പുതുവർഷത്തിന്റെ തുടക്കത്തിലേ ഹർത്താൽ; സഹകരിക്കില്ലെന്ന് വ്യാപാരികൾ

ഈ വർഷമെങ്കിലും പ്രശ്നങ്ങളൊക്കെ തീരുമെന്ന പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ കേരളത്തിന് തിരിച്ചടിയായി വീണ്ടും ഹർത്താൽ. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഹർത്താലിനെതിരെ അണിനിരക്കാൻ 64 സംഘടനകള്‍ തീരുമാനമെടുത്തതിന് ശേഷമുള്ള ആദ്യത്തെ ഹർത്താൽ ആണിത്. ഹർത്താലിനോട് സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെണ്ണും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കാൻ സംഘടനകൾ തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ വർഷം ആകെ 97 ഹർത്താലുകളാണ് കേരളത്തിൽ അരങ്ങേറിയത്.

ബിജെപി 26 ഹർത്താലുകളാണ് നടത്തിയപ്പോൾ യുഡിഎഫ് 23 ഉം എൽഡിഎഫ് 15 ഹർത്താലുകളും നടത്തി. പ്രളയത്തിൽ സംഭവിച്ച നഷ്ടങ്ങളിൽ നിന്ന് കരകേറാൻ ബുദ്ധിമുട്ടുന്ന ജനതക്കാണ് ഈയൊരവസ്ഥ നേരിടേണ്ടി വരുന്നതെന്നോർക്കണം.

അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ കനത്ത നഷ്ടം വരുത്തി വയ്ക്കുന്ന സാഹചര്യത്തിൽ വ്യാപരികളും തിയറ്റർ ഉടമകളും ഇനി മുതൽ ഹർത്താലുമായി സഹകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. ഒരു കാലത്ത് ഹർത്താലുകൾ അവധി ദിനങ്ങളായി ആഘോഷിച്ചു കൊണ്ടിരുന്ന ആളുകളും പതിയെ ഹർത്താലിനെതിരെ തിരിഞ്ഞിട്ടുണ്ട്.

തകർന്ന വീടുകൾ, സംരംഭങ്ങൾ, സ്കൂളുകളുടെയും ഓഫീസുകളുടെയും അനവധി പ്രവൃത്തി ദിവസങ്ങൾ; അങ്ങനെ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ജനതയുടെ മുൻപിലേക്കാണ് ഒന്നിനുപുറകെ ഒന്നായി ഹർത്താലുകൾ എത്തുന്നത്.

ഒറ്റ ദിവസം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് 1500 കോടി രൂപയിലേറെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു ദിവസത്തെ ഹർത്താൽ കൊണ്ട് ജിഡിപി മൂല്യത്തിൽ വരുന്നത് 900 കോടി രൂപയുടെ കുറവാണെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി പറയുന്നത്.

വ്യാപാരികള്‍, വ്യവസായികള്‍, കേറ്ററിംഗ് മേഖല, ഹോട്ടലുകള്‍, ടാക്‌സി, ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍, ഗതാഗത മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലകളിലെ താല്‍ക്കാലിക തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി നാനാവിധ മേഖലകളിലും വിവിധ തരത്തിലുള്ള നഷ്ടമാണ് ഹര്‍ത്താല്‍ വരുത്തിവെക്കുന്നത്. ചില മേഖലകളെ പൂര്‍ണമായും നിശ്ചലമാക്കുമ്പോള്‍ ചിലവയെ ഭാഗികമായും ബാധിക്കുന്നു. കേരളത്തിലെ 10 ലക്ഷത്തോളം വ്യാപാരികളെയാണ് ഇത് ബാധിക്കുന്നത്.

Related Articles
Next Story
Videos
Share it