കുടിശിക ഉടന്‍ തീര്‍ക്കണം : സുപ്രീം കോടതി; ടെലികോം കമ്പനികളുടെ പ്രതിസന്ധി മുറുകി
ടെലികോം വകുപ്പിനു നല്‍കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) കുടിശിക തിരിച്ചടയ്ക്കുന്നതില്‍ ടെലികോം കമ്പനികളെ പിന്തുണച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി തള്ളിയതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി കമ്പനികള്‍.സുപ്രീം കോടതിയുടെ അയവില്ലാത്ത നിലപാടു വ്യക്തമായതോടെ വന്‍ തുക കണ്ടെത്താന്‍ നിര്‍ബന്ധിതമാകുന്നതിനൊപ്പം ഓഹരിവില തകര്‍ന്നടിഞ്ഞതും വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികളെ വിഷമിപ്പിക്കുന്നു.
സാമ്പത്തിക ഞെരുക്കത്തില്‍ പെട്ട് ഉലയുന്ന ടെലികോം കമ്പനികള്‍ക്ക് സഹായകരമാകുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. അതേസമയം, തങ്ങളുടെ ഉത്തരവ് വ്യക്തമാണെന്നും അടയ്ക്കേണ്ട കുടിശ്ശികയുടെ കാര്യത്തില്‍ പുനര്‍ ചിന്തയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് സോളിസിറ്റര്‍ ജനറലിനോടു പറഞ്ഞു.20 വര്‍ഷമായി സര്‍ക്കാരിനു നഷ്ടമായിക്കിടക്കുന്ന പൊതു പണത്തിന്റെ കാര്യമാണിതെന്നും മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ടെല്‍കോകള്‍ ശ്രമിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്പനികള്‍ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യമാണതെന്നും കോടതി വ്യക്തമാക്കി. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാര്‍ഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എയര്‍ടെല്‍ - 23000 കോടി, വൊഡഫോണ്‍ - 19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ - 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക.
പണം അടയ്ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടു കമ്പനികള്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെ കമ്പനികള്‍ക്ക് 20 വര്‍ഷത്തെ ജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇത്രയും വലിയ തുക ഒരുമിച്ച് അടയ്ക്കുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും എല്ലാ കമ്പനികളും കുടിശികയുടെ ഒരു ഭാഗം അടച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ജനുവരി 23നകം 1.47 ലക്ഷം കോടി രൂപ നല്‍കാനാണു കോടതി കഴിഞ്ഞ ഒക്ടോബറില്‍ വിധിച്ചത്. ലൈസന്‍സ് ഫീ, സ്‌പെക്ട്രം യൂസേജ് ചാര്‍ജ്, പലിശ, പിഴപ്പലിശ എന്നീ ഇനത്തിലാണിത്. ഇതു ചോദ്യംചെയ്ത് സേവ് കണ്‍സ്യൂമര്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന സ്വകാര്യ സംഘടന റിട്ട് ഹര്‍ജി നല്‍കി. ഉത്തരവ് പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് കമ്പനികളും അപേക്ഷ നല്‍കി.വിധി പാലിക്കാതെ ടെലികോം കമ്പനികളും കേന്ദ്ര ടെലികോം വകുപ്പും ഒത്തുകളിച്ചെന്നായിരുന്നു ഇവ പരിഗണിച്ചുകൊണ്ടു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിമര്‍ശനം.
ഇന്നുച്ചയോടെ വൊഡഫോണ്‍ ഐഡിയ ഓഹരി വില 35 ശതമാനത്തോളമായ 1.68 രൂപ താഴ്ന്ന് 3.17 രൂപയായി.ഭാരതി എയര്‍ടെല്‍ ഓഹരി വില 21.70 രൂപ കുറഞ്ഞ് 432.40 രൂപയായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline