'കള്ളനെന്നു വിളിക്കും മുമ്പ് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ'; ട്വിറ്ററിലെ കളിയാക്കലുകള്‍ക്ക് മറുപടിയുമായി മല്യ
9,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയ്‌ക്കൊപ്പം നില്‍ക്കുന്ന ക്രിസ് ഗെയിലിന്റെ ചിത്രത്തോടൊപ്പം വിജയ് മല്യ വിവാദം വീണ്ടും ട്വിറ്റര്‍ ചര്‍ച്ചകളില്‍ സജീവമാകുകയാണ്. 'ബിഗ് ബോസിനെ കണ്ടുമുട്ടിയപ്പോള്‍' എന്ന അടിക്കുറിപ്പോടെ ഗെയില്‍ പങ്കുവച്ച ചിത്രത്തോടൊപ്പമാണ് പുതിയ ചര്‍ച്ചയും പൊട്ടിപ്പുറപ്പെട്ടത്.
ചിത്രം വൈറലായതോടെ നിരവധി ട്രോളുകളും മീമുകളുമാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനു പിന്നാലെ ഒരാള്‍ 'ചോര്‍' എന്ന് വിളിച്ചുള്ള കമന്റും പാസാക്കി. അതിന് മറുപടിയുമായാണ് മല്യ എത്തിയത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉടമയായിരുന്നു മല്യ. രാജ്യ സ്‌നേഹമുള്ള മല്യ ഇന്ത്യക്കാരെ മാത്രമേ പറ്റിക്കൂവെന്നും മല്യ ഭയക്കേണ്ടതില്ലെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. വായ്പയുടെ നൂറ് ശതമാനവും തിരിച്ചടയ്ക്കാം എന്ന് പറഞ്ഞിട്ടും എന്തുക്കൊണ്ടാണ് അത് സ്വീകരിക്കാത്തത് എന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ എന്നാണ് മല്യ പറയുന്നത്. വസ്തുതകള്‍ മനസിലാക്കിയ ശേഷം ആരാണ് കള്ളനെന്ന് തീരുമാനിക്കൂ എന്നും ട്വീറ്റില്‍ പറയുന്നു.
2016 മാര്‍ച്ചില്‍ നാടുവിട്ട മല്യയെ മുബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്.