മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടി നിക്ഷേപിക്കാന്‍ ലൂമിനസ്

വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ വരുമാനം 6000 കോടി രൂപയായി ഉയര്‍ത്താന്‍ പദ്ധതികളുമായി ലൂമിനസ് പവര്‍. ഫ്രഞ്ച് എഞ്ചിനീയറിംഗ് കമ്പനിയായ ഷ്‌നൈഡര്‍ ഇലക്ട്രിക്കിന്റെ ഉടമസ്ഥതയിലുള്ള ലൂമിനസ് ഇതിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടി നിക്ഷേപിക്കും. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിപണനത്തിനുമായാണ് 500 കോടി നിക്ഷേപിക്കുന്നത്. കൂടാതെ, കമ്പനി തങ്ങളുടെ ശൃംഖല ആഭ്യന്തര വിപണിയിലേക്ക് വ്യാപിപ്പിക്കാനും അന്താരാഷ്ട്ര വിപണികളില്‍ പങ്കാളിത്തമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ്.

'നിലവില്‍ 15 ശതമാനമാണ് കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍). വരും വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു' ലൂമിനസ് പവര്‍ ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടര്‍ വിപുല്‍ സഭര്‍വാള്‍ പറഞ്ഞു.
'ഞങ്ങള്‍ മുന്നോട്ട് പോകും തോറും അതേ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തും. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, ബ്രാന്‍ഡ്, ഉപഭോക്തൃ കേന്ദ്രീകൃതമായ പുതുമകള്‍ എന്നിവയില്‍ ഞങ്ങള്‍ വളരെ നന്നായി നിക്ഷേപം നടത്തിയിട്ടുണ്ട്.''സഭര്‍വാള്‍ പറഞ്ഞു. ല്യൂമിനസ് പവര്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ പുതുമകള്‍ തുടരുമെന്നും സൗരോര്‍ജ്ജ, ഗാര്‍ഹിക ഇലക്ട്രിക്കല്‍ ബിസിനസുകളില്‍ വിഭാഗങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019-20 ല്‍ 3,500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 85 ശതമാനത്തോളം പവര്‍ സ്റ്റോറേജ് ബിസിനസില്‍ (ഇന്‍വെര്‍ട്ടര്‍, ബാറ്ററികള്‍, സോളാര്‍ എന്നിവയുള്‍പ്പെടെ) നിന്നാണ്. ബാക്കി ഗാര്‍ഹിക ഇലക്ട്രിക്കല്‍ ബിസിനസില്‍ നിന്നും കയറ്റുമതിയില്‍ നിന്നുമാണ്.
ഹോം ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഫാന്‍, ലൈറ്റുകള്‍, സ്വിച്ചുകള്‍ എന്നിവയാണ് കമ്പനി വിപണിയിലിറക്കുന്നത്. സോളാര്‍ വിഭാഗത്തില്‍ പാനലുകള്‍, ബാറ്ററികള്‍, കണ്‍ട്രോളറുകള്‍, യുപിഎസ്, ഇന്‍വെര്‍ട്ടറുകള്‍, കാല്‍ക്കുലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോ ഇതിനുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്ന 500 കോടിയില്‍ 50-100 കോടി രൂപ ഹരിദ്വാര്‍ പ്ലാന്റിനായിരിക്കും. ഇന്‍വെര്‍ട്ടറുകള്‍ക്കും ഫാന്‍ പ്ലാന്റിനുമായി ഒരു ലക്ഷം ലീഡ് ആസിഡ് ബാറ്ററികളുടെ അധിക ശേഷിയുണ്ടാക്കുന്നതിനായി ഇത് ചെലവഴിക്കും. പ്രതിമാസം 2 ലക്ഷം ഫാന്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it