ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളിലെ അതിഥി തൊഴിലാളികളും കൂട്ടത്തോടെ മടങ്ങുന്നു, കമ്പനി തുറക്കുമ്പോള്‍ ജീവനക്കാരില്ലാതെ ചെറുകിട സംരംഭകര്‍

''മൂന്നു നേരവും മുടങ്ങാതെ ഭക്ഷണം, സൗജന്യ താമസം, വൈദ്യുതി, വെള്ളം എല്ലാം നല്‍കി ഞാന്‍ സംരംക്ഷിച്ചിരുന്നവരാണ് അവരെല്ലാം. നാട്ടിലേക്ക് ട്രെയ്ന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവരെല്ലാം പോകാന്‍ തയ്യാറായി വന്നു. തടയാന്‍ പറ്റില്ല. അവര്‍ക്കും കുടുംബവും ബന്ധുക്കളും എല്ലാമുണ്ട്. പക്ഷേ സര്‍ക്കാര്‍ സംരംക്ഷിക്കുന്ന അസംഘടിത മേഖലയില്‍ പണി ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളികളെയും വ്യവസായ മേഖലകളില്‍ പണിയെടുത്തിരുന്ന, സര്‍ക്കാരില്‍ നിന്നും സഹായമില്ലാതെ സംരംഭകര്‍ സംരംക്ഷിച്ചിരുന്ന അതിഥി തൊഴിലാളികളില്‍ അത്യാവശ്യക്കാരെയും ആദ്യഘട്ടത്തില്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. ഇതിപ്പോ കമ്പനി തുറക്കാമെന്നായപ്പോള്‍ പണിക്കാരില്ലാതെയായി,'' തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു ചെറുകിട സംരംഭകന്‍ തന്റെ അവസ്ഥ വിവരിക്കുന്നതിങ്ങനെ.

സംസ്ഥാനത്തുനിന്ന് അതിഥി തൊഴിലാളികളെ തീവണ്ടി മാര്‍ഗ്ഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ കേരളത്തിലെ സംരംഭകര്‍ സ്വന്തം പണം മുടക്കി സംരക്ഷിച്ചിരുന്നവര്‍ ആദ്യഘട്ടത്തിലേ തിരിച്ചുപോകാന്‍ തയ്യാറെടുക്കുകയാണ്. ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ച് പല സംരംഭകരും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്നത് ഇവരെ പ്രതിസന്ധിയിലാക്കുന്നു.

നാട്ടിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവരെ മാത്രം മടക്കി അയച്ചാല്‍ മതി, നിര്‍ബന്ധിച്ച് ആരെയും മടക്കി അയക്കേണ്ട എന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യവസായ മേഖലകളിലെ സംരംഭകര്‍ക്ക് തൊഴിലാളികളോട് തീവണ്ടികളുടെ വിവരം പറയാതിരിക്കാനാവില്ല.

അതോടെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട്, ചെറുകിട സംരംഭകര്‍ സംരംക്ഷിക്കുന്നവര്‍ പോലും പോകാന്‍ തയ്യാറാകും. അവരെ തടയാനും സംരംഭകര്‍ക്ക് സാധിക്കില്ല. ഉദാഹരണത്തിന് ഒല്ലൂര്‍ വ്യവസായ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്തിരുന്ന 400 അതിഥി തൊഴിലാളികളില്‍ ആദ്യം നാട്ടില്‍ പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് 50 ഓളം പേരായിരുന്നു. പക്ഷേ ഒരു രാത്രി കടന്നുപോയപ്പോള്‍ എണ്ണം 200 ആയി. ''ആരും പോകരുതെന്ന് പറയുന്നില്ല. പക്ഷേ കമ്പനി തുറക്കാന്‍ നേരം എല്ലാവരും കൂട്ടത്തോടെ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഞങ്ങള്‍ പിന്നെങ്ങനെ പ്രവര്‍ത്തിക്കും,'' ഒരു സംരംഭകന്‍ ചോദിക്കുന്നു.

കൂലിയും പിന്നെ അഡ്വാന്‍സും വേണം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംരംഭകര്‍ കൊണ്ടുവന്ന് താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന അതിഥി തൊഴിലാളികള്‍ പൊതുവേ നാട്ടില്‍ തിരിച്ചുപോകുമ്പോഴാണ് വേതനം കണക്കുപറഞ്ഞ് തീര്‍ക്കുന്നത്. പലര്‍ക്കും അത് നല്‍കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ പലരും തൊഴിലുടമയോട് അഡ്വാന്‍സ് തുക ചോദിക്കുന്നുണ്ട്. തിരിച്ചെത്തുമ്പോള്‍ കണക്കു പറയാമെന്നാണ് അവരുടെ വാദം. നാല്‍പ്പതുദിവസത്തോളമായി പൂട്ടികിടക്കുന്ന വ്യവസായ സ്ഥാപനത്തിന്റെ ഉടമ അതിഥി തൊഴിലാളികളുടെ ഈ ആവശ്യത്തിന് മുന്നില്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്.

