എച്ച‌്‌വണ്‍ബി വിസ: ബിരുദധാരികൾക്കുള്ള നിയന്ത്രണം കമ്പനികൾക്ക് തിരിച്ചടിയാവും

എച്ച‌്‌വണ്‍ബി വിസ ചട്ടങ്ങളിൽ വീണ്ടും മാറ്റങ്ങൾ. ഉന്നത ബിരുദധാരികൾക്ക് മറ്റുള്ളവരേക്കാളും കൂടുതൽ പരിഗണന നൽകിയുള്ള നയങ്ങൾക്ക് ഈയിടെ ഭരണകൂടം അംഗീകാരം നൽകിയിരുന്നു.

ഇന്ത്യൻ ഐറ്റി കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഒരു നീക്കമാണിത്. എച്ച‌്‌വണ്‍ബി വിസ ഉന്നത ബിരുദധാരികൾക്ക് മാത്രമായി ചുരുങ്ങുമ്പോൾ കമ്പനികളുടെ വിദേശ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും.

എച്ച‌്‌വണ്‍ബി വിസ അപേക്ഷകരായ കമ്പനികൾക്ക് ലഭിക്കുന്ന വിസ അപ്പ്രൂവലുകളുടെ എണ്ണത്തിൽ 10 ശതമാനം കുറവ് പുതിയ ചട്ടം മൂലം ഉണ്ടാകുമെന്ന് റേറ്റിംഗ് ഏജൻസി ഇക്ര പറയുന്നു.

യുഎസിൽ നിന്ന് തന്നെ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വരുന്നതും ഉയർന്ന വേതനവും കുറഞ്ഞ വരുമാന വളർച്ചയും കമ്പനികളുടെ മാർജിനെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, 2021 സാമ്പത്തിക വർഷത്തിൽ കമ്പനികളുടെ മാർജിൻ 20.8 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുണ്ടെന്ന് ഇക്ര ചൂണ്ടിക്കാണിക്കുന്നു. 2018 സാമ്പത്തിക വർഷത്തിൽ 22.1 ശതമാനമായിരുന്നു.

യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതി അനുസരിച്ച് ആദ്യ ഘട്ടത്തിൽ മൊത്തം അപേക്ഷകരിൽ നിന്ന് 65,000 പേരെ തെരഞ്ഞെടുക്കും. ഇതിൽ ചേർക്കാൻ വിട്ടുപോയിട്ടുള്ള ഉന്നതബിരുദധാരികൾക്ക് വേറെ 20,000 വിസ അനുവദിക്കും.

എച്ച‌്‌വണ്‍ബി ആശ്രിത എംപ്ലോയർമാരായ ഇന്ത്യൻ ഐറ്റി കമ്പനികൾക്ക് ഇത് തിരിച്ചടിയാകും. കാരണം ഉന്നത ബിരുദധാരികളായ വിസ അപേക്ഷകർ അവരുടെ മൊത്തം ജീവനക്കാരുടെ 27 ശതമാനമേ വരുന്നുള്ളൂ. ജീവനക്കാരുടെ 15 ശതമാനത്തിലധികം എച്ച‌്‌വണ്‍ബി വിസ നേടിയവരാണെങ്കിൽ ആ കമ്പനികളെ എച്ച‌്‌വണ്‍ബി ആശ്രിത എംപ്ലോയർമാരായി കണക്കാക്കും.

Related Articles
Next Story
Videos
Share it