Top

കൊവിഡ്, മലയാളികള്‍ക്കു മുന്നില്‍ അവസരങ്ങള്‍ തുറന്നിടുന്നുവെന്ന് എം പി അഹമ്മദ്

കൊവിഡ് ഉയര്‍ത്തുന്ന ഭീഷണികള്‍ക്കപ്പുറത്ത് മാറുന്ന പുതിയ ലോകക്രമത്തില്‍ മുന്നേറാനുള്ള ഒട്ടനവധി അവസരങ്ങള്‍ ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും മുന്നിലുണ്ടെന്ന് പ്രമുഖ ജൂവല്‍റി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം പി അഹമ്മദ്. കൊവിഡിന് മുമ്പും ശേഷവും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. കൊവിഡിനു ശേഷം എന്ത് എന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. സാമ്പത്തിക ഞെരുക്കം ആഗോള വ്യാപകമായി ഉണ്ടാകും. കാഷ് ഫ്‌ളോയില്‍ കുറവു വരും. തൊഴില്‍ നഷ്ടവും സാമ്പത്തിക മാന്ദ്യവും തുടര്‍ന്ന് ഉണ്ടാകും- അഹമ്മദ് പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏത് മാറ്റവും നമ്മുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി അതേ അളവില്‍ കേരളത്തെയും ബാധിക്കുന്നു. മലയാളികളില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്നു. മലയാളികളുടെ വരുമാനം കുറയുന്നതോടെ ഇവിടെ ഉപഭോഗ ശേഷി കുറയുകയും അത് സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. കൊവിഡ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ആഗോള തലത്തില്‍ എന്ന പോലെ കേരളത്തെയും ബാധിക്കും.

കൂട്ടായ്മയിലാണ് കാര്യം

എന്നാല്‍ ഈ തിരിച്ചടികളിലും എങ്ങനെ വളരാമെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. കൂട്ടായ പരിശ്രമങ്ങളുണ്ടായാലേ വെല്ലുവിളികളുടെ ഇക്കാലത്ത് മുന്നേറാനാവൂ എന്ന ചിന്തയുണ്ടാവണം. സ്വന്തം നിലയ്ക്ക് തുടങ്ങുന്നതിലല്ല, കൂട്ടായ്മയില്‍ ഒരുങ്ങുന്ന ബിസിനസുകള്‍ക്കാണ് നിലനില്‍പ്പുണ്ടാവുക. എല്ലാവരും ഒന്നിച്ചിരുന്ന് ആലോചിക്കണം. പുതിയ ആശയങ്ങള്‍ കണ്ടെത്തി അത് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനം ഉണ്ടാകണം. നല്ല നേതൃശേഷിയും വിശ്വസ്തതയും സുതാര്യതയും വളര്‍ച്ചയ്ക്ക് ബലമേകും.

പ്രവാസികള്‍ കരുത്ത്

പ്രവാസികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുന്നതു പോലെ ബിസിനസ് മേഖലയിലും വലിയ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തിയുള്ളവരാണ്. അവരിലൂടെയാണ് മേക്കിംഗ് ഇന്ത്യ, മേക്കിംഗ് കേരള സ്വപ്‌നങ്ങള്‍ എളുപ്പത്തില്‍ പൂവണിയുക. ഇവിടെ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാം. ഇപ്പോള്‍ ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണ് നമ്മള്‍. പുതിയ ബിസിനസ് സംരംഭങ്ങള്‍ വരുന്നതോടെ നമുക്ക് വേണ്ടത് നാം തന്നെ ഉണ്ടാക്കുകയും പുതിയ സാഹചര്യത്തില്‍ വര്‍ധിച്ചു വരുന്ന കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാരിന്റെ വരുമാനം കൂടുകയും ചെയ്യും. സര്‍ക്കാരും ജനങ്ങളും മാധ്യമങ്ങളുമെല്ലാം മേക്കിംഗ് കേരള മിഷനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ചെറിയ ദോഷങ്ങള്‍ കണ്ടില്ലെന്ന് നടിക്കാം

വളരെയേറെ പ്രയോജനപ്രദമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ ചില ദോഷങ്ങളുമുണ്ടാകാം. ചെറിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതില്‍ വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയാറാവണം. ലോകത്തിന്റെ ഏതു ഭാഗത്ത് സംരംഭം നടത്തുമ്പോഴും അതുണ്ടാകും. മലിനീകരണം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. അതിനുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം.

റിസോഴ്‌സ് ഉണ്ട്

ഇന്ത്യയ്ക്ക് ഉള്ളതു പോലെ മികച്ച മനുഷ്യവിഭവ ശേഷി മറ്റാര്‍ക്കാണുള്ളത്. 20 നും 40 നും ഇടയില്‍ പ്രായമുള്ള അനുഭവ പരിജ്ഞാനവും മികച്ച വിദ്യാഭ്യാസവും നൈപുണ്യവുമുള്ള യുവജനങ്ങള്‍ നമ്മുടെ ശക്തിയാണ്. അത് പരമാവധി ഉപയോഗിക്കണം. പണമുള്ളവര്‍ അതു നല്‍കുക, നൈപുണ്യമുള്ളവര്‍ അതും. പരസ്പരം താങ്ങായാല്‍ എളുപ്പത്തില്‍ വിജയിക്കാനാകും.

കൃഷിയിലും സാധ്യത

കൃഷിക്ക് അനുകൂലമായ കേരളത്തിന്റെ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ. കൊവിഡ് നല്‍കിയ പാഠങ്ങളിലൊന്നാണത്. അതാത് പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച കൃഷി തെരഞ്ഞെടുത്ത് ലാഭകരമായി കൃഷി നടത്താനാവണം. അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. റബ്ബറിനും തേയിലയ്ക്കും പകരം അനുയോജ്യമായ മറ്റു കൃഷി ചെയ്യണം. അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം ഇനി ലഭ്യമാകണമെന്നില്ല. അതുകൂടി മുന്നില്‍ കണ്ടു വേണം തീരുമാനങ്ങളെടുക്കാന്‍.
മലയാളികള്‍ ഏതൊരു രാജ്യത്തും വിജയിച്ച ചരിത്രമേയുള്ളൂ. അതിവിടെയും ആവര്‍ത്തിക്കാനാവും. അണുബോംബില്‍ നശിച്ച ജപ്പാന്റെ അതിജീവനം ലോകം കണ്ടതാണ്. കൊവിഡിനു ശേഷം നമുക്കും അതിനു കഴിയും. കഴിയണം. - എം പി അഹമ്മദ് പറയുന്നു.

( എം പി അഹമ്മദുമായി, കോഴിക്കോട് ആസ്ഥാനമായ ആഷിക് സമീര്‍ അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സിഎസ് എ എം ആഷിക് എഫ്‌സിഎസ് നടത്തിയ സംഭാഷണത്തെ അടിസ്ഥാനമാക്കി തയാറാക്കിയത് )

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it