നാട്ടില്‍ നിന്ന് തൊഴിലാളികളെ കിട്ടാന്‍ പ്രയാസം

കേരളത്തില്‍ നിന്ന് പുറത്തേക്ക് ജീവനക്കാര്‍ പോകുന്നതുപോലെ കേരളത്തിനകത്തേക്ക്, ഗള്‍ഫില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ വരില്ലേ. ഇനി അവര്‍ക്ക് തൊഴില്‍ നല്‍കി കൂടേ എന്നതാണ് മറ്റൊരു വാദം.

എന്നാല്‍ കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭൂരിഭാഗം പേരും ഇപ്പോള്‍ നാട്ടിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ ജോലികള്‍ അതിവേഗം സ്വീകരിക്കുകയോ പുറത്തുനിന്ന് അവര്‍ നേടിയിരുന്ന വേതനത്തിന്റെ മൂന്നിലൊന്നു പോലുമില്ലാത്ത വേതനത്തില്‍ ഇവിടെ തൊഴിലെടുക്കാന്‍ തയ്യാറാവുകയോ പെട്ടെന്ന് ചെയ്യുമെന്ന് തോന്നുന്നില്ല.

തൊഴിലാളികളെ ലഭ്യമാക്കാന്‍ വേണം ഭാവനാപൂര്‍ണമായ നടപടികള്‍

കേരളത്തിലെ പല മേഖലകളും ലാഭകരമായി പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ഒരു ഘടകം അതിഥി തൊഴിലാളികളാണെന്നത് യാഥാര്‍ഥ്യമാണ്.

ഇപ്പോള്‍ കേരളത്തില്‍ നിന്ന് മടങ്ങുന്നവര്‍ തിരിച്ചെത്തുമ്പോള്‍ കുറച്ചുകൂടി പ്രൊഫഷണലായ രീതിയില്‍ അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

a. ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, അവരുടെ നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, കേരള സര്‍ക്കാരും തൊഴിലുടമയും സംയുക്തമായി നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റ് എന്നിവ നിര്‍ബന്ധമായും കൈയിലുണ്ടാകണം. ഇത് തൊഴിലുടമയ്ക്കും സര്‍ക്കാരും നാട്ടുകാര്‍ക്കും ഗുണകരമാകും.

b. ഇതോടൊപ്പം കേരളത്തിലെ യുവാക്കളെയും ആരോഗ്യമുള്ളവരെയും വിദ്യാസമ്പന്നരെയും തൊഴില്‍ മേഖലയില്‍ ഇറക്കാനും പദ്ധതി വേണം. 30 ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ ഇവിടെ പണിയെടുക്കുമ്പോള്‍ ഇപ്പോഴും കേരളത്തിലുള്ളവര്‍ക്ക് തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുന്നു.കേരളത്തിലെ ഓരോ ഇലക്ട്രിക് പോസ്റ്റിന്റെ സമീപത്തും ഇപ്പോള്‍ ലോട്ടറി വില്‍പ്പനക്കാരെ കാണാം. ഇവരില്‍ കുറേ പേര്‍ അംഗവൈകല്യമുള്ളവരോ വൃദ്ധരോ നിരാലംബരോ ആയിരിക്കാം. പക്ഷേ നല്ല ആരോഗ്യവും യുവത്വവും ഉള്ളവര്‍ പോലും ഈ രംഗത്തുണ്ട്. ലോട്ടറി ഏജന്‍സി നല്‍കുമ്പോള്‍ വൃദ്ധര്‍, നിരാലംബര്‍ എന്നിവര്‍ക്കൊക്കെ മുന്‍ഗണന നല്‍കിയാല്‍ ബാക്കിയുള്ളവര്‍ ശാരീരിക അധ്വാനം വേണ്ട ജോലികളിലേക്ക് തിരിയുകയും അത് കേരളത്തിലെ തൊഴില്‍ മേഖലയ്ക്ക് മുതല്‍ കൂട്ടാവുകയും ചെയ്യും.

c. തൊഴിലുറപ്പ് പദ്ധതിയിലും സമൂലമായ മാറ്റം കൊണ്ടുവരണം. വ്യവസായ ശാലകളിലും ഹോട്ടലുകളിലും ഒക്കെ ജോലിയെടുക്കാന്‍ മലയാളികളെ പ്രേരിപ്പിക്കണം.

d. മലയാളികളെ ജീവനക്കാരായി നിയമിക്കുന്ന സംരംഭകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാര്‍ തയ്യാറാകാണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it