കണ്ണൂരിന്റെ വികസനക്കുതിപ്പിന് ചിറക് നല്‍കി  ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ലിയൊരു വികസനക്കുതിപ്പിലേക്ക് പറന്നുയരുകയാണ് കണ്ണൂര്‍ ഉള്‍പ്പടെയുള്ള നോര്‍ത്ത് മലബാര്‍ മേഖല. അതിന് ശക്തമായ കരുത്ത് പകരുകയാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

ടൂറിസം, കയറ്റുമതി, ഐ.റ്റി തുടങ്ങിയ വ്യവസായ വാണിജ്യ മേഖലകളുടെ വന്‍ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് മാത്രമല്ല വിദേശ മലയാളികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിലും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍ണായകമായൊരു പങ്ക് വഹിക്കും.

യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ള നൂതന സംവിധാനങ്ങള്‍, ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കേരളത്തിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടായി മാറുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി എയര്‍പോര്‍ട്ടിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമൂഹിക സാമ്പത്തിക മേഖലകളില്‍ അതുണ്ടാക്കാനിടയുള്ള പരിവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) മാനേജിംഗ് ഡയറക്ടറായ വി. തുളസീദാസ്.

അദ്ദേഹവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

Q: ഡിസംബര്‍ ഒന്‍പതിനാണല്ലോ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് ഇപ്പോള്‍ അവിടെ സജ്ജമാക്കിയിട്ടുള്ളത്?

ഒരു എയര്‍പോര്‍ട്ടിന്റെ തുടക്കത്തില്‍ ആവശ്യമായിട്ടുള്ള റണ്‍വേ, വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഉപയോഗിക്കുന്നതിനുമുള്ള ഏപ്രണ്‍, ടെര്‍മിനല്‍ ബില്‍ഡിംഗ്്, ടാക്‌സി ട്രാക്ക്, ലൈറ്റിംഗ് സംവിധാനം എന്നിവയെല്ലാം സജ്ജമായിക്കഴിഞ്ഞു. ടെര്‍മിനല്‍ ബില്‍ഡിംഗിലേക്ക് എത്തിച്ചേരാനുള്ള റോഡുകള്‍, കാര്‍ പാര്‍ക്കിംഗ് സൗകര്യം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയും കാംപസിനുള്ളില്‍ തയ്യാറായിട്ടുണ്ട്.

പല തരത്തിലുള്ള നാവിഗേഷണല്‍ എയ്ഡ്‌സ് റെഡിയായിട്ടുണ്ട്.

കൂടാതെ ഡി.ജി.സി.എയില്‍ നിന്നും എയര്‍പോര്‍ട്ടിന് ലൈസന്‍സും ലഭിച്ചുകഴിഞ്ഞു. അതിനാല്‍ കണ്ണൂരില്‍ നിന്നും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങാന്‍ വേണ്ട എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്.

Q: യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ ബില്‍ഡിംഗിനകത്ത് എന്തൊക്കെ സൗകര്യങ്ങളാണ് കിയാല്‍ ഒരുക്കിയിട്ടുള്ളത്?

24 ചെക്ക് ഇന്‍ കൗണ്ടറുകള്‍, ബാഗേജ് സ്‌ക്രീനിംഗ് സൗകര്യങ്ങള്‍, സെക്യൂരിറ്റി ചെക്കിംഗിനാവശ്യമായ സംവിധാനങ്ങള്‍, 16 കസ്റ്റംസ് കൗണ്ടറുകള്‍, 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 4 ഇ-വീസ കൗണ്ടറുകള്‍ എന്നിവയൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാസഞ്ചേഴ്‌സിന് ആവശ്യമായ ഫുഡ് & ബിവറേജ് ഷോപ്പുകള്‍, റീറ്റെയ്ല്‍ ഷോപ്പുകള്‍, ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍ എന്നിവയില്‍ ഡ്യൂട്ടിഫ്രീ ഒഴികെ മറ്റുള്ളവയെല്ലാം തയ്യാറായിക്കഴിഞ്ഞു.

Q: കേരളത്തിലെ നിലവിലുള്ള മറ്റ് എയര്‍പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനുള്ള സവിശേഷതകള്‍?

