വ്യവസായ ഉല്‍പ്പാദക മേഖലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്

പിഎംഐ ഒക്റ്റോബറില്‍ 50.6; നവംബറില്‍ 51.2

കഴിഞ്ഞ മാസം ഇന്ത്യയുടെ വ്യവസായോല്‍പ്പാദക മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി രേഖപ്പെടുത്തിയെന്ന നിരീക്ഷണവുമായി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് അടിസ്ഥാനമാക്കി (പിഎംഐ) യുള്ള ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ഒക്റ്റോബറില്‍ പിഎംഐ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന തലമായ 50.6 ല്‍ ആയിരുന്നുവെങ്കില്‍ നവംബറില്‍  51.2 ലേക്ക് മെച്ചപ്പെട്ടു. പിഎംഐ 50ന് മുകളിലാണെങ്കില്‍ മേഖലയുടെ വളര്‍ച്ചയെയും 50ല്‍ താഴെയാണെങ്കില്‍ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി 28-ാം മാസമാണ് മാനുഫാക്ച്ചറിംഗ് പിഎംഐ 50ന് മുകളില്‍ നിലനില്‍ക്കുന്നത്.

‘ഒക്റ്റോബറിനെ അപേക്ഷിച്ച് നവംബറില്‍ പിഎംഐ മെച്ചപ്പെട്ടെങ്കിലും, ഫാക്ടറി ഓര്‍ഡറുകള്‍, ഉല്‍പ്പാദനം, കയറ്റുമതി എന്നിവയുടെ വികാസത്തിന്റെ നിരക്ക് 2019 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വളരെ പിന്നിവാണ്. അടിസ്ഥാനപരമായ ആവശ്യകതയിലെ ദുര്‍ബലാവസ്ഥയാണ് ഇതിന് കാരണം,’ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഐഎച്ച്എസ് മാര്‍ക്കിറ്റിലെ മുഖ്യ സാമ്പത്തിക വിദഗ്ധ പോളിയാന ഡി ലിമ പറഞ്ഞു.

പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും കൂടിയ ആവശ്യകതയും നവംബറിലെ വ്യവസായോല്‍പ്പാദക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ നയിച്ചപ്പോള്‍ മത്സര സമ്മര്‍ദങ്ങളും അസ്ഥിരമായ വിപണി സാഹചര്യങ്ങളും പ്രതിരോധ ഘടകങ്ങളായി.

‘ബിസിനസ്സ് ശുഭാപ്തിവിശ്വാസം പരിമിതമായിരിക്കുന്നത് സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം പ്രകടമാകുന്നതിന്റെ സൂചനയാണ്. ഒന്നര വര്‍ഷത്തിനിടെ കമ്പനികള്‍ ആദ്യമായി തൊഴിലുകള്‍ വെട്ടിക്കുറച്ചു. ഉല്‍പ്പാദനത്തിനായുള്ള വാങ്ങലിലും നവംബറില്‍ വീണ്ടും കുറവുണ്ടായി,’ ലിമ പറഞ്ഞു.മുന്നിലുള്ള വെല്ലുവിളികളില്‍ നിന്നു രക്ഷ നേടാന്‍ കമ്പനികള്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണിത്. നവംബറില്‍ ഇന്‍പുട്ട് ചെലവുകളിലും ഉല്‍പ്പന്ന വിലകളിലും നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here