ഓൺലൈൻ ബിസിനസ്: കമ്പനികളുടെ നഷ്ടം കുതിക്കുന്നു; വരുമാനവും!

വിപണിയുടെ വളർച്ചാ നിരക്കിനേക്കാൾ വേഗത്തിൽ വരുമാനം വർധിപ്പിക്കുക എന്നതാണ് ന്യൂജെൻ കമ്പനികളുടെ ലക്ഷ്യം. അതിനുവേണ്ടി മാർജിനിൽ  വീട്ടുവീഴ്ച ചെയ്യാനും അവർ തയ്യാറാണെന്നാണ് സാമ്പത്തിക ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Online purchase
-Ad-

ഇന്ത്യയുടെ അതിവേഗം വളരുന്ന ഓൺലൈൻ വിപണി പിടിച്ചെടുക്കാനുള്ള മത്സരത്തിനിടയിൽ രാജ്യത്തെ പല ഇ-കോമേഴ്‌സ്, ഫിൻടെക്ക്, ഫുഡ് ഡെലിവറി  കമ്പനികളുടെ നഷ്ടം കുത്തനെ ഉയരുകയാണ്. വരുമാനത്തിൽ പലമടങ്ങ് വളർച്ച ഉണ്ടെങ്കിലും അതിനെ കടത്തിവെട്ടുന്നതാണ് ചെലവുകൾ.

ഫ്ലിപ്കാർട്ട്

രാജ്യത്തെ പ്രമുഖ ഇ-കോമേഴ്‌സ് സംരംഭമായ ഫ്ലിപ്കാർട്ട് മാർച്ച് 2018 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 3,200 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. മുൻവർഷത്തെക്കാൾ 70 ശതമാനം കൂടുതൽ. ഈ കാലയളവിൽ കമ്പനിയുടെ ഹോൾസെയിൽ സംരംഭമായ ഫ്ലിപ്കാർട്ട് ഇന്ത്യയുടെ നഷ്ടം 2,064 കോടി രൂപയായിരുന്നു. തൊട്ട് മുൻപത്തെ സാമ്പത്തിക വർഷത്തേക്കാൾ 750 ശതമാനം കൂടുതൽ.

-Ad-

അതേസമയം ഫ്ലിപ്കാർട്ട് ഇന്ത്യയുടെ വരുമാനം മുൻവർഷത്തേക്കാൾ 42 ശതമാനം കൂടി. ചെലവിലുണ്ടായ വർദ്ധനവ് 50 ശതമാനമാണ്.

പേടിഎം 

പേടിഎമ്മിന്റെ ഇ-കോമേഴ്‌സ് വിഭാഗത്തിന്റെ നഷ്ടം 150 മടങ്ങാണ് വർധിച്ചത്.  1,800 കോടി രൂപ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. വരുമാനം 100 മടങ്ങ് വർധിച്ച് 775 കോടി രൂപയായി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ നഷ്ടം 70 ശതമാനം വർധിച്ച് 1,490.7 കോടി രൂപയായി.

സ്വിഗ്ഗി

അതുപോലെതന്നെ കടുത്ത മത്സരം നിലനിൽക്കുന്ന ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ. ഈ രംഗത്തെ മാർക്കറ്റ് ലീഡറായ സ്വിഗ്ഗി തൊട്ടു മുൻപത്തെ വർഷത്തേക്കാൾ 93 ശതമാനം അധികം നഷ്ടമാണ് രേഖപ്പെടുത്തിയത്.  ഈ കാലയളവിൽ വരുമാനം 468 കോടിയിലെത്തി. മുൻവർഷത്തെ വരുമാനം 146 കോടി രൂപയാണ്.

ആമസോൺ

ആമസോൺ ഇന്ത്യ 2018 ഏണിംഗ്സ് റിപ്പോർട്ട് ഫയൽ ചെയ്യാനിരിക്കുന്നതേയുള്ളൂ. എന്നാൽ കമ്പനിയുടെ പ്ലാറ്റ് ഫോമിലെ ഏറ്റവും വലിയ വില്പനക്കാരായ ആയ ക്‌ളൗഡ്‌ ടെയ്ൽ മുൻവർഷത്തേക്കാൾ നാല് മടങ്ങ് നഷ്ടമാണ് 2017-18 വർഷത്തിൽ രേഖപ്പെടുത്തിയത്. വരുമാനത്തിൽ 27 ശതമാനം ഉയർച്ച ഉണ്ടായെങ്കിലും ചെലവ് 26 ശതമാനമാണ് കൂടിയത്.  ആമസോണിന്റെയും നാരായണ മൂർത്തിയുടെ കാറ്റമാരൻ വെൻഞ്ചേഴ്സിന്റെയും സംയുക്ത സംരംഭമാണ് ക്‌ളൗഡ്‌ ടെയ്ൽ.

നഷ്ടത്തിന് പിന്നിൽ 

വരുമാനത്തേക്കാളേറെ ചെലവ് കൂടിയതാണ് കമ്പനികളുടെ നഷ്ടം ഉയരാനുള്ള പ്രധാന കാരണം. പ്രവർത്തന വരുമാനം ഉയർത്തുന്നതിലും വിപണി വിഹിതം കൂട്ടുന്നതിലുമാണ് കമ്പനികളുടെ ശ്രദ്ധ മുഴുവൻ. കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ ചെലവ് ഗണ്യമായി വർധിക്കുന്നുണ്ട്. എന്നാൽ ഇത് അവരുടെ ‘ക്യാഷ് ബേൺ’ സ്ട്രാറ്റജിയുടെ ഭാഗമാണ്.

പണം ചെലവഴിക്കുന്നത് ഇങ്ങനെയൊക്കെ: 

  • അഡ്വെർടൈസിംഗ്, ബ്രാൻഡ് പ്രൊമോഷൻ
  • ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ടുകൾ/ഓഫറുകൾ
  • ജീവനക്കാരുടെയും ഡെലിവറി പാർട്ണർ/ബോയ്സിന്റെയും എണ്ണം വർധിപ്പിക്കുക
  • പുതിയ സാങ്കേതിക വിദ്യകളിൽ നിക്ഷേപിക്കുക
  • ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെറു സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കുക
  • പുതിയ മാർക്കറ്റുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുക
  • കൂടുതൽ ഫുൾഫിൽമെന്റ് സെന്ററുകൾ, വെയർഹൗസുകൾ സ്ഥാപിക്കുക
  • ഇ-കോമേഴ്‌സ് കമ്പനികളുടെ കാര്യത്തിലാണെങ്കിൽ കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കേണ്ടി വരുന്ന പുതിയ ഡിസ്ട്രിബൂഷൻ സെന്ററുകൾ, അവയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ.

വിപണിയുടെ വളർച്ചാ നിരക്കിനേക്കാൾ വേഗത്തിൽ വരുമാനം വർധിപ്പിക്കുക എന്നതാണ് ഈ ന്യൂജെൻ കമ്പനികളുടെ ലക്ഷ്യം. അതിനുവേണ്ടി മാർജിനിൽ  വീട്ടുവീഴ്ച ചെയ്യാനും അവർ തയ്യാറാണെന്നാണ് മേൽപ്പറഞ്ഞ സാമ്പത്തിക ഫലങ്ങൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here