എല്ലാ തലത്തിലും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണ എയര്‍പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായി കൊച്ചിയിലുള്ളതുപോലെ യാത്രക്കാര്‍ക്ക് ബാഗുമായി നേരെ ചെക്ക് ഇന്‍ കൗണ്ടറിലേക്ക് പോകാന്‍ കഴിയുന്ന ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനം കണ്ണൂരിലുണ്ട്. ചെക്ക് ഇന്‍ കൗണ്ടറില്‍ പോകാതെ മെഷീന് മുന്നില്‍ പോയി ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള സെല്‍ഫ് ചെക്കിംഗ് മെഷീനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രജിസ്റ്റേര്‍ഡ് ബാഗേജ് ഉണ്ടെങ്കില്‍ മാത്രമേ അവര്‍ ചെക്ക് ഇന്‍ കൗണ്ടറിലേക്ക് പോകേണ്ടതുള്ളൂ. കൂടാതെ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് മെഷീനില്‍ കൊണ്ടുപോയി ബാഗ് വച്ചാല്‍ അതിന്റെ ബുക്കിംഗ് രസീത് അവിടെ നിന്നും ലഭിക്കുന്നതാണ്. ഇത്തരത്തില്‍ കൗണ്ടറില്‍ പോകാതെ തന്നെ ഒരു പാസഞ്ചര്‍ക്ക് എല്ലാ കാര്യങ്ങളും ചെയ്യാനാകുമെന്നതാണ് കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്റെ ഒരു പ്രത്യേകത.

ചെക്ക് ഇന്‍ കൗണ്ടറിലൂടെ ഏതൊരു ഫ്‌ളൈറ്റിലേക്കും ചെക്ക് ഇന്‍ ചെയ്യാം. ചെക്ക് ഇന്‍ കൗണ്ടര്‍ കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ മാത്രമേ ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് പാസഞ്ചേഴ്‌സ് വേര്‍തിരിയുകയുള്ളൂ. അറൈവിംഗ് പാസഞ്ചേഴ്‌സിന്റെ ബാഗേജ് എടുക്കുന്ന സ്ഥലം ഇന്റര്‍നാഷണലിനും ഡൊമസ്റ്റിക്കിനും പ്രത്യേകമാണ്. എന്നാല്‍ ചില സമയത്ത് ഇന്റര്‍നാഷണല്‍ അല്ലെങ്കില്‍ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ കൂടുതലായി വരുന്നുണ്ടെങ്കില്‍ അതനുസരിച്ച് ബാഗേജ് ബെല്‍റ്റുകള്‍ മാറിമാറി ഉപയോഗിക്കാനാകുന്ന സ്വിംങ് ഫെസിലിറ്റിയും നടപ്പാക്കിയിട്ടുണ്ട്.

കൂടാതെ യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാനുള്ള ബോര്‍ഡിംഗ് ബ്രിഡ്ജസ് ഇന്റര്‍നാഷണലിനും ഡൊമസ്റ്റിക്കിനും പ്രത്യേകമുണ്ടെങ്കിലും ഏത് സമയത്തും അവയും മാറിമാറി ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഒരു കോമണ്‍ ഇന്റഗ്രേറ്റഡ് ടെര്‍മിനലാണ് ഞങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Q: തുടക്കത്തില്‍ ഏതൊക്കെ എയര്‍ലൈനുകളാണ് കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നത്?

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡിസംബര്‍ ഒന്‍പതാം തീയതി മുതല്‍ തന്നെ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ ആരംഭിച്ചേക്കും. കൂടാതെ ഡൊമസ്റ്റിക് & ഇന്റര്‍നാഷ

ണല്‍ ഫ്‌ളൈറ്റുകളുള്ള ഇന്ത്യയിലെ മറ്റ് മൂന്ന് എയര്‍ലൈനുകളുമായും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരുന്നു. വിദേശ എയര്‍ലൈനുകള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും താമസിയാതെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞാല്‍ കൂടുതല്‍ എയര്‍ലൈനുകളെ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുക.

Q: കണ്ണൂരിലെ വ്യവസായ വാണിജ്യ മേഖലകളില്‍ ഏതൊക്കെ വിധത്തിലായിരിക്കും എയര്‍പോര്‍ട്ട് സ്വാധീനം ചെലുത്തുക?

