ഓൺലൈൻ ഭക്ഷ്യവിതരണം: സമരത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുമെന്ന് ഹോട്ടലുകൾ

കൊച്ചിയിലെ ഓൺലൈൻ ഫുഡ് ഡെലിവറി പാർട്ണർമാർക്ക് തൽക്കാലം ആശ്വസിക്കാം. യൂബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകൾക്കെതിരായ സമരത്തിൽ നിന്ന് കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ പിന്മാറി.

ഹോട്ടലുടമകളുടെ നിർദേശങ്ങൾ പരിഗണിക്കാമെന്ന് ഫുഡ് ഡെലിവറി സേവന ദാതാക്കൾ ഉറപ്പു നൽകിയിട്ടുണ്. ഇതേത്തുടർന്നാണ് തൽക്കാലം സമരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്റെ സ്‌റ്റേറ്റ് സെക്രട്ടറിയും എറണാകുളം ജില്ലയുടെ പ്രസിഡന്റുമായ അസീസ് മൂസ പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഓർഡറുകൾ സ്വീകരിക്കാതെ ഡിസംബർ ഒന്നുമുതൽ 10 ദിവസത്തേക്കാണ് നിസഹകരണത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനികൾ അറിയിക്കുകയായിരുന്നു.

രണ്ട് കാര്യങ്ങളാണ് അസോസിയേഷൻ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. കമ്പനികൾ വാങ്ങുന്ന കമ്മീഷൻ 20-30 ശതമാനത്തോളമാണ്. ഇത് കുറക്കണം. പല ഹോട്ടലുകൾക്കും ഇത് താങ്ങാനാവില്ല.

മറ്റൊന്ന് ഓഫറുകൾ നൽകുമ്പോൾ അതിന്റെ അധിക ബാധ്യത ആര് ഏറ്റെടുക്കുമെന്നതാണ്. ഓൺലൈൻ ഓഫറുകൾ മിക്കവാറും ഡെലിവറി കമ്പനികൾ തമ്മിലുള്ള മത്സരത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ചില ഓഫറുകൾക്ക് കമ്പനികൾ തന്നെ പോക്കറ്റിൽ നിന്ന് പണം ചെലവാക്കും. പക്ഷെ മിക്കവാറും പകുതി ചെലവ് ഹോട്ടലുകൾ തന്നെയാണ് വഹിക്കുന്നത്. കമ്മിഷന് പുറമെയാണ് ഈ ഓഫറുകളുടെ മേലുള്ള ചെലവെന്ന് അസീസ് പറയുന്നു. ഇത് ഹോട്ടലുകളുടെ വരുമാനത്തെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതെല്ലം ഒത്തുതീർപ്പാക്കാൻ കുറച്ചു ദിവസത്തെ സമയം അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സമരത്തിൽ നിന്ന് മാറി നയിക്കുന്നതെന്ന് അസീസ് പറഞ്ഞു. മാത്രമല്ല, ഓൺലൈൻ ഡെലിവറി ബിസിനസുകളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ചെറുപ്പകാരെക്കൂടി കണക്കിലെടുത്താണ് അസോസിയേഷൻ നിലപാട് മയപ്പെടുത്തിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അതേസമയം, കമ്പനികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ഹോട്ടൽ ഉടമകളെയും ചേർത്ത് സമരം പൂർവാധികം ശക്തിയോടെ പുനരാരംഭിക്കുമെന്നും അസീസ് മുന്നറിപ്പ് നൽകുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന് കൊച്ചിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം വീട്ടിലെത്തുമെന്നതാണ് ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി ഈ സംവിധാനം സ്വീകരിക്കാന്‍ കാരണം. കൊച്ചിയില്‍ 500ലേറെ ഹോട്ടലുകള്‍ ഓണ്‍ലൈന്‍ കമ്പനികളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it