മൈക്രോമാക്‌സിന് എന്താണ് സംഭവിച്ചത്?

എന്താണ് മൈക്രോമാക്‌സിന് സംഭവിച്ചത്?

ഒരു കാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗമായിരുന്നു മൈക്രോമാക്‌സ് സ്മാര്‍ട്ട് ഫോണുകള്‍. വില കൂടിയ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാന്‍ കഴിവില്ലാത്ത സാധാരണക്കാര്‍ക്ക് കൂടുതല്‍ ഫീച്ചറുകളുള്ള വില കുറഞ്ഞ ഫോണുകളാണ് ഈ ഇന്ത്യന്‍ കമ്പനി നല്‍കിയത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്നായിരുന്നു സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൈക്രോമാക്‌സിന്റെ വളര്‍ച്ച. എന്നാല്‍ ഇന്ന് മൈക്രോമാക്‌സ് ഫോണുകള്‍ അത്യപൂര്‍വമായേ കാണാനുള്ളൂ. പകരം ചൈനീസ് കമ്പനികളായ ഒപ്പോയും വിവോയും ഷവോമിയുമൊക്കെയാണ് വിപണിയിലെ മുമ്പന്മാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൈക്രോമാക്‌സ് നേടിയ വരുമാനം 2368.79 കോടി രൂപയാണ്. അതായത് തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ 45 ശതമാനം വില്‍പ്പനയിടിവാണ് മൈക്രോമാക്‌സ് നേരിട്ടത്.

മൈക്രോമാക്‌സിന്റെ ഉദയം


നോകിയ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായാണ് മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സിന്റെ കടന്നു വരവ്. പേഫോണുകളായിരുന്നു മുഖ്യമായും വിറ്റിരുന്നത്. നോകിയ പേ ഫോണ്‍ ബിസിനസ് അവസാനിപ്പിച്ചപ്പോള്‍ മൈക്രോമാക്‌സ് സ്വന്തം നിലയ്ക്ക് ചൈനയില്‍ നിന്ന് ഫോണുകള്‍ ഇറക്കുമതി ചെയ്തു തുടങ്ങി. ഇത് മൈക്രോമാക്‌സ് എന്ന ബ്രാന്‍ഡ് നെയ്മില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
മൈക്രമാക്‌സിന്റെ വിജയം ചൈനീസ് കമ്പനികളുടെ കണ്ണ് തുറപ്പിച്ചു. വിശാലമായ ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ മനസ്സിലാക്കിയ അവര്‍ കുറഞ്ഞ വിലയില്‍ അവരുടെ സ്വന്തം ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി. ഇത് മൈക്രോമാക്‌സിന് നല്‍കിയ പ്രഹരം ചെറുതല്ല.

ഇന്നവേഷന് പുറം തിരിഞ്ഞു നിന്നു

ഇന്നവേഷന് പ്രാധാന്യം നല്‍കാതെ ലാഭത്തില്‍ മാത്രം കണ്ണു നട്ടാണ് അന്ന് ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിച്ചത്. മൈക്രോമാക്‌സും വ്യത്യസതമായില്ല. പുതിയ ഫീച്ചറുകളും മറ്റും കണ്ടെത്തി അവതരിപ്പിക്കുന്നതിനു പകരം ചൈനയില്‍ നിന്നുള്ളവ റീ പായ്ക്ക് ചെയ്ത് പുറത്തിറക്കുക മാത്രമായിരുന്നു അവര്‍ ചെയ്തത്. 2014-15 ല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന സഞ്ജയ് കപൂര്‍ ബംഗളൂരുവില്‍ മൈക്രോമാക്‌സിന് ആര്‍ & ഡി വിഭാഗം തുറന്നു. സോഫ്റ്റ് വെയര്‍ ഉണ്ടാക്കുന്നതിനായി നൂറോളം എന്‍ജിനീയര്‍മാരെയും നിയമിച്ചു. എന്നാല്‍ മൈക്രോമാക്‌സ് മാനേജ്‌മെന്റിന് അത് ഇഷ്ടമായില്ല. സഞ്ജയ് കപൂറിനെ കമ്പനിയില്‍ നീക്കുകയാണ് അവര്‍ ചെയ്തത്.

ജിയോയുടെ വരവ്

ജിയോ 4ജി എന്ന പുതിയ മേഖല തുറന്നപ്പോള്‍ അത് പ്രയോജനപ്പെടുത്താനുള്ള സാങ്കേതിക മികവ് മൈക്രോമാക്‌സ് ഉള്‍പ്പടെയുള്ള പല ഇന്ത്യന്‍ സമാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും ഇല്ലാതെ പോയി. മൈക്രോമാക്‌സിന്റെ 70 ശതമാനം ഫോണുകളും 3ജി മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരുന്നു. മറ്റു ബ്രാന്‍ഡുകള്‍ വിപണി കീഴടക്കിയതിനു ശേഷം വളരെ വൈകിയാണ് മൈക്രോ മാക്‌സ് ഈ രംഗത്ത് എത്തിയത്.

മാറ്റങ്ങളോട് പ്രതികരിച്ചില്ല

5000-10000 രൂപ വിലയുള്ള ഫോണുകളായിരുന്നു മൈക്രമാക്‌സ് പ്രധാനമായും വിപണിയിലെത്തിച്ചത്. ഈ വിലയിലുള്ള നിരവധി ഫോണുകള്‍ ലഭിക്കുന്നതിനാല്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. പിന്നീട് വളരെയേറെ ലാഭ സാധ്യതയേറിയ പ്രീമിയം ഫോണ്‍ സെഗ്മെന്റിലേക്ക് മാറാന്‍ മൈക്രോമാക്‌സ് തയാറായതുമില്ല. മൈക്രോമാക്‌സ് ടര്‍ബോ എന്ന പേരില്‍ പിന്നീട് ഇതിനായി ശ്രമിച്ചെങ്കിലും ഏറെ വൈകിപ്പോയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it