സര്‍ക്കാര്‍ ആശുപത്രി നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ പദ്ധതിയുമായി നിതി ആയോഗ്
സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ഏല്‍പ്പിക്കാനുള്ള നിര്‍ദ്ദേശവുമായി നിതി ആയോഗ്. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പദ്ധതി.
ഡോക്ടര്‍മാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കാന്‍ പുതിയ പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചെലവ് ക്രമീകരിക്കാനാവുമെന്നുമാണ് കണക്കുക്കൂട്ടല്‍. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന അതത് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും.
പുതിയ പദ്ധതിയുടെ 250 പേജ് വരുന്ന കരട് നിതി ആയോഗ് പുറത്തിറക്കി. സ്വകാര്യമേഖലയില്‍നിന്നുള്ള പങ്കാളികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചശേഷം വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും.പദ്ധതി നടപ്പാകുന്നതോടെ മെഡിക്കല്‍ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്നങ്ങളും ഒരുപോലെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതോടെ രണ്ടു തരത്തിലുള്ള ഫീസുകളാവും കിടത്തി ചികിത്സയ്ക്ക് ഈടാക്കുക. പകുതി കിടക്കകള്‍ക്ക് സ്വകാര്യമേഖലയിലെ നിരക്ക് ഈടാക്കും. നിര്‍ദ്ധന വിഭാഗത്തിന് സബ്സിഡി നിരക്കില്‍ ചികിത്സ നല്‍കുകയെന്ന നിര്‍ദേശവുമുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline