കേരളത്തിന് പുതിയ തൊഴില്‍നയം: മിന്നല്‍ പണിമുടക്കുകള്‍ വേണ്ട; ചെയ്യാത്ത ജോലിക്ക് കൂലിയില്ല

തൊഴില്‍മേഖലകളിലെ അനാരോഗ്യപ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുന്ന പുതിയ തൊഴില്‍ നയത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. മിന്നല്‍ പണിമുടക്കുകള്‍ നിരുല്‍സാഹപ്പെടുത്താനും കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും നയം വ്യവസ്ഥചെയ്യുന്നു.

കുറഞ്ഞകൂലി എല്ലാ മേഖലകളിലും 600 രൂപയായി ഏകീകരിക്കാന്‍ നയംത്തില്‍ നിർദ്ദേശമുണ്ട് . തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അസംഘടിതമേഖലയിലെയും ചുമട്ടുതൊഴിലാളികളുടെയും രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കും. കൂടാതെ, തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കുന്ന വേതനസുരക്ഷാപദ്ധതി നടപ്പാക്കും.

നയത്തിലെ മറ്റു ചില നിര്‍ദേശങ്ങള്‍

തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളിതൊഴിലുടമ ബന്ധം ഉറപ്പാക്കും.

ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും.

ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്ന പ്രവണത അവസാനിപ്പിക്കും.

മിന്നല്‍ പണിമുടക്കുകള്‍ നിരുല്‍സാഹപ്പെടുത്തും.

കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും.

സ്ത്രീ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും

എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കണക്ക് എടുക്കും

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ല

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇവിടത്തെ തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it