തിരുപ്പതി ലഡ്ഡുവില്‍ ഇനി കേരള കശുവണ്ടിയുടെ രുചിവൈഭവം; വ്യവസായ മേഖലയ്ക്ക് ഗുണകരമാകുന്ന പദ്ധതി ഇങ്ങനെ
ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ആന്ധ്രാപ്രദേശിലെ തിരുപ്പതി ലഡ്ഡുവിന് ഇനി കേരള കശുവണ്ടിയുടെ രുചി വൈഭവം. തിരുപ്പതി ലഡ്ഡുവിന്റെ ഏറ്റവും പ്രധാന ചേരുവയായ കശുവണ്ടിക്കായി കേരളത്തില്‍ നിന്നുള്ള കശുവണ്ടി ഉപയോഗിക്കാനുള്ള കരാര്‍ നേരത്തെ തന്നെ ആയതാണ്. ഇത് പ്രകാരമുള്ള കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആദ്യ ലോഡ് ഒക്ടോബര്‍ ഏഴിന് പുറപ്പെടും.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പെക്‌സ് എന്നിവരുമായുള്ള ധാരണ പ്രകാരം ഒരുമാസം 30 ടണ്‍ കശുവണ്ടിയാണ് തിരുപ്പതിയിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത് . ഒരു വര്‍ഷം 70 കോടി രൂപയുടെ ഉല്‍പ്പന്നമാണ് ഇത്തരത്തില്‍ തിരുപ്പതിയിലേക്ക് എത്തുന്നത്.
കശുവണ്ടി വ്യവസായ മേഖലയ്ക്ക് ഗുണകരമാകുന്ന ഈ പദ്ധതി പ്രകാരം പിളര്‍പ്പ് കശുവണ്ടികള്‍ ഏറ്റവും അധികം കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത് ഈ പദ്ധതിയിലേക്കു കൂടിയാകും. മാത്രമല്ല ദീപാവലിയോടനുബന്ധിച്ച് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും പഴനി, തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, പൊന്നാനി എന്നിവിടങ്ങളിലേക്ക് കൂടി മികച്ച രീതിയില്‍ കശുവണ്ടിപ്പരിപ്പിന്റെ വൈവിധ്യങ്ങള്‍ ഔട്ട്‌ലെറ്റുകളിലൂടെ എത്തിക്കാനും പദ്ധതിയുണ്ട്.
കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലില്ലായ്മ, വിപണിയിലെ പ്രതിസന്ധി എന്നിവ പരിഹരിക്കപ്പെടാന്‍ കോര്‍പ്പറേഷന്റെ പുതിയ പദ്ധതികള്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.