പിന്‍ഗാമിയെ മനസില്‍ വച്ച് കുടുംബ സമിതിക്കു രൂപം നല്‍കാന്‍ മുകേഷ് അംബാനി

റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ഫാമിലി കൗണ്‍സില്‍ രൂപവത്കരിക്കാന്‍ മുകേഷ് അംബാനി നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ലോകത്തിലെ നാലാമത്തെ സമ്പന്നനായതിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ തന്റെ പിന്‍ഗാമിയാകേണ്ടതാരെന്നതു കൂടി മനസില്‍ വച്ചാണ് കുടുംബ സമിതിയുണ്ടാക്കുന്നതെന്ന് കമ്പനിയോട് അടുപ്പമുള്ളവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

എല്ലാ കുടുംബാംഗങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതായിരിക്കും ഫാമിലി കൗണ്‍സില്‍.63 കാരനായ മുകേഷ് അംബാനിക്കു കീഴില്‍ മക്കളായ അകാശ്, ഇഷ, ആനന്ദ് എന്നിവരുള്‍പ്പെടുന്ന ഫാമിലി കൗണ്‍സിലായിരിക്കും 80 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന റിലയന്‍സിന്റെ ഭരണം നടത്തുക. ഇവര്‍ക്കൊപ്പം പുറത്ത് നിന്നുള്ള ഉപദേശകരുമുണ്ടാവും. പക്ഷേ, മുകേഷിന്റെ ഭാര്യ നിത കൗണ്‍സിലില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു.

റിലയന്‍സിനെ സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനങ്ങളെടുക്കുക ഫാമിലി കൗണ്‍സിലായിരിക്കും. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പിലാക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം. അതേസമയം, വാര്‍ത്തയില്‍ റിലയന്‍സിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

2014 ഒക്‌ടോബറില്‍ ആകാശും ഇഷയും റിലയന്‍സിന്റെ ബോര്‍ഡിലെത്തിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം, റിലയന്‍സ് റീടെയില്‍ എന്നിവയുടെ ഡയര്‍ക്ടര്‍മാരായിട്ടായിരുന്നു നിയമനം. ആനന്ദ് അംബാനിക്ക് ജിയോയുടെ അഡീഷണല്‍ ഡയറക്ടറുടെ ചുമതലയും നല്‍കി. റിലയന്‍സ് ഫൗണ്ടേഷന്റെ ചുമതല ഇഷയ്ക്കാണ്.

ഫാമിലി കൗണ്‍സിലില്‍ കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങള്‍ ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്ത് വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം എടുക്കുകയാണ് ചെയ്യുക.ധിരുഭായി അംബാനി അന്തരിച്ച ശേഷം മുകേഷ, അനില്‍ അംബാനി സഹോദരന്മാര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം ഇനി കുടുംബത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പുതിയ സംവിധാനം ഉപകരിക്കും എന്നാണ് കമ്പനിയോട് അടുപ്പമുള്ളവരുംട പ്രതീക്ഷ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it