ടൂറിസം മേഖല: നിസാരമല്ല കാര്യങ്ങള്‍

''കളക്റ്ററേറ്റില്‍ നിന്ന് ഗസ്റ്റുകളെ ഒഴിപ്പിക്കണമെന്ന് ആദ്യം സന്ദേശമെത്തി. പിന്നാലെ പോലീസും. കഴിഞ്ഞ പ്രളയത്തിന്റെ ദുരനുഭവമുള്ളതിനാല്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം വന്നതോടെ, ഏറെ പണിപ്പെട്ട് ആകര്‍ഷിച്ചു കൊണ്ടുവന്ന ഗസ്റ്റുകളെ പറഞ്ഞയച്ചു. ജീവനക്കാരെയും അവധി നല്‍കി വീട്ടിലേക്ക് അയച്ചു. പക്ഷേ നല്ല വെയിലായിരുന്നു. അതെല്ലാം വീഡിയോ എടുത്ത് വിദേശത്തുള്ളവരെ കാണിച്ച് ഇവിടെ പ്രശ്‌നമില്ലെന്ന് ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബുക്കിംഗ് വരുന്നില്ല.''

ചാലക്കുടിക്കടുത്ത് അതിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ടംകുളത്തി ആയുര്‍സൗഖ്യം റിസോര്‍ട്ടിന്റെ സാരഥി കെ.പി വില്‍സണ്‍

''ഉത്തരേന്ത്യയില്‍ നിന്നുമെല്ലാം ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്ന യുവമിഥുനങ്ങളാണ് കുടുതലായും ഞങ്ങളുടെ മൂന്നാറിലെ റിസോര്‍ട്ടില്‍ എത്തുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഈ സീസണിന്റെ മുഖ്യ ആകര്‍ഷണം. പക്ഷേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം വന്നു. നീലക്കുറിഞ്ഞു ഉദ്യാനം അടച്ചു. മൂന്നാറിലേക്ക് യാത്രാവിലക്കും വന്നു. പിന്നീട് കാര്യങ്ങള്‍ സാധാരണനിലയിലായെങ്കിലും പ്രശ്‌നങ്ങളുള്ള ഒരിടത്തേക്ക് നവദമ്പതികളെ ഹണിമൂണ്‍ ആഘോഷിക്കാനൊന്നും ആരും അയക്കില്ലല്ലോ. ഇനി പ്രതീക്ഷ, ഡിസംബര്‍ സീസണിലാണ്,''

ആശ സുരേഷ്, ഡയറക്റ്റര്‍, മിസ്റ്റി മൗണ്ടെയ്ന്‍ റിസോര്‍ട്ട്, മൂന്നാര്‍

കേരളത്തിലെ ടൂറിസം രംഗത്തെ പ്രതിനിധീകരിക്കുന്ന രണ്ട് സംരംഭകരുടെ അനുഭവസാക്ഷ്യമാണിത്. സംസ്ഥാനത്തിന് 34,000 കോടി രൂപയുടെ വരുമാനം സമ്മാനിക്കുന്ന ടൂറിസം രംഗത്തെ സംരംഭകര്‍ എത്രമാത്രം പ്രതിസന്ധിയിലാണെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് പല ലോകരാജ്യങ്ങളും ഔദ്യോഗികവും അനൗദ്യോഗികവുമായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും അതിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്കുണ്ടായ ഭീതിയും മാറി കേരളത്തിലെ ടൂറിസം മേഖല ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രളയം വന്നത്.

പല രാജ്യങ്ങളും കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇതുവരെ മാറ്റിയിട്ടുമില്ല. അതുകൊണ്ട് തന്നെ ഇങ്ങോട്ടുള്ള യാത്രയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതിനാല്‍ സഞ്ചാരികള്‍ കേരളത്തെ ഒഴിവാക്കുന്നുമുണ്ട്.

നാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നും കാര്യങ്ങള്‍ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നും ബോധ്യപ്പെടുത്താന്‍ കൂട്ടായ പരിശ്രമമാണ്

കേരളം ട്രാവല്‍ മാര്‍ട്ടിലും അതിനോടനുബന്ധിച്ചും വ്യവസായ ലോകവും സര്‍ക്കാരും നടത്തിയത്. വിദേശ പ്രതിനിധികളുടെ പങ്കാളിത്തത്തില്‍ ഈ വര്‍ഷം

റെക്കോഡ് വര്‍ധനയും ഉണ്ടായി.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കണക്കുകള്‍ സംസ്ഥാനത്തെ ടൂറിസം രംഗത്തെ സംരംഭകര്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നല്ല. ''ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റുണ്ട്. അതുകൊണ്ട് മുന്നോട്ടു പോകുന്നു. ചെലവ് പരമാവധി ചുരുക്കുന്നുണ്ട്. എന്നാലും പ്രോപ്പര്‍ട്ടി നന്നായി മാനേജ് ചെയ്യാനും പണം വേണം. മാസങ്ങളായി വരുമാനമില്ല. രണ്ടോ മൂന്നോ മാസം കൂടി പിടിച്ചുനില്‍ക്കാന്‍ പറ്റിയെന്നിരിക്കും. അതു കഴിഞ്ഞാല്‍ എന്തുചെയ്യുമെന്നറിയില്ല,'' ഒരു സംരംഭകന്‍ തുറന്നു പറയുന്നു.

ടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ അധികാരികള്‍ കാണുകയും അതിന് സത്വര പരിഹാരം ഉറപ്പാക്കുകയും വേണം. ഈ രംഗത്തെ സംരംഭകര്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ഭാഗത്തുനിന്നും മതിയായ പിന്തുണ ലഭിച്ചില്ലെങ്കില്‍ കര്‍ഷക ആത്മഹത്യയ്ക്ക് സമാനമായ ദുരന്തം ടൂറിസം രംഗത്തെ സംരംഭകര്‍ക്കിടയിലേക്കും കടന്നുവന്നേക്കാമെന്ന മുന്നറിയിപ്പാണ് ഇന്റര്‍സൈറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഏബ്രഹാം ജോര്‍ജ് (ജോണി) നല്‍കുന്നത്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ മോശം സ്ഥിതിയിലാണ്. കുട്ടനാട്ടില്‍ വെള്ളത്തിനടിയിലായ പ്രദേശങ്ങള്‍ മഴ നിലച്ചിട്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ''വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം. മാത്രമല്ല ഓരോ കേന്ദ്രത്തിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ മെച്ചപ്പെടുത്തണം. കുടുതല്‍ പണം നിക്ഷേപിച്ചുകൊണ്ട് അതിവേഗത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വേണ്ടത്,'' കേരള ട്രാവല്‍ മാര്‍ട്ടിന്റെ പ്രസിഡന്റും സോമതീരം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഎംഡിയുമായ ബേബി മാത്യു അഭിപ്രായപ്പെടുന്നു.

മാലിന്യ നിര്‍മാര്‍ജനമാണ് മറ്റൊരു പ്രധാന പ്രശ്‌നം. നിശ്ചിത കേന്ദ്രങ്ങളില്‍ ചെറുതും വലുതുമായ മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ എലിപ്പനി പടര്‍ന്നു പിടിച്ചത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചാല്‍ കേരളത്തിന് അത് പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. ''പക്ഷേ ഇപ്പോള്‍ എച്ച്1എന്‍1 മുംബൈയിലും മറ്റും വര്‍ധിക്കുന്നുണ്ട്. അത് ഇവിടേക്ക് വ്യാപിച്ചാല്‍ ടൂറിസം മേഖലയ്ക്ക് ഇരുട്ടടിയാകും. പ്രതിരോധ നടപടികള്‍ ഇപ്പോഴേ സ്വീകരിക്കണം. എന്നുമാത്രമല്ല, മാലിന്യങ്ങള്‍ കൂടി കിടന്ന് രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം,'' പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിന്റെ എംഡിയും കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡ്‌സ്ട്രി ഇന്‍ കേരളയുടെ ജനറല്‍ സെക്രട്ടറിയുമായ എം. ആര്‍ നാരായണന്‍ അഭിപ്രായപ്പെടുന്നു.

വേണം, കൂട്ടായ ശ്രമം

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമാകുന്നില്ലെന്ന പരാതി ടൂറിസം രംഗത്തുള്ളവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചുകഴിഞ്ഞു. അടുത്തിടെ മൂന്നാറിലേക്കുള്ള യാത്രാ വിലക്ക് മാറ്റാന്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഇടപെടലും നടത്തിയിരുന്നു. ''മോശം വാര്‍ത്തകള്‍ അതിവേഗം പരക്കും. പക്ഷേ നല്ലകാര്യങ്ങള്‍ ലോകം അറിയില്ല. അതുകൊണ്ട് കേരളം പൂര്‍വ്വ സ്ഥിതിയിലായെന്ന കാര്യം നിരന്തരം പുറം ലോകത്തെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം,'' ആശ സുരേഷ് അഭിപ്രായപ്പെടുന്നു.

കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ടൂറിസം രംഗത്ത് പുതിയ ഉല്‍പ്പന്നങ്ങളും കേന്ദ്രങ്ങളും അവതരിപ്പിക്കുക തുടങ്ങി കാലാകാലങ്ങളായുള്ള ആവശ്യങ്ങളും സംരംഭകര്‍ വീണ്ടും ഉന്നയിക്കുന്നുണ്ട്. സര്‍ക്കാരും പൊതുസമൂഹവും വ്യവസായികളും കൈകോര്‍ത്ത് നിന്നാല്‍ മാത്രമേ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഇനി നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it