Begin typing your search above and press return to search.
കേരളം ഏറ്റെടുത്ത കെല്‍ ഇഎംഎല്‍ ചലിച്ചു തുടങ്ങുമ്പോള്‍
രണ്ട് വര്‍ഷത്തോളമായി അടഞ്ഞ് കിടന്ന സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനം എറ്റെടുത്ത പൊതുമേഖല സ്ഥാപനം ഭെല്‍ ഇഎംഎല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡ് (കെല്‍ ഇഎംഎല്‍) എന്ന് പേര് മാറ്റിയെത്തുന്ന സ്ഥാപനം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചിരുന്നില്ല. കാസര്‍കോട് ബദ്രഡുക്കയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ ആദ്യഘട്ടത്തില്‍ ട്രാക്ഷന്‍ ഓള്‍ട്ടനേറ്റര്‍, ട്രാക്ഷന്‍ മോട്ടോര്‍, ഇവി (ഇലക്ട്രിക് വാഹനം) ആവശ്യമായ മോട്ടോര്‍, ഇവി ചാര്‍ജര്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക.
1990ല്‍ കേരളം തുടങ്ങിയ സ്ഥാപനം
കേരള സര്‍ക്കാരിന് കീഴില്‍ 1990ല്‍ ആണ് കെല്‍ ഫാക്ടറി സ്ഥാപിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉൾപ്പടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിച്ചിരുന്ന കമ്പനി 2011ല്‍ ആണ് കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി മാറുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ (ഭെല്‍) സബ്‌സിഡിയറി യൂണീ്റ്റായി സ്ഥാപനത്തെ മാറ്റുകയായിരുന്നു. അങ്ങനെയാണ് ഭെല്‍ ഇഎംഎല്‍ ആയി മാറിയത്. ഭെല്‍ ഏറ്റെടുക്കുമ്പോള്‍ കമ്പനി 5 കോടിയോളം രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സംരംഭമായിതിന് ശേഷം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ ഭെല്‍ ഇഎംഎല്ലിന് ആയില്ല. 30 കോടി രൂപയോളം നഷ്ടത്തിലായ കമ്പനി 2020 ഏപ്രിലില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. തുടര്‍ന്നാണ് സ്ഥാപനം വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
77 കോടിയുടെ പുനരുദ്ധാരണ പാക്കേജ്
കെല്‍ ഇഎംഎല്ലിന്റെ നവീകരണത്തിനായി 77 കോടിയുടെ പുനരുദ്ധാരണ പാക്കേജ് ആണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തൊഴിലാളികളുടെ ശമ്പള കൂടിശിക പൂര്‍ണമായും കൊടുത്ത് തീര്‍ക്കുന്നതിനാണ് മുന്‍ഗണന.
ആദ്യഘട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായവശ്യമായ മോട്ടോറുകളുടെ ഉള്‍പ്പടെയുള്ള നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനത്തിന് പിന്നീട് റെയില്‍വേ, പ്രതിരോധന മേഖലയിലേക്കും കടക്കാനാണ് പദ്ധതി. നേരത്തെ ഈ മേഖലയിലേക്ക് യന്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കിയ പാരമ്പര്യം സ്ഥാപനത്തിന് ഗുണം ചെയ്യും. കെഎസ്ഇബിക്കായി സ്മാര്‍ട്ട് മീറ്റര്‍ നിര്‍മിക്കുന്നതിനുള്ള ചുമതലയും കെല്‍ ഇഎംഎല്ലിന് ലഭിച്ചേക്കും
പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാധ്യതയാവുമ്പോള്‍ കേരളം നടത്തുന്ന ഏറ്റെടുക്കലുകള്‍
ഒരു വര്‍ഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടം 6000 കോടിക്ക് മേലെയാണ്. ഈ സാഹചര്യത്തിലാണ് 77 കോടിയുടെ പാക്കേജുമായി കെല്‍ ഇഎംഎല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കൂടാതെ നഷ്ടത്തെ തുടര്‍ന്ന് കേന്ദ്രം അടച്ചു പൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെയും കേരളം ഏറ്റെടുത്തിരുന്നു. കേരള പേപ്പര്‍ പ്രോഡക്ട് എന്ന് പേര് മാറ്റിയ സ്ഥാപനം 145 കോടി രൂപയുടെ റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിച്ച്, ടെന്‍ണ്ടറിലൂടെയാണ് കേരളം സ്വന്തമാക്കിയത്.
കെഎസ്ആര്‍ടിസി 1976.03 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ 150 കോടിക്കുമേല്‍ ലാഭമുള്ള ഒരു പൊതുമേഖലാ സ്ഥാപനം പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 63 പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 6,569.25 കോടി രൂപ നഷ്ടമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത്. മുന്‍വര്‍ഷം ഇത് 1738.25 കോടി രൂപ ആയിരുന്നു. അതേ സമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 50 സ്ഥാപനങ്ങള്‍ ചേര്‍ന്ന് നേടിയ ലാഭം വെറും 513.79 കോടി രൂപ മാത്രമാണ്.
Next Story
Videos