റിബില്‍ഡ് കേരള: കെപിഎംജിയുമായി 6.82 കോടി രൂപയുടെ കരാര്‍ വരുന്നു

റിബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് മാനേജ്മെന്റ സേവന പിന്തുണ ലഭ്യമാക്കാന്‍ കെപിഎംജി അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി നിലവില്‍ വരുന്നത് 6.82 കോടി രൂപയുടെ പേയ്മെന്റ് കരാര്‍. രണ്ട് വര്‍ഷത്തേക്കുള്ള പ്രോജക്ട് മാനേജ്മെന്റ് സപ്പോര്‍ട്ട് സര്‍വീസ് (പിഎംഎസ്എസ്) കരാറിനാണ് ആര്‍കെഐ രൂപം നല്‍കുന്നത്.

പ്രോജക്ട് സൂക്ഷ്മപരിശോധന / നിര്‍വ്വഹണം / മാനേജ്‌മെന്റ്, മോണിറ്ററിംഗ് എന്നിവയ്ക്കായി ആര്‍കെഐയുടെ ഉന്നത തലത്തിലുള്ള ശാക്തീകരണ സമിതി പിഎംഎസ്എസിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. കേരള സംസ്ഥാന ഗതാഗത പദ്ധതി (കെഎസ്ടിപി) -2 ന് ലഭിക്കുന്ന 2 മില്യണ്‍ ഡോളര്‍ ലോക ബാങ്ക് വായ്പയില്‍ നിന്നാകും ഇതിനുള്ള ചെലവ് കണ്ടെത്തുക.

കരാറിന് താല്‍പ്പര്യ പത്രം നല്‍കിയിരുന്നത് 14 സ്ഥാപനങ്ങളായിരുന്നു.അതില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 6 ബിഡ്ഡര്‍മാരില്‍ സംയോജിത സ്‌കോറും അവസാന റാങ്കിംഗും അനുസരിച്ച്, ഏറ്റവും ഉയര്‍ന്ന സ്ഥാനം ലഭിച്ച ബിഡ്ഡറാണ് കെപിഎംജി. ഡെലോയിറ്റ് രണ്ട്, ട്രാക്ടബെല്‍ മൂന്ന് സ്ഥാനങ്ങളിലെത്തി.പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കിറ്റ്‌കോ, റോഡിക് കണ്‍സള്‍ട്ടന്റ്‌സ് എന്നിവരും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

2018 ല്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ തിരഞ്ഞെടുക്കുന്നതിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കെപിഎംജി സൗജന്യമായി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നായിരുന്നു അപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം. കെപിഎംജിയുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാനും കമ്പനിക്കെതിരായ പരാതികള്‍ സൂക്ഷ്മപരിശോധന നടത്താനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

കേരള സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്കിന്റെയും കേരള സ്‌റ്റേറ്റ് ഡാറ്റ സെന്ററിന്റെയും യഥാക്രമം മൂന്നു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി ഓഡിറ്റ് ചുമതല 6.79 കോടി രൂപ പ്രതിഫലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കെപിഎംജിക്കു നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് പരിഷ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പഠനം നടത്തിവരുന്നുമുണ്ട് കെപിഎംജി .

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it