്ന മറ്റ് താല്‍പ്പര്യങ്ങളൊന്നുമില്ലെന്ന് ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ സര്‍വാത്മനാ നമുക്കൊപ്പം നില്‍ക്കും.

സാരഥ്യത്തിലിരിക്കുന്നവരുടെ പ്രവര്‍ത്തനം എല്ലായ്‌പ്പോഴും സുതാര്യമായിരിക്കണം. സ്ഥാപനത്തിന്റെ വിശാലമായ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമായിരിക്കണം നമ്മുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും.

ഒരു സ്ഥാപനത്തില്‍ ഒട്ടനവധി തലത്തിലുള്ളവരുണ്ടാകും. ഇവര്‍ക്കെല്ലാം ഒരുപോലെ നീതിയുക്തമായ തീരുമാനങ്ങളാകണം നമ്മളില്‍ നിന്നുണ്ടാകേണ്ടത്. നമുക്ക് നല്ല ലക്ഷ്യമാണെന്ന് ടീമിന് ബോധ്യപ്പെട്ടാല്‍ ആത്മാര്‍പ്പണത്തോടെ അവര്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.

അതുപോലെ തന്നെ, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിനോട് ബന്ധപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും പണം നല്‍കാനുണ്ടാകും. ആ പണം നല്‍കാന്‍ താല്‍പ്പര്യമില്ലാഞ്ഞിട്ടല്ല, ഇല്ലാത്തതുകൊണ്ടാണ് കൊടുക്കാത്തത്. അവര്‍ക്ക് പണം തിരികെ കിട്ടാനുള്ള വഴിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരും കൂടെ നില്‍ക്കും. ഇത്തരത്തില്‍ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുത്ത് അവരെ കൂടെ നിര്‍ത്തി മുന്നോട്ടുപോയാല്‍ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ കരകയറ്റാന്‍ സാധിക്കും.

ടിസിസിയില്‍ നടക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ടിസിസി. ഞങ്ങളുടെ ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനത്തിലേറെ ഈ വിഭാഗത്തിലാണ് വരുന്നത്. നഷ്ടത്തിലായ ഒരു സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ചെയ്യണം. ഒന്ന് പ്രവര്‍ത്തന ചെലവ് ചുരുക്കണം. രണ്ടാമതായി ഉല്‍പ്പാദനം കൂട്ടണം. മൂന്നാമതായി വിപണി വിപുലീകരിക്കണം… അങ്ങനെ കുറേ കാര്യങ്ങള്‍. എങ്ങനെ നോക്കിയാലും ചില ഫിക്‌സഡ് കോസ്റ്റുകള്‍ കുറയില്ല. അപ്പോള്‍ സ്വാഭാവികമായും ഉല്‍പ്പാദനം കൂട്ടണം. നിലവില്‍ 104 – 105 ശതമാനമാണ് ടിസിസിയുടെ ശേഷി ഉപഭോഗം. അതായത് നിലവിലുള്ള സംവിധാനത്തില്‍ നിന്ന് ഇനി ഉല്‍പ്പാദനം പരിധിവിട്ട് കൂട്ടാനാവില്ല. അതുകൊണ്ടാണ് 60 കോടി രൂപയിലേറെ ചെലവിട്ട് വിപുലീകരണ പ്രവര്‍ത്തനം നടത്തുന്നത്.

നിലവില്‍ പ്രതിദിനം 175 ടണ്‍ കാസ്റ്റിക് സോഡയാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 250ടിപിഡി (ടണ്‍സ് പെര്‍ ഡെ) പിന്നീടത് 350 ടിപിഡിയുമാക്കുകയാണ് ലക്ഷ്യം. ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റുമടക്കമുള്ള 2-3 വിപുലീകരണ പദ്ധതികളാണുള്ളത്. ആദ്യഘട്ട വിപുലീകരണ പ്രവര്‍ത്തനം 2020 ജൂലൈയോടെ പൂര്‍ത്തിയാക്കും. വിപുലീകരണത്തിനുള്ള ഫണ്ട് ടിസിസി സ്വയം കണ്ടെത്തുന്നതാണ്.

മലബാര്‍ സിമന്റ്‌സില്‍ എങ്ങനെയാണ് ലാഭമുണ്ടാക്കിയത്?

യൂണിറ്റിന്റെ ഉല്‍പ്പാദനക്ഷമത കൃത്യമായി ഉപയോഗപ്പെടുത്തി. ഉല്‍പ്പാദനം കൂട്ടി. സിമന്റ് വിപണനത്തിലെ പ്രധാന ചെലവുകളിലൊന്ന് ലോജിസ്റ്റിക്‌സ് കോസ്റ്റാണ്. പാലക്കാടും പരിസര പ്രദേശങ്ങളിലും വില്‍പ്പന കൂട്ടി. കുറഞ്ഞ കടത്തുകൂലിയില്‍ കൂടിയ വില്‍പ്പന നേടാന്‍ സാധിച്ചതോടെ ലാഭം നേടാന്‍ സാധിച്ചു. പായ്ക്കിംഗ് പരിഷ്‌കരിച്ചു. വിപണിയില്‍ മത്സരാധിഷ്ഠിതമായ വിലയില്‍ ഉല്‍പ്പന്നം അവതരിപ്പിച്ചു. പാലക്കാട് മേഖലയില്‍ വോള്‍വോ ബസ് ബ്രാന്‍ഡിംഗ് നടത്തി ബ്രാന്‍ഡിനെ ജനങ്ങളുടെ ശ്രദ്ധയില്‍ വീണ്ടും പ്രതിഷ്ഠിച്ചു. പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here