ഫ്യൂച്ചര്‍ റീറ്റെയ്‌ലില്‍ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. അടുത്ത മാസം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് ബ്ലൂംബേര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുത്.

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകരാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓയ്ല്‍, ടെലികോം രംഗത്തെ വമ്പന്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അടുത്ത കാലത്താണ് റിലയന്‍സ് റീറ്റെയ്ല്‍ ഓണ്‍ലൈന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ മേഖലയിലേക്ക് ചുവടുവച്ചത്.

ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉപകമ്പനികളില്‍ നിക്ഷേിപിക്കാനായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ ഈ നീക്കമായിരിക്കും കമ്പനിക്ക് കൂടുതല്‍ ഗുണമാകുക.

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് എന്നിവ ഉള്‍പ്പെടെ അഞ്ച് ലിസ്റ്റഡ് യൂണിറ്റുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിലുള്ളത്. നിലവില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള ഫ്യൂച്ചര്‍ കൂപ്പണ്‍സില്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ 49 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ ഗ്രൂപ്പിലെ 3.6 ശതമാനം ഓഹരികളാണ് യു.എസ് ആസ്ഥാനമായുള്ള ആമസോണിന് ലഭിച്ചത്.

വിപ്ലവകരമായ ആശയങ്ങള്‍കൊണ്ട് രാജ്യത്തെ സംഘടിത റീറ്റെയ്ല്‍ രംഗത്തെ മാറ്റിമറിച്ച വ്യക്തിയാണ് കിഷോര്‍ ബിയാനി. എന്നാല്‍ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ കടം കുത്തനെ കൂടിയതും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞതും കമ്പനിയെ പ്രതിസന്ധിയിലാക്കി. ഫ്യൂച്ചര്‍ ഓഹരികള്‍ ഈട് വെച്ച് വാങ്ങിയ വായ്പകളും കുരുക്കായി.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കിഷോര്‍ ബിയാനിക്ക് കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കേണ്ട സാഹചര്യമുണ്ട്. വായ്പാ സ്ഥാപനങ്ങള്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുകേഷ് അംബാനിയുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ 2019 വരെയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് ലിസ്റ്റഡ് സ്ഥാപനങ്ങളുടെ കടം 12,778 കോടി രൂപയാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ICRA യുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നോട്ടു പോകണമെന്നുണ്ടെങ്കില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 6000-8000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫ്യൂച്ചര്‍ കോര്‍പറേറ്റ് റിസോഴ്‌സസ്, ഫ്യൂച്ചര്‍ കൂപ്പണ്‍സ് എന്നിവ വഴി കമ്പനിയുടെ ഓഹരികളുടെ 42 ശതമാനവും ബിയാനിയാണ് ഹോള്‍ഡ് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ 75 ശതമാനവും വായ്പാദാതാക്കള്‍ക്ക് ഈടായി നല്‍കിയിരിക്കുകയാണ്.

മുകേഷ് അംബാനി ഫ്യൂച്ചര്‍ റീറ്റെയ്‌ലില്‍ നിക്ഷേപം നടത്തിയേക്കാമെന്ന സൂചന പുറത്തു വന്നതോടെ വ്യാഴാഴ് ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ചിരുന്നു. ബിഎസ്ഇയില്‍ 106.40 രൂപയായിരുന്നു ഓഹരിയുടെ ഇന്നലത്തെ ക്ലോസിംഗ് വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it