കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതി

കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതിരേഖയില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഒപ്പിട്ടു. നിരവധി പുതിയ സംവിധാനങ്ങളോടു കൂടി നവീകരിക്കുന്ന കൊച്ചി തുറമുഖം സജ്ജമാകുന്നതോടെ മത്സ്യബന്ധനത്തിനു ശേഷം വരുന്ന നഷ്ടങ്ങളില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വിവിധ കേന്ദ്രപദ്ധതികളില്‍ നിന്നാണ് തുറമുഖ നവീകരണത്തിനായുള്ള 140 കോടി രൂപ കണ്ടെത്തുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീനയും കെ എസ് ശ്രീനിവാസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വച്ചു. വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു വേണ്ടി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കും.

1928 ല്‍ ആരംഭിച്ച കൊച്ചി മത്സ്യബന്ധന തുറമുഖത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം എത്തിക്കുന്ന മത്സ്യത്തില്‍ 20 മുതല്‍ 25 ശതമാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിന്റെ കുറവും വൃത്തിഹീനമായ കൈകാര്യവും രാജ്യത്തെ മത്സ്യബന്ധനമേഖല നേരിടുന്ന പ്രശ്‌നങ്ങളാണ്. കണക്കുകള്‍ പ്രകാരം പിടിക്കുന്ന മത്സ്യത്തിന്റെ കാല്‍ഭാഗം തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്നതിലൂടെ നഷ്ടപ്പെടുന്നുവെന്നാണ്. 500 ലേറെ ബോട്ടുകളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇവിടെ പ്രതിദിനം 250 ടണ്‍ മത്സ്യമാണ് എത്തുന്നത്.

ശീതീകരിച്ച ലേലഹാള്‍, പാക്കിംഗ് ഹാള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കും. ഐസ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് ജലശുദ്ധീകരണ പ്ലാന്റ്, മഴവെള്ള സംഭരണി, ട്രൈപോഡുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, തുറമുഖത്തിനകത്ത് മത്സ്യം കൈകാര്യം ചെയ്യാനുള്ള ചെറു വാഹനങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനം, ചില്ലറവില്‍പ്പന മാര്‍ക്കറ്റ്, മത്സ്യം വൃത്തിയാക്കാനുള്ള സംവിധാനം, വല നന്നാക്കല്‍ യൂണിറ്റ്, ഓഫീസുകള്‍, ഫുഡ് കോര്‍ട്ട്, കാന്റീന്‍, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ സംവിധാനം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്.

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 25 മത്സ്യബന്ധന തുറമുഖങ്ങള്‍ നവീകരിക്കാന്‍ നടപടിയെടുക്കണമെന്ന് എംപിഇഡിഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ഏണസ്റ്റ് ആന്‍ഡ് യങ് കണ്‍സല്‍ട്ടന്റാണ് കൊച്ചിയ്ക്ക് വേണ്ടിയുള്ള വിശദമായ പദ്ധതി രേഖ തയ്യാര്‍ ചെയ്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ നിസാമപട്ടണം തുറമുഖത്തും ഇതേ മാതൃകയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മത്സ്യത്തിന്റെ സിംഹഭാഗവും 25 തുറമുഖങ്ങള്‍ വഴിയാണ് എത്തുന്നത്. നിലവില്‍ മത്സ്യം മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുന്നത് കേവലം അഞ്ച് ശതമാനമാണ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഇത് 50 ശതമാനമാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് രാജ്യത്തെ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it