ഡാന്യൂബ് വീണ്ടും സുമുഖിയാകും; അണക്കെട്ടുകള്‍ നീക്കം ചെയ്യുന്നു
പാരിസ് കരാറിനോട് അനുബന്ധിച്ച് മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ഈ മാസം സമാപിച്ചത് ക്രിയാത്മക തീരുമാനങ്ങളില്ലാതെ യായിരുന്നു. 2015 ലെ പാരീസ് ഉടമ്പടി അനുസരിച്ച് 1.5 ഡിഗ്രിയായി കാര്‍ബണ്‍ ബഹിര്‍ഗമനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായുള്ള നടപടികള്‍ക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ബാസ് ഐക്കൗട്ട് പറഞ്ഞത്.
ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ ഫലപ്രദമായ നടപടികള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു മാഡ്രിഡ് ഉച്ചകോടിയുടെ അജണ്ട. എന്തായലും ഉച്ചകോടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെങ്കിലും ആഗോളതാപനം കുറയ്ക്കാന്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ മാറ്റം വ്യതിയാനങ്ങളുണ്ടാക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ പലതരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് ലോകം. ഒരു രാജ്യത്തിനും അതില്‍നിന്നും വിട്ടുനില്‍ക്കാനാകില്ല. നോക്കിനില്‍ക്കെത്തന്നെ ഭൂമിയില്ലാതാവുന്നതും പ്രകൃതിദുരന്തങ്ങള്‍ ജീവജാലങ്ങളുടെ ജീവനെടുക്കുന്നതും തുടര്‍ക്കഥയാവുന്നു. ഇനിയും ഈ പോക്ക് തുടരുകയാണെങ്കില്‍ ഈ ലോകം എത്രകാലം ഇങ്ങനെ നിലനില്‍ക്കുമെന്നത് പോലും ചോദ്യചിഹ്നമായി മാറും.
എന്നാല്‍, കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങളെ ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭൂമിയെ തിരിച്ചെടുക്കുന്നതിനുള്ള പലവിധ പ്രവര്‍ത്തനങ്ങളും പല രാജ്യങ്ങളും ഏറ്റെടുത്തു നടത്തുന്നു. അത്തരം പ്രവര്‍ത്തനങ്ങളാണ് ഡാന്യൂബ് നദിയുമായി ബന്ധപ്പെട്ട് നടക്കുന്നതും. ഡാന്യൂബ് നദിയില്‍ സ്ഥാപിച്ച അണക്കെട്ടുകള്‍ ആവാസവ്യവസ്ഥയെ എങ്ങനെ തകര്‍ത്തുകളഞ്ഞു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ആ അണക്കെട്ടുകള്‍ നീക്കം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു കഴിഞ്ഞു. തണ്ണീര്‍ത്തടങ്ങളെ തിരികെയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
1970 -കളില്‍, 11 അണക്കെട്ടുകളാണ് സരത, കോഗില്‍നിക് നദികളില്‍ നിര്‍മ്മിക്കപ്പെട്ടത്. ആ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് അവിടെ തണ്ണീര്‍ത്തടങ്ങളുണ്ടായിരുന്നു. അവിടെ പക്ഷികളും മൃഗങ്ങളും മറ്റ് ജീവജാലങ്ങളുമടങ്ങുന്ന ആവാസവ്യവസ്ഥ ഭീഷണിയില്ലാതെ നിലനിന്നുപോന്നിരുന്നു. നദികളുടെ ജൈവികമായ ഒഴുക്ക് അതിന് കാരണമായിത്തീര്‍ന്നു.വെറ്റ് ലാന്‍ഡ് ഇന്റര്‍നാഷണലിന്റെ അഭിപ്രായത്തില്‍, ലോകത്തിലെ 64 ശതമാനം തണ്ണീര്‍ത്തടങ്ങളും 1900 മുതല്‍ അപ്രത്യക്ഷമായിട്ടുണ്ട്, വ്യാവസായിക വിപ്ലവം ആരംഭിച്ചതിനുശേഷം ഏകദേശം 90 ശതമാനത്തോളം തണ്ണീര്‍ത്തടങ്ങളാണ് ഇല്ലാതെയായത്.
ഏതായാലും ഇപ്പോള്‍ ഈ തണ്ണീര്‍ത്തടങ്ങളെ തിരികെയെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. മനുഷ്യരടക്കം സര്‍വജീവജാലങ്ങളുടേയും നിലനില്‍പ്പ് തന്നെ ഇല്ലെങ്കില്‍ ഭീഷണിയായി മാറും എന്ന തിരിച്ചറിവാണ് ഇതിന് കാരണം. യൂറോപ്പ് പുനര്‍ നിര്‍മ്മാണ് പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച തുകയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഡാന്യൂബിന്റെ 20 ശതമാനം മാത്രമാണ് ഉക്രെയിനിലൂടെ ഒഴുകുന്നതെങ്കിലും അവിടെയും ഈ തിരിച്ചെടുക്കല്‍ പക്രിയ സജീവം.ഉക്രെയിന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ വിവിധ ദ്വീപുകളിലടക്കം കഴുതകളും കാട്ടുപോത്തുകളുമടക്കം മൃഗങ്ങള്‍ തിരികെയെത്തുമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിനു പ്രതീക്ഷയുണ്ട്. അവിടത്തെ എര്‍മാക്കോവ് ദ്വീപില്‍ ദ്വീപില്‍ പഴയ അണക്കെട്ടുകള്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നു പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മിഖായെലോ നെസ്റ്റെരെന്‍കോ പറയുന്നു.
തണ്ണീര്‍ത്തടങ്ങളുടെ ഭാവിയെക്കുറിച്ച് നെസ്റ്റെരെന്‍കോ പ്രത്യാശ പ്രകടിപ്പിക്കുന്നു.'ലോകമാകെ വെള്ളപ്പൊക്കമടക്കം ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭയങ്കരമായ വെള്ളപ്പൊക്കം അനുഭവിച്ചിരുന്ന ഡച്ചുകാരില്‍ നിന്ന് നാം പഠിക്കേണ്ടതുണ്ട്. ജലത്തെ കുറിച്ച്, തണ്ണീര്‍ത്തടങ്ങളുടെയും അതിനുചുറ്റുമുള്ള ആവാസവ്യവസ്ഥയുടെയും പ്രാധാന്യത്തെ കുറിച്ച് അവര്‍ പഠിച്ചു കഴിഞ്ഞു. അത് ലോകം മുഴുവന്‍ അറിയേണ്ടതുണ്ട്, അല്ലാത്തപക്ഷം നമുക്കിവിടെ അതിജീവിക്കാനാകില്ല' എന്നും നെസ്റ്റെരെന്‍കോ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline