സൗരോര്‍ജ്ജത്തില്‍ നിന്നുമാത്രം 1000 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം
പൊതുജന പങ്കാളിത്തത്തോടെ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഊര്‍ജ്ജോല്‍പ്പാദന രംഗത്തെ പുത്തന്‍ സാധ്യതയായ സൗരോര്‍ജ്ജത്തില്‍ നിന്നുമാത്രം 1000 മെഗാവാട്ട് വൈദ്യതി ഉല്‍പ്പാദിപ്പിക്കണമെന്ന വലിയൊരു ലക്ഷ്യത്തിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ചുവടുവച്ചിരിക്കുന്നത്. ഊര്‍ജ്ജോല്‍പ്പാദന രംഗത്ത് കേരളത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഈ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചുമൊക്കെ വൈദ്യുതി വകുപ്പ് മന്ത്രിയായ എം.എം.മണി ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
സംസ്ഥാനത്തെ വൈദ്യുതോല്‍പ്പാദന മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സുപ്രധാന നടപടികള്‍?
കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി വരുന്ന 70 ശതമാനവും ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നതിനാലാണ് വൈദ്യുതി കട്ടില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ 865 മെഗാവാട്ട് വൈദ്യുതി നമ്മള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. അതുകൊണ്ട് പുതിയ മാര്‍ഗങ്ങളിലൂടെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ 1000 മെഗാവാട്ട് വൈദ്യുതി സോളാറിലൂടെ ഉല്‍പ്പാദിപ്പിക്കാനാണ് ഗവണ്‍മെന്റും വൈദ്യുതി ബോര്‍ഡും ലക്ഷ്യമിടുന്നത്. അതിലേക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. ഇതിനുപുറമേ ഏതെങ്കിലും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ചെയ്യാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇടുക്കിയില്‍ ഒരു രണ്ടാം പവര്‍ഹൗസിനുള്ള സാധ്യത ഉണ്ടെന്നാണ് നിഗമനം.
സൗരോര്‍ജ്ജ രംഗത്തെ ഉല്‍പ്പാദന ലക്ഷ്യം ഏതൊക്കെ വിധത്തിലായിരിക്കും നേടിയെടുക്കുക?
കെട്ടിടങ്ങളുടെ മുകളിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി ക്കൊണ്ടുള്ള പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി മുഖേനയാണ് 500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. ഇതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് തുടങ്ങിക്കഴിഞ്ഞു. ഇതേവരെ 120000 ആളുകള്‍ ഈ പദ്ധതിയിലേക്ക് പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തിന് ഗുണകരമായ വലിയൊരു ചലനമാണ് ഈ രംഗത്തുണ്ടാകുന്നത്. മറ്റൊരു 500 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതി മുഖേനയാണ് ഉല്‍പ്പാദിപ്പിക്കുക. ഇതിലേക്കായി ഇടുക്കി അടക്കമുള്ള അണക്കെട്ടുകളെ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയുള്ള പഠനം നടത്താന്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പും വൈദ്യുതി ബോര്‍ഡും തമ്മില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമില്‍ ഒമ്പത് കോടി രൂപ ചെലവില്‍ ഒരു ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതി ഞങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനാല്‍ സമീപഭാവിയില്‍ തന്നെ കേരളത്തിലെ ഊര്‍ജ്ജോല്‍പ്പാദന രംഗത്ത് സോളാറിലൂടെ പുതിയൊരു മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഗവണ്‍മെന്റിനുള്ളത്.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് സോളാര്‍ എനര്‍ജി എത്രത്തോളം പരിഹാരമാകും?
സോളാറിലൂടെ 1000 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ചാല്‍ ഇപ്പോഴുള്ള ചെറുകിട പവര്‍ സ്റ്റേഷനുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൂടി ഉപയോഗിച്ച് പകല്‍ സമയത്തെ വൈദ്യുതിയുടെ ആവശ്യം നിറവേറ്റാനാകും. എന്നാല്‍ പകല്‍ സമയത്തെക്കാള്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ളത് രാത്രിയിലാണ്. ഇടുക്കിയില്‍ ഒരു രണ്ടാം പവര്‍ സ്റ്റേഷന്‍ കൂടി സ്ഥാപിച്ച്
അതും നിലവിലുള്ള പവര്‍ സ്റ്റേഷനും കൂടി രാത്രി കാലത്ത് ഉപയോഗപ്പെടുത്തുന്നതിലൂടെ രാത്രിയിലെ വൈദ്യുതിയുടെ ആവശ്യകതയും നിറവേറ്റാനാകുമെന്നാണ് ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്.
