ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍എംഡിസി-ഐഐടി പദ്ധതി
വലിയ നിക്ഷേപങ്ങള്‍ ആവശ്യമുള്ള മികച്ച സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നവരത്‌ന കമ്പനിയായ എന്‍എംഡിസി ലിമിറ്റഡും ഹൈദരാബാദ് ഐഐടിയും ധാരണയായി. എന്‍എംഡിസി ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്റര്‍ (നൈസ്) എന്നു പേരിട്ടിരിക്കുന്ന ഈ സംയുക്ത സംരംഭത്തില്‍ ഐ-ടിക് ഫൗണ്ടേഷനും പങ്കാളിയാണ്.
ഹൈദരാബാദ് ഐഐടി കാമ്പസിലാണ് എന്‍എംഡിസി ഇന്നൊവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുക. ഡീപ് ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെ വളര്‍ത്തി വലുതാക്കുന്നതിലായിരിക്കും ഈ കേന്ദ്രത്തിന്റെ ശ്രദ്ധ. ശാസ്ത്ര, എന്‍ജിനീയറിങ് രംഗത്തെ നവീന ആശയങ്ങളേയും സാങ്കേതികവിദ്യാ മികവിനേയും സമൂഹത്തിന് ഗുണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാവുന്ന രീതിയില്‍ ദേശീയ തലത്തില്‍ സംരഭകത്വും സാങ്കേതിക വിദ്യാ വികസനവും പ്രോത്സാഹിപ്പിക്കുകയാണ് എന്‍എംഡിസി ലക്ഷ്യമിടുന്നതെന്ന് മേധാവി എന്‍ ബ്രജേഷ് കുമാര്‍ പറഞ്ഞു.
ഈ സംയുക്ത സംരഭം ഇതില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും ഗുണകരമാണെന്നും രാജ്യത്ത് പുതിയ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചാ സംവിധാനമൊരുക്കുമെന്നും ഐഐടി ഡയറക്ടര്‍ ബി എസ് മൂര്‍ത്തി പറഞ്ഞു.ദീര്‍ഘകാല ഗവേഷണവും കൂടുതല്‍ നിക്ഷേപവും ആവശ്യമായ ഡീപ് ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യമൊരുക്കി വളര്‍ച്ചയും തൊഴിവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് ഈ ഇന്‍കുബേഷന്‍ പദ്ധതിയുടെ ലക്ഷ്യം. പത്തു കോടി രൂപയാണ് പദ്ധതിക്കായി എന്‍എംഡിസി നീക്കിവച്ചിരിക്കുന്നത്. ഒരു വര്‍ഷം അഞ്ചു സ്റ്റാര്‍ട്ടപ്പുകള്‍ എന്ന തോതില്‍ 15 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നൈസ് പദ്ധതിയുടെ പിന്തുണ ലഭിക്കുക. രണ്ടു വര്‍ഷം വരെ സംരഭകര്‍ക്ക് പിന്തുണ ലഭിക്കും. അഞ്ചു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.
എന്‍എംഡിസി ഡയറക്ടര്‍ പി കെ സേതുപതി, ഐഐടി ഹൈദരാബാദ് ഡയറക്ടറും ഐ-ടിക് ഫൗണ്ടേഷന്‍ പ്രസിഡന്റുമായ ഡോ. ബി എസ് മൂര്‍ത്തി എന്നിവര്‍ ധാരണാ പത്രം ഒപ്പുവച്ചു. എന്‍എംഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ ബൈജേന്ദ്ര കുമാറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline