കൊറോണ ഭീതിയില്‍ ദൂരയാത്ര ഒഴിവാക്കാം; ഡോക്ടറെ 'കാണാന്‍' മൊബൈല്‍ ഫോണ്‍ മതി
കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗാതുരരായവര്‍ പോലും ആശുപത്രികളില്‍ നിന്നും ക്ലിനിക്കല്‍ ലാബോറട്ടറികളില്‍ നിന്നുമെല്ലാം അകലം പാലിക്കുകയാണ്. ഈ അവസരത്തില്‍ ആശുപത്രികളും അവരുടെ സേവനങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് വരുന്നവരെയെല്ലാം സ്‌ക്രീനിംഗിന് വിധേയരാക്കുകയാണ് പ്രാഥമിക നടപടി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളും സുരക്ഷാ സഹായങ്ങളും നല്‍കിയിട്ടുണ്ട്.
ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്ക്കാനാണ് ജനങ്ങള്‍ ശ്രദ്ധിക്കുന്നതെങ്കിലും അത്യാവശ്യക്കാര്‍ക്ക് പോകാതെ തരമില്ലല്ലോ. ഇത്തരക്കാര്‍ക്കായി കേരളത്തിലെ പ്രധാന ആശുപത്രികളും ക്ലിനിക്കല്‍ ലബോറട്ടറികളും തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
രാജഗിരി ഹോസ്പിറ്റല്‍, മെഡിവിഷന്‍ തുടങ്ങിയവരെല്ലാം ഡിജിറ്റല്‍ സേവനങ്ങളും ഹോം സര്‍വീസുകളും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ എല്ലായിടത്തും സാന്നിധ്യമുള്ള മെഡിവിഷന്‍ വീട്ടിലെത്തി സാംപിളുകള്‍ സ്വീകരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ലബോറട്ടറികളും തങ്ങളുടെ സേവനങ്ങള്‍ ഡിജിറ്റല്‍/ ടെലിഫോണിക് ബുക്കിംഗ് രീതികളിലേക്ക് മാറ്റിയിട്ടുണ്ട്.
രാജഗിരി ഹോസ്പിറ്റല്‍ നേരത്തെ തന്നെ പതിനാലോളം ടെലിമിഡിസിന്‍ സര്‍വീസ് സെന്ററുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയിരുന്നു. മറ്റ് ആശുപത്രികളും ക്ലിനിക്കുകളുമായി ചേര്‍ന്നാണ് ഇവര്‍ വിദൂരത്തിലിരുന്നുകൊണ്ട് രോഗികള്‍ക്ക് രാജഗിരിയുടെ സേവനങ്ങള്‍ 'നേരിട്ട'് എത്തിച്ചിരുന്നത്. ഉദാഹരണത്തിന് ആലുവയിലുള്ള രാജഗിരി ആശുപത്രിയില്‍ ഇടുക്കി ജില്ലയിലെ ഒരാള്‍ ഒരു മാസം മുമ്പ് നടത്തിയ ഒരു ചെറിയ ശസ്ത്രക്രിയയുടെ (ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് സേവനവും മാറിയേക്കാം) തുടര്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് നെടുങ്കണ്ടത്തുള്ള രാജഗിരിയുടെ ടെലി മെഡിസിന്‍ സെന്ററിലെത്തി ഡോക്ടറോട് വിഡിയോയിലൂടെ സംസാരിക്കാം. പിന്നീട് ടെലി മെഡിസിന്‍ സെന്ററിലുള്ള ഡോക്ടറുടെ സഹായത്തോടെ പരിശോധന നടത്തി മരുന്നുവാങ്ങുകയുമാകാം. അത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ആശുപത്രിയില്‍ നേരിട്ടെത്താതെ ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാന്‍ രാജഗിരി സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് രാജഗിരി ടെലിമെഡിസിന്‍ നെറ്റ്‌വര്‍ക്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് കെവിന്‍ ദേവസ്യ വലിയമറ്റം ധനംഓണ്‍ലൈനോട് പറഞ്ഞു.
ഇനി ക്വാറന്റൈന്‍ ചെയ്യപ്പെട്ട് പുറം ലോകവുമായി അകന്നു കഴിയേണ്ട സാഹചര്യത്തിലോ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലോ ആണെങ്കില്‍ ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് ഡോക്ടറുമായി ടെലിമെഡിസിന്‍ സേവനം വഴി (വിഡിയോ കോണ്‍ഫറന്‍സിംഗ്) നടത്തി രോഗവിവരങ്ങള്‍ പറയാനും മരുന്നുകള്‍ കൊറിയര്‍ വഴി സ്വീകരിക്കാനുമെല്ലാം രോഗികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി വെബ്‌സൈറ്റ്, ആപ്പ്, വാട്‌സാപ്പ് നമ്പര്‍ എന്നിവയുമെല്ലാം ആശുപത്രിക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തില്‍ രാജഗിരി കൂടാതെ ആസ്റ്റര്‍, വിപിഎസ് ലേക്ക്‌ഷോര്‍ എന്നിവരും ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ ആശുപത്രികളും ജെറിയാട്രിക് കേന്ദ്രങ്ങളും വീട്ടിലെത്തി ചികിത്സ നല്‍കാന്‍ കൂടുതല്‍ ജാഗരൂകരായിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക വഴി രോഗഭീതി ഒഴിവാക്കാമെന്ന് മാത്രമല്ല സമയലാഭവും യാത്രാലാഭവുമാണ് കൂടുതല്‍പേര്‍ നോക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline