ചരക്ക് ഗതാഗതത്തിന് നവംബര്‍ മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാത്രം, വ്യക്തമാക്കി റെയ്ല്‍വേ

റെയ്ല്‍വേ വഴിയുള്ള ചരക്കു നീക്കം ഇനി സുഗമമായി നടക്കും. രജിസ്‌ട്രേഷന്‍ കാത്തിരിപ്പ് കാലാവധി അധികമാകുകയും നടപടിക്രമങ്ങള്‍ വൈകുകയും വഴി ചരക്കു നീക്കം തടസ്സപ്പെടുന്ന പ്രശ്‌നത്തിന് പരിഹാരമായി ഡിജിറ്റല്‍ രജിസ്‌ട്രേഷനാണ് കേന്ദ്രം അവതരിപ്പിച്ചിട്ടുള്ളത്. റെയ്ല്‍വേ വഴി നടത്തുന്ന ചരക്ക് നീക്കങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയില്‍വേ ക്ലര്‍ക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് വാഗണുകള്‍ ബുക്ക് ചെയ്യുന്ന രീതിക്കും വിലക്ക് വീഴും. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
പാഴ്‌സല്‍ സ്‌പേസ്, കൊമേഴ്‌സ്യല്‍ പബ്ലിസിറ്റി.പാര്‍ക്കിംഗ് ലോട്ട് ഓപ്പറേഷന്‍സ് തുടങ്ങിയ നോണ്‍-ഫെയര്‍ റവന്യൂ കരാറുകള്‍ക്ക് അപേക്ഷിക്കുന്നതിനും നല്‍കുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും അടുത്തിടെ റെയില്‍വേ മന്ത്രാലയം ഡിജിറ്റൈസ് ചെയ്തിരുന്നു.
നവംബര്‍ ഒന്നുമുതല്‍ ആണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുക. സൈന്യത്തിന്റെ സാധനങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതര്‍ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it