മരുന്നുവില ഇനി നിയന്ത്രിക്കുക നീതി ആയോഗ്

മരുന്നുവില നിശ്ചയിക്കാൻ നീതി ആയോഗിനു കീഴിൽ ഏഴംഗ സമിതിയ്ക്ക് കേന്ദ്രം രൂപം നൽകി. ഇതോടെ വില നിശ്ചയിക്കുന്നതിൽ മരുന്നുവില നിര്‍ണയ അതോറിറ്റി (NPPA) യ്ക്ക് ഉണ്ടായിരുന്ന പരമാധികാരം നഷ്ടപ്പെട്ടു.

ഇതുവരെ ആരോഗ്യമന്ത്രാലയവും ഫാർമസ്യൂട്ടിക്കൽ വകുപ്പും തയ്യാറാക്കുന്ന അവശ്യ മരുന്നുകളുടെ പട്ടികയനുസരിച്ച് (NLEM) മെഡിക്കൽ ഉപകരണങ്ങളുടേയും മരുന്നിന്റെയും വില നിയന്ത്രിക്കുന്നത് സ്വയംഭരണ സ്ഥാപനമായ എൻപിപിഎ ആണ്. പട്ടികയിൽ ഉൾപ്പെടാത്തവയുടെ വില നിരീക്ഷിക്കുന്ന ചുമതലയും ഇതിനുണ്ട്.

എൻപിപിഎ ഒരു ഉൽപന്നം അല്ലെങ്കിൽ മരുന്ന് അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ, അത് സ്വാഭാവികമായി വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരും. ഇതേ അധികാരമുപയോഗിച്ചാണ് സ്റ്റെന്റുകൾക്കും കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന അസ്ഥിഘടകങ്ങൾക്കും എൻപിപിഎ വില കുറച്ചത്.

എന്നാൽ, നീതി ആയോഗ് പാനൽ പ്രവർത്തിച്ചുതുടങ്ങിയാൽ ഈ രീതിക്കെല്ലാം മാറ്റം വരും. ഏതൊക്കെ മരുന്നുകൾ വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരണമെന്നത് പാനൽ ആണ് നിർദേശിക്കുക. മാത്രമല്ല, അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തുന്ന രീതിയും അവസാനിക്കും.

അതേസമയം, അവശ്യമരുന്നുകളുടെ പട്ടികയിൽ നിലവിലുള്ള 750 മരുന്നുസംയുക്തങ്ങളുടെ വിലനിയന്ത്രണം മാറ്റമില്ലാതെ തുടരും.

നീതി ആയോഗിന്റെ ആരോഗ്യവിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവനവിഭാഗം ഡയറക്ടർ ജനറൽ, ബയോമെഡിക്കൽ രംഗത്തെ വിദഗ്ധൻ എന്നിവരുൾപ്പെടുന്നതായിരിക്കും ഏഴംഗസമിതി.

എന്നാൽ ഇത്തരമൊരു നീക്കം മരുന്നിന്റെ വില കൂടാനേ സഹായിക്കൂ എന്നാണ് ആരോഗ്യ രംഗത്തെ സന്നദ്ധ പ്രവർത്തകർ പറയുന്നത്. മരുന്നുകമ്പനികളുടെ ലോബിയിങ് കൂടുതൽ ശക്തമാകുമെന്നാണ് ആശങ്ക.

എന്നാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു ബാലൻസ് കൊണ്ടുവരികയാണ് ഈ നീക്കം കൊണ്ട് സർക്കാർ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് (IPA) വിലയിരുത്തി.

400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് കേന്ദ്രം

പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കാൻ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. രക്തസമ്മർദമളക്കുന്ന ഉപകരണം, സി.ടി. & എം.ആർ.ഐ. സ്കാനിങ് മെഷിനുകൾ, കൃത്രിമ അസ്ഥിഘടകങ്ങൾ, ലെൻസ് തുടങ്ങി വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടാത്ത ഉപകരണങ്ങൾക്കാണ് വില കുറയ്ക്കുക.

50 മുതൽ 80 വരെ ശതമാനം വില കുറയുമെന്നാണ് പ്രതീക്ഷ.
ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങൾക്കും നിയന്ത്രണം ബാധകമാകും. ഇവയുടെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കും. ഇതിനായി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്തും.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it