കൊച്ചി പഴയ കൊച്ചിയല്ല!
ജൂഡി തോമസ്
അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതു മുതല്‍ ആഗോള ബിസിനസിന് അത്ര നല്ല കാലമല്ല. അതിനി കൂടുതല്‍ കലുഷിതമാകും എന്ന് സാമ്പത്തിക വിദഗ്ധര്‍. പക്ഷെ അമേരിക്കന്‍ സായിപ്പിന് തലവര നേരെയായതുപോലെ.
കറന്‍സിക്ക് വിലയേറി, തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറവ്, ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ്, ഇനി അല്‍പ്പം പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ വരുമാനം. കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയും ആരംഭിച്ചു. തങ്ങള്‍ക്കുവേണ്ടി എല്ലാം ഉണ്ടാക്കി വില്‍ക്കുന്ന ചൈനയുടെ കഴുത്തിനൊരു പിടുത്തവും. ലോക പോലീസിംഗ് പണി കുറച്ച് അമേരിക്കന്‍ പട്ടാളക്കാരെ തിരിച്ചു വിളിച്ചു കയ്യടി നേടാനുള്ള പരിശ്രമത്തിലാണ് ട്രംപ്.
ഇന്ത്യയിലെ കാര്യം നോക്കിയാല്‍, ഇവിടെ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനോപാധിയാണ് ചെറുകിട കച്ചവടം. ഈ വിഭാഗത്തിന്റെ കഞ്ഞികുടി മുട്ടിക്കുന്ന വലിയ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരെ മോദി സര്‍ക്കാര്‍ കടിഞ്ഞാണിടുന്നു. അതിനിടെ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എല്ലാം കൂടി ധാരാളം തൊഴില്‍ ഇല്ലാതാക്കുമെന്നൊക്കെ സാമ്പത്തിക ബുദ്ധിജീവികള്‍ അടക്കം പറയുന്നുമുണ്ട്.
ഇങ്ങനെയുള്ള വര്‍ഷാരംഭ ചിന്തകള്‍ക്കിടെയാണ് നമ്മുടെ കൊച്ചിക്ക് കോളടിക്കുന്നത്. കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ്, നമ്മുടെ കെഎംആര്‍എല്‍, തങ്ങളുടെ എയര്‍ കണ്ടീഷന്‍ഡ് ബോട്ടുകള്‍ കൊച്ചിയിലെ പത്തു ദ്വീപുകളെ കോര്‍ത്തിണക്കി ഈ വര്‍ഷം അവസാനത്തോടെ വാട്ടര്‍ മെട്രോസര്‍വീസ് തുടങ്ങുമത്രെ.
ലോകത്തിലെ വിനോദസഞ്ചാര ചരിത്രം തന്നെ തുടങ്ങുന്നതും വികസിക്കുന്നതും ബീച്ചുകളില്‍ നിന്നുമാണ്. ഇറ്റലിയിലെ വെനീസ് നഗരവും തായ്‌ലന്റിലെ ജലയാത്രകളും ദുബായ് ടൂറിസവുമൊക്കെ വെള്ളവും ബീച്ചുമായി ഇഴചേര്‍ന്നിരിക്കുന്നു.
വാട്ടര്‍ മെട്രോ ഈ പറയും പോലെ സര്‍വീസ് നടത്തുകയും അതിന്റെ സാധ്യതകള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ അറബിക്കടലിന്റെ റാണിയായ കൊച്ചിക്ക് ഇനി ടൂറിസം മാപ്പില്‍ നല്ല നാളുകള്‍ അടയാളപ്പെടുത്തി തുടങ്ങാം.
