വില്പനയിൽ 35% ഇടിവ്; പ്രളയക്കെടുതി ഓണ വിപണിയുടെ നിറം കെടുത്തുമോ?

ജിഎസ്‌ടി ഇളവുകളുടെ പിൻബലത്തിൽ ഓണവിപണിയിലെ മാന്ദ്യം മറികടക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ബിസിനസുകളെ ആശങ്കയിലാഴ്ത്തി പ്രളയക്കെടുതി.

ഗൃഹോപകരണങ്ങൾ, വസ്ത്ര വ്യാപാരം, അവശ്യവസ്തുക്കളുടെ വിപണി തുടങ്ങി എല്ലാ മേഖലകളിലും ഇപ്പോൾത്തന്നെ ഇടിവ് പ്രകടമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഇത് താൽക്കാലികമാണെന്നും മെച്ചപ്പെട്ട രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് തിരിച്ചെത്തുന്നതിലൂടെ വിപണിയും സജീവമാകുമെന്നുമാണ് പ്രതീക്ഷ.

ഇലക്ട്രോണിക് ഗുഡ്‌സ് വിപണി ഏറ്റവും സജീവമായിരിക്കുന്ന കേരളത്തിലെ മലബാർ മേഖലയിലാണ് കാലവർഷം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചിരിക്കുന്നത്.

ഓണ വില്പനയിൽ ഇപ്പോൾത്തന്നെ 40 ശതമാനം കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കോഴിക്കോട് ഇഹം ഡിജിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ഷാൻ അഹമ്മദ് പറയുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഉണ്ടായിരുന്ന തിരക്ക് ഇപ്പോഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കനത്ത മഴയെത്തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും തയ്യാറല്ലെന്ന് തൃശൂർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സി.എ. സലിം പറഞ്ഞു. ടൗണിൽ നിന്നുള്ള ഉപഭോക്താക്കൾ മാത്രമേ ഇപ്പോൾ വരുന്നുള്ളൂ. ചാവക്കാട്, പാവറട്ടി തുടങ്ങിയ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. അതുകൊണ്ട് രണ്ട് മൂന്ന് ദിവസം കൊണ്ട് സൂപ്പർ മാർക്കറ്റുകളിൽ 35 ശതമാനത്തോളം വില്പനയിൽ കുറവ് വന്നിട്ടുണ്ട്. തൃശ്ശൂരിൽ ബിസിനസുകൾക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെങ്കിലും മഴയും മണ്ണിടിച്ചിലും ചരക്കു നീക്കത്തെ ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ലോറികളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടു-മൂന്ന് ദിവസങ്ങൾക്കുള്ളിൽ എല്ലാം സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷയെന്നും സലിം പറഞ്ഞു.

ജൂലൈയിൽ നടന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, 26 ഇഞ്ചിൽ താഴെയുള്ള ടിവി എന്നിവയുടെ ജിഎസ്‌ടി 28 ൽ നിന്ന് 18 ശതമാനമായി കുറക്കാൻ തീരുമാനിച്ചിരുന്നു.

ഇതുമൂലം വൈറ്റ് ഗുഡ്‌സ് മേഖലയ്ക്ക് ഓണ വിപണിയിൽ ഉണ്ടായേക്കാമായിരുന്ന നേട്ടമാണ് കനത്ത മഴ മൂലം ഇല്ലാതാകുന്നത്.

കാലാവസ്ഥ നല്ലതാണെങ്കിൽ മാത്രമേ ബിസിനസും മെച്ചപ്പെടുകയുള്ളൂ എന്ന് പാനസാൻ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഏഞ്ചൽ & ഹോം കെയർ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറായ ജോസ് ജെ. പോന്നേഴത്ത് അഭിപ്രായപ്പെട്ടു. ഒരാഴ്ച്ചക്കകം കാലാവസ്ഥയിൽ മാറ്റം വന്നില്ലെങ്കിൽ സ്വാഭാവികമായും വിപണി വില്പനയിൽ ഇടിവുണ്ടാകും. മഴമൂലം വൻ ദുരിതമാണ് ജനം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഓരോ വീടുകളിലും വെള്ളം കേറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈയവസരത്തിൽ ബിസിനസുകാർ പരിഭ്രാന്തരാകാതെ കൂടുതൽ പക്വതയും പ്ലാനിംഗും ഉണ്ടാക്കിയെടുക്കണം. കൂടുതൽ വില്പനച്ചരക്കുകൾ സ്റ്റോക്ക് ചെയ്യാതെയും മറ്റും ശ്രദ്ധിച്ചാൽ മറികടക്കാവുന്ന പ്രശ്നമേയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അല്ലെങ്കിൽ തന്നെ, ഓണം തുടങ്ങിയ ഫെസ്റ്റിവൽ സീസണുകളെ ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഓരോ വർഷത്തെയും വിപണി ഫലം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന് നും അദ്ദേഹം വിലയിരുത്തി.

ടൂറിസം

കേരളത്തിന്റെ പ്രധാന ടൂറിസം മേഖലകളെല്ലാം പ്രളയത്തിന്റെയും ഉരുൾപ്പൊട്ടലിന്റെയും ഭീതിയിലാണ്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്നതോടെ പല സ്ഥലങ്ങളിലേക്കും സന്ദർശകരെ വിലക്കിയിട്ടുണ്ട്. മാത്രമല്ല, ഇവിടുത്തെ റോഡുകളും മറ്റും തകർന്നിട്ടുണ്ട്. ഇത് പഴയ സ്ഥിതിയിലാക്കാൻ സമയമെടുക്കും.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വയനാട് ചുരം റോഡിന്റെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണ്.

മൺസൂൺ പാക്കേജുകളുമായി ഓണക്കാലം ആഘോഷിക്കാനിരുന്ന റിസോർട്ടുകളും മറ്റും സ്ഥിതിഗതികൾ ഉടനെ സാധാരണ ഗതിയിലാകും എന്ന പ്രതീക്ഷയിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it