ബി.എസ്.എന്‍.എല്‍ രക്ഷാ പദ്ധതിക്ക് വീണ്ടും നീക്കം
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം മുടങ്ങി പ്രവര്‍ത്തനം മന്ദീഭവിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ നെ രക്ഷപ്പെടുത്തുന്നതിനു പദ്ധതിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമായി. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ പുനരുജ്ജീവന പദ്ധതിയുടെ സാധ്യത വിശദമാക്കി ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറായി വരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഈ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ടെലികോം മന്ത്രാലയം ഇരു കമ്പനികളുടെയും പുനരുജ്ജീവന പാക്കേജ് സമര്‍പ്പിക്കുകയും കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍, 74000 കോടി രൂപ മുടക്കി രണ്ട് പൊതുമേഖലാ കമ്പനികളുടെയും പുനരുജ്ജീവനം പ്രായോഗികമല്ലെന്ന ധനമന്ത്രാലയത്തിന്റെ വാദത്തെത്തുടര്‍ന്നാണു ചില കാര്യങ്ങളില്‍ വ്യക്തത തേടിയിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരും ഉള്‍പ്പെടുന്ന സമിതിയാണ് നേരത്തെ അംഗീകാരം നല്‍കിയത്. പക്ഷേ, പദ്ധതിക്കെതിരെ 80 തടസ്സവാദങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം സമര്‍പ്പിച്ചതോടെ നടപടികള്‍ തടസപ്പെട്ടു.
തുടര്‍ന്ന് തൊഴിലാളി യൂണിയനുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടും വിഷയത്തില്‍ ഇടപെട്ടത്. പക്ഷേ, വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. കമ്പനികളുടെ പുനരുജ്ജീവനം സാധ്യമാണോ, സാധ്യമെങ്കില്‍ എങ്ങനെ എന്നീ കാര്യങ്ങളില്‍ ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നാണു സൂചന. ടെലികോം മന്ത്രാലയം സെക്രട്ടറി അന്‍ഷു പ്രകാശ്, പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, നിതി ആയോഗ് പ്രതിനിധി, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഉന്നതതല സമിതി.