മെഥനോള്‍ മിശ്രിത ഇന്ധനം ഇന്ത്യയില്‍ വ്യാപകമാക്കും

മെഥനോള്‍ മിശ്രിത ഇന്ധനത്തിന്റെ ഉപഭോഗം രാജ്യത്ത് വര്‍ദ്ധിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ധന ബില്‍ 10% താഴ്ത്താനും വാഹനങ്ങള്‍ വഴിയുള്ള മലിനീകരണ തോത് 30% കുറയ്ക്കാനുമാണ് ലക്ഷ്യം. വാര്‍ഷിക ഇറക്കുമതി ചെലവിനത്തില്‍ ഖജനാവിന് 5,000 കോടി രൂപ ലാഭം വരുമെന്നും കണക്കാക്കപ്പെടുന്നു.

ഇന്ധന വില്‍പ്പന കേന്ദ്രങ്ങള്‍ വഴി വാണിജ്യ ഉപയോഗത്തിനു മെഥനോള്‍ വ്യാപകമായി ലഭ്യമാക്കാന്‍ സാധ്യമായ നടപടികള്‍ വേണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് അയച്ച കത്തില്‍ പറയുന്നു.

പത്ത് ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനം ഇപ്പോള്‍ രാജ്യത്തെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.പക്ഷ്, ഒരു ലിറ്റര്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 42 രൂപ ചെലവുവരുന്നു. അതിനാല്‍ ഇന്ധന വിലയില്‍ കാര്യമായ മാറ്റം ഇത് പ്രതിഫലിപ്പിക്കുന്നില്ല. അതേസമയം മെഥനോളിന്റെ ഉല്‍പ്പാദനച്ചെലവ് ലിറ്ററിന് 20 രൂപയില്‍ താഴെയേ ഉള്ളൂ. അതിനാല്‍ മെഥനോള്‍ കലര്‍ത്തുന്നത് ഇന്ധന വില താഴാന്‍ സഹായിക്കും. ഒപ്പം എണ്ണ ഇറക്കുമതി ചെലവു കുറയ്ക്കാനും ഇടയാക്കും.

നിലവില്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാത്രമാണ് 15% മെഥനോളും 85% പെട്രോളും ചേര്‍ത്ത എം 15 മിശ്രിത ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നത്. വാണിജ്യാവശ്യത്തിന് ഇത് ലഭ്യമാണ്. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സിനും (സിയാം) മെഥനോള്‍ കലര്‍ന്ന ഇന്ധനത്തോട് അനുകൂല നിലപാടാണുള്ളത്. നിതി ആയോഗുമായി ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) സിഇഒ രാജേഷ് മേനോന്‍ പറഞ്ഞു.

നിലവില്‍ അസം പെട്രോകെമിക്കല്‍സാണ് രാജ്യത്ത് മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നിലവിലെ 100 ടണ്‍ പ്രതിദിന ഉല്‍പ്പാദനം 2020 ഏപ്രിലില്‍ 600 ടണ്ണായി ഉയര്‍ത്താനാണ് പദ്ധതി. പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും കല്‍ക്കരി ഖനികളില്‍ നിന്ന് വൈകാതെ മെഥനോള്‍ ഉല്‍പ്പാദനം ആരംഭിക്കാനിരിക്കുകയാണ്.

രണ്ട് വര്‍ഷമായി 'മെത്തനോള്‍ ഇക്കോണമി പ്രോജക്ടി'ന് ചുക്കാന്‍ പിടിക്കുന്ന നിതി ആയോഗ് അംഗം വി കെ സരസ്വത് തികഞ്ഞ പ്രതീക്ഷയിലാണ്. എം 15 മിശ്രിത ഇന്ധനത്തിന്റെ 65,000 കിലോമീറ്റര്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മെഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നതിന് വാഹനങ്ങളില്‍ പരിഷ്‌കരണം ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.15% മിശ്രിത ഇന്ധനം ഗതാഗതത്തിനും പാചകത്തിനും ഉപയോഗിക്കുന്നപക്ഷം 2030 ഓടെ ക്രൂഡ് ഇറക്കുമതിയില്‍ 100 ബില്യണ്‍ ഡോളര്‍ കുറയുമെന്ന് നിതി ആയോഗ് പ്രതീക്ഷിക്കുന്നു.

ആഗോളതലത്തില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിവര്‍ഷം 5 ലക്ഷം കോടി രൂപയാണ്. പ്രതിവര്‍ഷം 2,900 കോടി ലിറ്റര്‍ പെട്രോളും 9,000 കോടി ലിറ്റര്‍ ഡീസലും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it