സൗരോര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളികള്‍?
സൗരോര്‍ജ്ജം ഉപയോഗിച്ച് പകല്‍ മാത്രമേ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകൂ. രാത്രി കാലങ്ങളില്‍ അത് പ്രയോജനപ്പെടുത്തണമെങ്കില്‍ ബാറ്ററി വേണം. പക്ഷെ ബാറ്ററിയുടെ ചെലവ് വളരെ കൂടുതലാണെന്നതാണ് പ്രശ്‌നം. എന്നാല്‍ ചെലവ് കുറഞ്ഞ ബാറ്ററികള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭാവിയില്‍ ബാറ്ററികളുടെ ചെലവും വളരെയേറെ കുറയാനിടയുണ്ട്.
ചെറുകിട ജലവൈദ്യുത പദ്ധതികളോടുള്ള സര്‍ക്കാരിന്റെ സമീപനം എന്താണ്?
ഇപ്പോള്‍ പണം മുടക്കി വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ ചെറുകിട ജലവൈദ്യുത പദ്ധതികളും പൂര്‍ത്തിയാക്കും. എന്നാല്‍ പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഇനി നടപ്പാക്കില്ല. കാരണം ഇത്തരം പദ്ധതികള്‍ കൊണ്ട് പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കുന്നില്ലെന്ന് മാത്രവുമല്ല നഷ്ടവുമാണ്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ 19 ചെറുകിട പവര്‍ സ്റ്റേഷനുകളാണ് കല്ലും മണ്ണും കയറി മൂടിപ്പോയത്. അവയില്‍ കുറെ എണ്ണം മാത്രമേ ഇതുവരെ നമുക്ക് പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടുള്ളൂ.
ക്രോസ് സബ്‌സിഡി ഒഴിവാക്കണമെന്ന കേന്ദ്ര നിര്‍ദേശം ഈ മേഖലയില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കും?
താപനിലയങ്ങളിലും മറ്റുമായി വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ കുത്തക കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണിത്. പ്രത്യേക വിതരണ കമ്പനികള്‍ സ്ഥാപിക്കുന്നതിലൂടെ അവര്‍ തമ്മില്‍ വൈദ്യുതി വില്‍പ്പനയും നടത്തും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സബ്‌സിഡി ഒഴിവാക്കപ്പെടുമ്പോള്‍ വന്‍കിടക്കാര്‍ക്ക് ഇളവ് ലഭിക്കുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇതിനെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നു. കേന്ദ്ര നയത്തിന് എതിരെ മറ്റ് സംസ്ഥാനങ്ങളെക്കൂടി അണിനിരത്തുന്നതിനായി അവര്‍ക്കൊക്കെ ഞാന്‍ കത്ത് അയക്കുകയും ചിലര്‍ അതിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിലേക്കായി മുഖ്യമന്ത്രിയെ കൊണ്ട് ഒരു യോഗം വിളിപ്പിക്കുന്നതിനും ഞങ്ങള്‍ ആലോചിക്കുന്നു.
സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയിലൂടെ അതിനെ പ്രതിരോധിക്കാനാകുമോ?
അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതൊക്കെ പതിറ്റാണ്ടുകളായി ഈ രംഗത്ത് തുടര്‍ന്ന് വരുന്ന നയങ്ങളുടെ പ്രശ്‌നമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസും പിന്നീട് ബി.ജെ.പിയും കൊണ്ടുവന്ന നിയമങ്ങളാണ് ഇവയൊക്കെ. എന്നാല്‍ വരുന്ന പൊതുതെരെഞ്ഞെടുപ്പോടെ ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റാകും കേന്ദ്രത്തില്‍ അധികാരത്തിലെത്തുക. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കൂട്ടുകക്ഷി ഭരണമായിരിക്കും രാജ്യത്തിന് ഗുണകരം. എങ്കില്‍ മാത്രമേ ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായൊരു സമ്മര്‍ദം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.