പ്രകൃതിദത്തമായ പത്തു ദ്വീപുകളും അതിന്റെ തീരപ്രദേശങ്ങളും കൊച്ചിക്ക് അലങ്കാരമാകും. ഇവിടെ ധാരാളം ഹോട്ടലുകള്‍ വരും, അവിടെ രാപ്പാര്‍ക്കാന്‍ ടൂറിസ്റ്റുകളും. 2019 ല്‍ അഞ്ചു കോടി ഇന്ത്യക്കാര്‍ വിദേശയാത്ര നടത്തുമെന്നാണ് കണക്ക്, ഇതിന്റെ ഒരു പത്തു ശതമാനം കേരളത്തിലേക്ക് വന്നാല്‍ നമ്മുടെ ടൂറിസം രംഗം പൊടിപൊടിക്കും. കൊച്ചിക്ക് നല്ലൊരു വിമാനത്താവളവും ക്രൂസ് ടെര്‍മിനലും, മെട്രോയും ഉണ്ട്. ഹയാത്ത് റീജന്‍സി പോലുള്ളവ ഓസ്‌കാര്‍ അവാര്‍ഡ്‌നൈറ്റ് പോലെ വമ്പന്‍ രാജ്യാന്തര ഇവന്റുകള്‍ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു. ബിനാലെ നടക്കുന്നു. അതോടൊപ്പമാണ് വാട്ടര്‍ മെട്രോയുടെ പ്രഖ്യാപനവും.
ആര്‍ക്ക് കൊയ്യാം ഈ വയല്‍?
കേരളത്തിലെ ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ തങ്ങളുടെ മെമ്പര്‍മാര്‍ക്കു ഹിന്ദി ഭാഷയില്‍ ട്രെയ്‌നിംഗ് നല്‍കട്ടെ, ഇറ്റാലിയന്‍, വെജിറ്റേറിയന്‍, മെക്‌സിക്കന്‍, അറബിക് ഭക്ഷണങ്ങളുടെ കലവറയൊരുക്കട്ടെ. കുമ്പളങ്ങി പരീക്ഷണങ്ങള്‍ പോലെ ഓരോ ദ്വീപിലും കേരളതനിമയുടെ കലാസന്ധ്യ ഒരുക്കട്ടെ.
ഒരു ദ്വീപില്‍ കേരള സിനിമ അതിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ പറയുന്ന മ്യൂസിയം, സിനിമ നിര്‍മാണ സ്റ്റുഡിയോ, സെറ്റുകള്‍, ആടയാഭരണങ്ങള്‍, തിയേറ്ററുകള്‍ എല്ലാം. ഭാവിയില്‍ അവിടെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്താം. മറ്റൊരു ദ്വീപില്‍ കഥകളി, വേറൊന്നില്‍ സംഗീതം, വേറൊന്നില്‍ ചിത്രകല, ശില്‍പ്പകല അങ്ങനെ പത്തു ദ്വീപുകളും ടൂറിസ്റ്റുകളുടെ പറുദീസയാക്കാം. ദ്വീപുവാസികള്‍ ഭാഷകള്‍ പഠിക്കട്ടെ. ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിലവര്‍ക്കു ടൂറിസ്റ്റ് ഗൈഡുകളുമാകാം.
ദ്വീപിനു ചുറ്റും ചെറിയ ഭക്ഷണശാലകള്‍ തുറക്കാം. ചെമ്മീനും കൊഞ്ചും വിളമ്പാം. വീട്ടമ്മമാര്‍ക്ക് ഇവിടങ്ങളില്‍ പാര്‍ട്ട്‌ടൈം ഷെഫ് ആകാം. രാവിലെ കിഴക്കോട്ടു തിരിഞ്ഞ് സണ്‍ബാത്തിനും വൈകുന്നേരങ്ങളില്‍ അസ്തമയ സൂര്യനെ കണ്ട് സൊറ പറഞ്ഞിരിക്കാനും ആളുകളെത്തും. ചവിട്ടുനാടകം പൊടിതട്ടിയെടുക്കാം. ഫേസ്ബുക്കില്‍ പ്രാവീണ്യമുള്ള ഫ്രീക്കന്മാര്‍ക്കും (ഫ്രീക്കികള്‍ക്കും) സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗില്‍ ഒരു കൈ നോക്കാം.
ഐ.റ്റി കമ്പനികളില്‍ നിന്ന് പിള്ളേര്‍ വീക്കെന്‍ഡ് ആഘോഷിക്കാനെത്തും. അന്യ സംസ്ഥാന ടൂറിസ്റ്റുകളും വിദേശികളും കൂടുമ്പോള്‍ നമ്മള്‍ പറയും, കൊച്ചി പഴയ കൊച്ചിയല്ല!