മൈൻഡ്ട്രീയോട് എല്‍&റ്റിക്കുള്ള താൽപര്യത്തിന് പിന്നിൽ?

പ്രമുഖ ഐറ്റി കമ്പനിയായ മൈൻഡ്ട്രീയ്ക്ക് എല്‍&റ്റിയിൽ നിന്ന് ലഭിച്ചിരിക്കുന്ന ഏറ്റെടുക്കൽ ഓഫറാണ് ഇന്ത്യൻ ബിസിനസ് രംഗത്തെ ഇന്നത്തെ ചൂടേറിയ ചർച്ചാ വിഷയം. രാജ്യത്തെ മുൻനിര നിർമ്മാണ കമ്പനിയായ എല്‍&റ്റി മുന്നോട്ടു വെച്ച ഓഫറിനെതിരെ മൈൻഡ്ട്രീയുടെ സ്ഥാപകരും കമ്പനിയിൽ ഓഹരിപങ്കാളിത്തമുള്ള മ്യൂച്വൽ ഫണ്ടുകളും രംഗത്തുവന്നതോടെ കാര്യങ്ങൾ വിശദീകരിക്കാൻ എൽ&റ്റി സിഇഒ എസ്.എൻ സുബ്രമണ്യൻ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്.

മൂന്ന് ഭാഗമായുള്ള ഓഫറാണ് എൽ&റ്റി മുന്നോട്ടു വെച്ചിരിക്കുന്നത്. മൈൻഡ്ട്രീയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ വി.ജി സിദ്ധാർഥിന്റെ 20.3 ശതമാനം ഓഹരി വാങ്ങുക എന്നതാണ് ആദ്യത്തേത്. ഓഹരിയൊന്നിന് 980 രൂപയ്ക്കാണ് കഫെ കോഫി ഡേ സ്ഥാപകനും കൂടിയായ സിദ്ധാർഥിന്റെ ഓഹരികൾ എൽ&റ്റി വാങ്ങുക.

15 ശതമാനം ഇക്വിറ്റി വിപണിയിൽ നിന്ന് വാങ്ങും. കൂടാതെ, മൈൻഡ്ട്രീ യുടെ 31 ശതമാനം ഔട്ട്സ്റ്റാന്ഡിങ് ഷെയറുകൾ വാങ്ങാനുള്ള ഓപ്പൺ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഷെയർ ഒന്നിന് 980 രൂപയ്ക്കാണ് വാങ്ങുക. ഇങ്ങനെ മൂന്ന് രീതിയിൽ മൈൻഡ്ട്രീയുടെ 66.32 ശതമാനം ഓഹരി ഏകദേശം 10,700 കോടി രൂപയ്ക്ക് ഏറ്റെടുക്കാമെന്നാണ് എൽ&റ്റി കണക്കുകൂട്ടുന്നത്.

എന്തുകൊണ്ടാണ് എൽ&റ്റിയ്ക്ക് മൈൻഡ്ട്രീയിൽ ഇത്ര താല്പര്യം? ചോദ്യത്തിന് സുബ്രമണ്യന് കൃത്യമായ ഉത്തരവുമുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് സിദ്ധാർഥ് മൈൻഡ്ട്രീയിലുള്ള തന്റെ 20 ശതമാനം ഓഹരി ഏറ്റെടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് എൽ&റ്റിയെ സമീപിച്ചെന്നാണ് സുബ്രമണ്യൻ ഇന്നു നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചത്. "അന്ന് എൽ&റ്റി പ്രത്യേക താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് നടന്ന ചർച്ചകളിൽ ഒരു ഐറ്റി പോർട്ടഫോളിയോ കൂടി കമ്പനിയോട് ചേർക്കുന്നത് നല്ലതാണെന്ന് തോന്നി."

എൽ&റ്റിയുടെ മൈൻഡ്ട്രീയോടുള്ള സമീപനത്തെ 'ഹോസ്റ്റൈൽ' എന്ന് വിശേഷിപ്പിക്കാനാവില്ല. വളരെ സ്നേഹത്തോടും, ഹൃദയത്തിൽ തട്ടിയുമാണ് ഞങ്ങൾ ഈ ഓഫർ മുന്നോട്ട് വെക്കുന്നത്," സുബ്രമണ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എൽ&റ്റി ഏറ്റെടുത്താലും മൈൻഡ്ട്രീ ഒരു സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എൽ&റ്റിയെ സംബന്ധിച്ചിടത്തോളം പത്തുവർഷം മുൻപ് നടക്കാതെപോയ മറ്റൊരു ഐറ്റി ഡീലിന്റെ നഷ്ടം നികത്തൽ കൂടിയാണിത്. തട്ടിപ്പ് വിവാദത്തിൽ കുടുങ്ങിയ സത്യം കംപ്യൂട്ടേഴ്സിനെ ഏറ്റെടുക്കാൻ എൽ&റ്റി ശ്രമം നടത്തിയിരുന്നു.

മൈൻഡ്ട്രീയെ ഏറ്റെടുക്കുന്നത് എൽ&റ്റിയുടെ ബിസിനസ് കൂടുതൽ വിപുലപ്പെടുത്തും. ഐറ്റി മേഖലയിൽ സ്ഥാനമുറപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇതുവരെ നിർമ്മാണ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന എൽ&റ്റിയ്ക്ക് ബിഎഫ്എസ്ഐ (Banking, financial services and insurance) രംഗത്തേയ്ക്ക് കടക്കാനുള്ള ഒരു വാതിലും കൂടിയാണ് മൈൻഡ്ട്രീ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it