നോര്‍ഡിക് രാജ്യങ്ങളില്‍ പുതു താവളങ്ങള്‍ തേടി ഇന്ത്യന്‍ ഐ.ടി മേഖല

നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവയുള്‍പ്പെടുന്ന നോര്‍ഡിക് രാജ്യങ്ങളിലേക്കു ചേക്കേറാന്‍ ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ക്കു താല്‍പ്പര്യമേറിവരുന്നു. ഇപ്പോള്‍ത്തന്നെയുള്ള സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രമുഖ കമ്പനികള്‍.

പത്ത് വര്‍ഷത്തോളമായി എച്ച്സിഎല്‍ ടെക്നോളജീസ് ഫിന്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. ടെക് മഹീന്ദ്രയും, വിപ്രോയും വൈകാതെ ഇങ്ങോട്ടെത്തുമെന്ന്് പ്രഖ്യാപിച്ചിട്ടുണ്ട്്. നോര്‍ഡിക് മേഖലയിലെ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനു പുറമേ, 2018 ല്‍ ഫല്‍യിഡോ ഏറ്റെടുത്തതിലൂടെ ഇന്‍ഫോസിസ് അവിടെ ചുവടുറപ്പിച്ചിരുന്നു.

നോര്‍ഡിക് രാജ്യങ്ങള്‍ പ്രധാനമായും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുള്ള പ്രധാന അനുകൂല ഘടകം. പുരോഗമനപരവും നൂതനവുമായ പ്രദേശങ്ങളിലൊന്നാണു നോര്‍ഡിക് പ്രദേശം. ചിപ്പ് നിര്‍മാതാക്കള്‍, സെമി കണ്ടക്ടര്‍, ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ഐടി കമ്പനികള്‍ക്കു നോര്‍ഡിക് രാജ്യങ്ങളില്‍ ഗവേഷണ വികസന (റിസര്‍ച്ച് & ഡവലപ്മെന്റ്) അടിത്തറയുണ്ട്. ഫ്യൂച്ചറിസ്റ്റ് കമ്മ്യൂണിക്കേഷന്‍ ഇക്കോസിസ്റ്റവും സാങ്കേതികവിദ്യ മനസിലാക്കുന്ന ഉയര്‍ന്ന നിലവാരമുള്ള തൊഴില്‍ ശക്തിയും ഉള്ളതിനാല്‍, നോര്‍ഡിക് പ്രദേശങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടെന്നു കരുതുന്നു ഇന്ത്യന്‍ ഐടി കമ്പനികള്‍.

നോര്‍ഡിക് പ്രദേശത്തെ ഐടി, ബിപിഒ സേവന വിപണിയുടെ വലുപ്പം 25 ബില്യന്‍ ഡോളറിലധികമുണ്ട്. അടുത്ത കാലത്തായി ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഓട്ടോമേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ ട്രെന്‍ഡുകള്‍ ഐടി മേഖലയുടെ വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയപ്പോള്‍ ഇന്ത്യ, ഈ മേഖലയിലെ പ്രതിഭകളുടെ പ്രധാന ഉറവിടമായി മാറി. ലോകത്തിലെ ഏറ്റവും നല്ല ബിസിനസ് സൗഹൃദ രാജ്യങ്ങളെന്ന നിലയില്‍ സ്ഥാനം പിടിച്ചിട്ടുള്ളവയാണു നോര്‍ഡിക് രാജ്യങ്ങള്‍.

ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണു നോര്‍ഡിക് രാജ്യങ്ങള്‍ക്കുള്ളത്. നോര്‍ഡിക് രാജ്യങ്ങളിലെ ഐടി സേവന വിപണി യൂറോപ്പിനേക്കാള്‍ വേഗത്തില്‍ വളരുകയാണ. പ്രത്യേകിച്ചു സ്വീഡനില്‍.താരതമ്യേന പക്വതയുള്ള മാര്‍ക്കറ്റും ബജറ്റില്‍ ഐടി രംഗത്തിനു വന്‍ പ്രാധാന്യം നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും നോര്‍ഡിക്സ് രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്. നോര്‍ഡിക് രാജ്യങ്ങള്‍ ഐടിക്കായി ചെലവഴിക്കുന്ന മൊത്തം തുകയില്‍ 40 ശതമാനവും സ്വീഡന്റെ വിഹിതമാണെന്നു നാസ്‌കോം റിസര്‍ച്ച് ആന്‍ഡ് ബിസിനസ് സ്വീഡന്‍ ആന്‍ഡ് റഡാര്‍ എക്കോസിസ്റ്റം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

550 ബില്യന്‍ ഡോളറിന്റെ ജിഡിപിയും, ട്രൂ കോളര്‍, കാന്‍ഡി ക്രഷ്, സ്‌കൈപ്പ്, സ്പോട്ടിഫൈ തുടങ്ങിയ വന്‍കിട ഐടി കമ്പനികളും ഉള്ള സ്വീഡന്‍, ഇന്ത്യന്‍ ഐടി-ബിപിഎം മേഖലയുടെ സാധ്യതയുള്ള വിപണിയായി ഉയര്‍ന്നു വരികയാണ്. മിക്ക സ്വീഡിഷ് കമ്പനികളും ക്ലൗഡ് കമ്പ്യൂട്ടിംഗിനെ അതിവേഗം സ്വീകരിക്കുന്നതിനാല്‍, ഈ മേഖലയില്‍ കഴിവുള്ളവരുടെ ആവശ്യകതയും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. വാഹനം, ആരോഗ്യം, ബാങ്കിംഗ്, ലോജിസ്റ്റിക് എന്നീ രംഗങ്ങളില്‍ അനിവാര്യമായിട്ടുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്സാണ് (ഐഒടി) സ്വീഡനില്‍ കൂടുതല്‍ വ്യാപിക്കുന്ന മറ്റൊരു സാങ്കേതികവിദ്യ. സ്വീഡനില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഡിവൈസ് പെനിട്രേഷന്റെ തോത് 150 ശതമാനം വരും. ഇത് 14.6 ദശലക്ഷം സ്മാര്‍ട്ട് ഡിവൈസുകള്‍ പ്രചാരത്തിലുള്ള യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ്.

ഇന്നൊവേഷനെ പിന്തുണയ്ക്കുന്നതില്‍ നോര്‍ഡിക് രാജ്യങ്ങള്‍ പ്രശസ്തമാണ്. സ്വീഡനാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ഡെന്‍മാര്‍ക്കും ഫിന്‍ലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ബില്യന്‍ ഡോളര്‍ സ്റ്റാര്‍ട്ട് അപ്പുകളുള്ള സ്വീഡനെ ' യൂണികോണ്‍ ഫാക്ടറി' എന്നാണു വിളിക്കുന്നത്. ബില്യന്‍ ഡോളര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഉദാഹരണമാണ് സ്പോട്ടിഫൈ, സ്‌കൈപ്പ് എന്നിവ.
യൂറോപ്യന്‍ യൂണിയന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കുമ്പോഴും, ഉയര്‍ന്ന നൈപുണ്യമുള്ള പ്രാദേശിക പ്രതിഭകളുടെ കുറവ് കണക്കിലെടുത്ത് നോര്‍ഡിക് രാജ്യങ്ങള്‍ വിദേശ പൗരന്മാരെ സ്വാഗതം ചെയ്യുന്നു.

ഇവിടത്തെ കമ്പനികള്‍ക്ക് ആഗോള വിപണിയിലേക്ക് സുഗമ പ്രവേശനമുണ്ടെന്ന് ബിസിനസ് ഫിന്‍ലാന്‍ഡ് ഇന്ത്യ വിഭാഗം കണ്‍ട്രി മാനേജര്‍ ജുക്ക ഹോളപ്പ പറഞ്ഞു. 5 ജി, 6 ജി കണക്റ്റിവിറ്റി ഉപയോഗിച്ച് ടെലികോം, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വ്യവസായങ്ങളിലുടനീളം ധാരാളം ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it