ഗള്‍ഫ് മേഖലയില്‍ ജോലി അല്ലെങ്കില്‍ ബിസിനസ് ചെയ്യുന്നവരുടെ ദീര്‍ഘകാലമായുള്ള ഒരു ആവശ്യമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട്. കാരണം ഗള്‍ഫ് മലയാളികള്‍ വളരെയധികമുള്ളൊരു മേഖലയാണ് നോര്‍ത്ത് മലബാര്‍. ഇതിനുപുറമേ ടൂറിസം മേഖലയുടെ വികസനമാണ് എയര്‍പോര്‍ട്ടിന്റെ മറ്റൊരു ഉദ്ദേശ ലക്ഷ്യം. ബീച്ചുകള്‍, ബാക്ക്‌വാട്ടേഴ്‌സ്, ബേക്കല്‍ ഫോര്‍ട്ട്, ചരിത്രസ്മാരകങ്ങള്‍ തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

നീലേശ്വരം മുതല്‍ കാസര്‍കോഡ് വരെ അനേകം റിസോര്‍ട്ടുകളും നിലവിലുണ്ട്. വയനാട്ടിലേക്കും കൂര്‍ഗിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വളരെ വേഗത്തില്‍ എത്തിച്ചേരാനാകും. ബിസിനസ് കമ്യൂണിറ്റിയാണ് എയര്‍പോര്‍ട്ടിന്റെ മറ്റൊരു പ്രധാന ഗുണഭോക്താക്കള്‍. യൂറോപ്പിലേക്കും മറ്റും ഇവിടെ നിന്നും ഹാന്‍ഡ്‌ലൂം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കാനും ബിസിനസുകാര്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ യാത്ര ചെയ്യുന്നതിനും എയര്‍പോര്‍ട്ട് സഹായകരമാകും. ഞങ്ങള്‍ നിര്‍മിക്കുന്ന 1.05 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കാര്‍ഗോ കോംപ്ലക്‌സ് പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നതിനാല്‍ ഒരു താല്‍ക്കാലിക കാര്‍ഗോ കോംപ്ലക്‌സ് സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്.

എയര്‍പോര്‍ട്ടിനോട് അനുബന്ധമായി ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും മറ്റും രൂപപ്പെടും. ബിസിനസ് മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നത്.

ഇക്കാര്യങ്ങളില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, വിവിധ അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ വ്യവസായ വളര്‍ച്ചക്കായി എയര്‍പോര്‍ട്ടിന് ചുറ്റും സംസ്ഥാന സര്‍ക്കാരും ഭൂമി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.

Q: റണ്‍വേയുടെ ഇപ്പോഴുള്ള നീളം വീണ്ടും വര്‍ധിപ്പിക്കുന്നതിനുള്ള കാരണം?

ഇപ്പോഴുള്ള റണ്‍വേ 3050 മീറ്ററാണ്. കണ്ണൂരില്‍ നിന്നും ഏറ്റവും ദീര്‍ഘദൂരത്തേക്ക് ഒരു വിമാനം ഫുള്‍ പാസഞ്ചേഴ്‌സും കാര്‍ഗോയുമായി പോകണമെങ്കില്‍ ടേക്ക് ഓഫ് ചെയ്യാന്‍ റണ്‍വേക്ക് വേണ്ട നീളമാണിത്. ഈ റണ്‍വേ ഉപയോഗിച്ച് നമ്മുടെ ഇപ്പോഴത്തെ ആവശ്യങ്ങളെല്ലാം നിറവേറ്റാനാകും. എന്നാല്‍ ഭാവിയില്‍ വളരെ വലിയ വിമാനമായ അ380 വരെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതിന് വേണ്ടിയാണ് റണ്‍വേയുടെ നീളം 4000 മീറ്ററായി വര്‍ധിപ്പിക്കുന്നത്. അതിനുവേണ്ട സ്ഥലം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ മാത്രമേ ഇപ്പോള്‍ 4000 മീറ്റര്‍ റണ്‍വേയുള്ളൂ. ഇവിടെ അത് സജ്ജമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ എയര്‍പോര്‍ട്ടും കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുമായി കണ്ണൂര്‍ മാറുന്നതാണ്.

Q:നൂതന സാങ്കേതിക വിദ്യകളെ എങ്ങനെയാകും കിയാല്‍ പ്രയോജനപ്പെടുത്തുക?

ടെര്‍മിനല്‍ ബില്‍ഡിംഗിനകത്തെ സൗകര്യങ്ങള്‍ കഴിയുന്നത്ര ഓട്ടോമേറ്റ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു പാസഞ്ചര്‍ വന്നാല്‍ ടെര്‍മിനലിന് അകത്ത് കയറുന്നതു മുതല്‍ ഫ്‌ളൈറ്റില്‍ കയറുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും എത്രമാത്രം ഓട്ടോമേറ്റ് ചെയ്യാനാകുമെന്നതാണ് പ്രധാനം. ഉദാഹരണമായി പാസഞ്ചറുടെ കാബിന്‍ ബാഗേജില്‍ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഒരു സ്റ്റാംപ് പതിക്കാറുണ്ട്.

സെക്യൂരിറ്റി പെര്‍ഫക്ട് ആകുന്നതോടെ പാസഞ്ചറുടെ ബാഗേജില്‍ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കാനാകും. രണ്ടാമതായി പാസഞ്ചറുടെ സെക്യൂരിറ്റി ചെക്ക് കഴിയുമ്പോള്‍ ബോര്‍ഡിംഗ് പാസില്‍ ഒരു സ്റ്റാംപ് പതിക്കും. അത് പോക്കറ്റിലിട്ടാല്‍ പാസഞ്ചറുടെ പോക്കറ്റില്‍ മഷി പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അതും ഒഴിവാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

എയര്‍പോര്‍ട്ടിന്റെ ഭാവികാല വികസന പദ്ധതികള്‍ എന്തൊക്കയാണ്?

ഇപ്പോള്‍ നമ്മുടെ ഏപ്രണില്‍ ഒരേസമയം 20 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. എയര്‍പോര്‍ട്ട് കമ്മീഷന്‍ ചെയ്തുകഴിഞ്ഞാലുടനെ 40ല്‍ അധികം വിമാനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനാകുന്ന വിധത്തില്‍ ഏപ്രണിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതാണ്. അതോടൊപ്പം റണ്‍വേയും 4000 മീറ്ററായി ഉയര്‍ത്തും.

10 ലക്ഷം ചതുരശ്ര അടിയില്‍ കൂടുതല്‍ വലുപ്പമുള്ള ടെര്‍മിനലാണ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ രണ്ടായിരത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി അതിനുണ്ട്. അത് തികയാതെ വരുകയാണെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയൊരു ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം അവിടെ ഇട്ടിട്ടുണ്ട്. അതോടെ മണിക്കൂറില്‍ 5000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി എയര്‍പോര്‍ട്ടിനുണ്ടാകും.

Q: എയര്‍പോര്‍ട്ടിന് പുറത്ത് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ കിയാല്‍ വിഭാവനം ചെയ്തിട്ടുണ്ടല്ലോ? അതിനെക്കുറിച്ച് വിശദീകരിക്കാമോ?

അത്തരം പദ്ധതികളില്‍ ഞങ്ങള്‍ നിക്ഷേപം നടത്തില്ല. മറിച്ച് ഞങ്ങളുമായി സഹകരിച്ചുകൊണ്ട് ഇത്തരം പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്നവര്‍ക്ക് അതിലേക്കാവശ്യമായ ഭൂമി കിയാല്‍ നല്‍കും. സ്റ്റാര്‍ ഹോട്ടലുകളും ബജറ്റ് ഹോട്ടലുകളുമൊക്കെ ഒരു എയര്‍പോര്‍ട്ടിന് സമീപം അത്യാവശ്യമാണ്. കൂടാതെ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍, ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഒരു ആയുര്‍വേദിക് വെല്‍നസ് സെന്റര്‍ എന്നിവയൊക്കെ തുടങ്ങാനും പദ്ധതിയുണ്ട്.

എയര്‍പോര്‍ട്ടിലെയും എയര്‍ലൈനുകളിലെയും വിവിധ ഏജന്‍സികളിലെയും ഉള്‍പ്പെടെ ഏകദേശം 2000ത്തോളം ജീവനക്കാര്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം താമസസൗകര്യത്തിന് പുറമേ ഷോപ്പിംഗ്, എന്റര്‍ടെയ്ന്‍മെന്റ്, മെഡിക്കല്‍,

വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ഒരു ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നതിനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. കാരണം ഇത്തരം സൗകര്യങ്ങള്‍ ഇപ്പോള്‍ അവിടെ ലഭ്യമല്ല. ഇതെല്ലാം തന്നെ എയര്‍പോര്‍ട്ടിന് ചുറ്റും വലിയൊരു വികസനത്തിന് വഴി തുറക്കുന്നതാണ്.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it