എ.ഐ സാങ്കേതികവിദ്യ മൂലം 100 തൊഴില്‍ നഷ്ടമാകുമ്പോള്‍ പുതുതായുണ്ടാകുന്നത് 10 എ.ഐ വിദഗ്ധര്‍
പരമ്പരാഗത സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കുന്ന ജീവനക്കാരെ ഒഴിവാക്കി പ്രവര്‍ത്തനച്ചെലവു താഴ്ത്താനും കാര്യക്ഷമത ഉയര്‍ത്താനും കമ്പനികള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കുന്ന തൊഴിലവസരങ്ങളുടെ 10 ശതമാനം മാത്രമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ. ഐ) അഥവാ കൃത്രിമബുദ്ധി അധിഷ്ഠിത ജോലികളിലൂടെ പുതുതായുണ്ടാകുന്നുള്ളൂ. എ.ഐ സാങ്കേതിക നൈപുണ്യം നേടിയവരുടെ കുറവ് വ്യാപകമായതിനാല്‍ കമ്പനികള്‍ ഇതിനുള്ള പരിശീലനം ലഭ്യമാക്കിവരികയാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു.
ഡിജിറ്റല്‍ ടെക്നോളജി സേവന ദാതാക്കളായ നെക്സ്റ്റ്വെല്‍ത്തിന്റെ സ്ഥാപകന്‍ ശ്രീധര്‍ മിത്ത, ഇന്റല്‍ ഇന്ത്യ മേധാവി പ്രകാശ് മല്യ, വിപ്രോ ടെക്നോളജീസ് വൈസ് പ്രസിഡന്റ് സുപ്രിയോ ദാസ് എന്നിവര്‍ സാങ്കേതിക നൈപുണ്യ സന്തുലിതാവസ്ഥയുടെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചതാണിക്കാര്യങ്ങള്‍.
നൈപുണ്യ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുവേണ്ടി 100 ജീവനക്കാരെ ഒഴിവാക്കുമ്പാള്‍ സമാന്തരമായി 10 എ.ഐ അധിഷ്ഠിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണു കണക്ക്. ജോലി നഷ്ടപ്പെടുന്നവരാകട്ടെ വ്യത്യസ്ത കഴിവുകളുള്ളവരാണ്. അവര്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു - മിത്ത പറഞ്ഞു. സ്‌കൂളുകളില്‍ എ.ഐ പഠിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ ഇന്റല്‍ ആരംഭിച്ചതായി മല്യ അറിയിച്ചു. എ.ഐ നൈപുണ്യ പരിശീലനത്തിന് വിവിധ കമ്പനികളുടെ സംയുക്ത സംരംഭങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡെവലപ്പര്‍മാരും സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള നീക്കങ്ങളാണാവശ്യം. ഇന്റല്‍ ഇന്ത്യ 2017 മുതല്‍ ഇതുവരെ 1,50,000 ഡെവലപ്പര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫസര്‍മാര്‍ക്കും എ.ഐ നൈപുണ്യ പരിശീലനം നല്‍കിക്കഴിഞ്ഞു.
2030 ഓടെ ആഗോള തലത്തില്‍ എ.ഐ രംഗത്തെ ബിസിനസ് മൂല്യം ഏകദേശം 15.7 ട്രില്യണ്‍ ഡോളര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. ടെക്നോളജി സേവന കമ്പനികള്‍ എ.ഐ പ്രതിഭകളുടെ ആവശ്യം നിരന്തരമായി ഉയര്‍ത്തിക്കൊണ്ടു വരികയാണ്.'നിശ്ചിത യോഗ്യതയും കഴിവുമുള്ളവരുടെ കുറവ് ഈ രംഗത്തുണ്ടാകും. മേഖല തിരിഞ്ഞാകും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് 'വിപ്രോയിലെ ദാസ് പറഞ്ഞു.
1950ലാണ് കൃത്രിമബുദ്ധി എന്ന ആശയം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ഏതാണ്ട് 70 വര്‍ഷം പിന്നിടുമ്പോഴേക്കും ഈ സാങ്കേതികവിദ്യ വളര്‍ന്ന് ലോകത്തിന്റെ ഭാവിതന്നെ മാറ്റിമറിക്കാന്‍ കഴിവുള്ളതായി മാറി. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ശാഖ വളരുകയും മനുഷ്യബുദ്ധിയെ നിഷ്പ്രഭമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആരോഗ്യമേഖല, പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം എന്നിങ്ങനെ കൃത്രിമബുദ്ധി കടന്നുചെല്ലാത്ത മേഖലകളില്ല ഇപ്പോള്‍. 100 വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധിക്ക് ഒട്ടു
മിക്ക മനുഷ്യജോലികളും അനായാസമായി ചെയ്യാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
തൊഴില്‍മേഖലയില്‍ കൃത്രിമബുദ്ധി സമഗ്രമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. നിലവിലെ കസ്റ്റമര്‍ സപ്പോട്ട് സെന്ററുകള്‍ ഐ.ടി രംഗത്ത് ഏറ്റവുമധികം ജോലി വാഗ്ദാനംചെയ്യുന്ന ഒന്നാണെങ്കിലും വരുംകാലങ്ങളില്‍ ഈ ജോലികള്‍ ഇല്ലാതാവുകയും ഇതുപോലുള്ള ചിട്ടയും കൃത്യതയും നിറഞ്ഞ എല്ലാ ജോലികളിലും കൃത്രിമബുദ്ധി നിഷ്പ്രയാസം മനുഷ്യരെ പിന്തള്ളുകയും ചെയ്യുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഇന്നില്ലാത്ത പല ജോലിസാധ്യതകളും ഭാവിയില്‍ കൃത്രിമബുദ്ധി ഉണ്ടാക്കും. മെഷീന്‍ ലേണിങ്, ഡാറ്റ സയന്‍സ് എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ കൃത്രിമബുദ്ധിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഇങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവാണ് ഇന്ത്യയില്‍. എളുപ്പമല്ലാത്ത സാങ്കേതികവിദ്യയാണ് എ.ഐ. പക്ഷേ, ഇതിന്റെ പ്രായോഗിക ബാലപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്കു പോലും സാധിക്കുമെന്നുള്ള പ്രത്യേകതയുമുണ്ട്.
അതേസമയം, സൃഷ്ടിപരമായ കഴിവുകള്‍ അനിവാര്യമായ ജോലികളുടെ സാധ്യതകള്‍ നഷ്ടമാകില്ല. ശാസ്ത്ര സാങ്കേതികവിദ്യയും അതിനോട് അനുബന്ധമായ കണ്ടുപിടിത്തങ്ങള്‍, കല, സാഹിത്യം, വാസ്തുവിദ്യ പോലുള്ള മേഖലകള്‍ എന്നിവയും സങ്കീര്‍ണമായ ബോധവും സൃഷ്ടിപരമായ കഴിവുകളും വളരെയധികം ആവശ്യമായ മേഖലകളാണ്. ഇവിടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ വളര്‍ച്ച സാധ്യമാക്കാനും തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കാനും കഴിയുമെന്നു വിദഗ്ധര്‍ പറയുന്നു.