പെട്രോ കെമിക്കല്‍ പാര്‍ക്കിന് പുതുജീവനേകി ഫാക്ട് ഭൂമി വില്‍പ്പന
എറണാകുളം അമ്പലമുകളുള്ള ഫാക്ടിന്റെ കൊച്ചിന്‍ ഡിവിഷനില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് എന്ന വന്‍ പദ്ധതി തുടങ്ങാന്‍ തീരുമാനമായത് കേരളത്തിന്റെ വികസന പദ്ധതികളില്‍ പുതു പ്രതീക്ഷയായിരുന്നു. എന്നാല്‍ ധാരണ പത്രം ഒപ്പു വച്ചെങ്കിലും കേരള സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഫാക്ടില്‍ നിന്നും 481.79 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതോടുകൂടി ഈ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന പദ്ധതിക്ക് 1289 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 3733 പേര്‍ക്ക് സ്ഥിര ജോലിയും 5597 ഓളം പേര്‍ക്ക് താല്‍ക്കാലിക തൊഴിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ പെട്രോ പാര്‍ക്കിലൂടെ സാധ്യമാകും.
ഇതൊടൊപ്പം ആരംഭിക്കുന്ന ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണ യൂണിറ്റിന്റെ സാന്നിധ്യം കേരളത്തിന് ലഭ്യമാക്കാന്‍ ഒരുങ്ങുന്നത് അസംസ്‌കൃത വസ്തു നിര്‍മാണ മേഖലയിലെ നിരവധി തൊഴില്‍ സാധ്യതകളാണ്.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമായ ഒന്നാണ് പെട്രോ കെമിക്കല്‍ ഉല്‍പ്പന്ന നിര്‍മാണം. ഒരു ലക്ഷം കോടി രൂപയോളം വരുന്ന പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
അക്രിലിക് പെയിന്റിലെ പ്രധാന അസംസ്‌കൃത വസ്തുവായ പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പ്രോജക്ടറില്‍ നിന്നുള്ള ബ്യൂട്ടെയ്ല്‍ അക്രിലിക്, 100 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്താണ് ഉപയോഗപ്പെടുത്തുന്നത്. ഇത് കേരളത്തില്‍ തന്നെ നിര്‍മിക്കുക എന്നത് ഈ മേഖലയിലെ വ്യവസായങ്ങള്‍ക്ക് അുഗ്രഹമാകുമെന്നാണ് ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പ്രസാദ് കെ പണിക്കര്‍ ധനത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്. ഈ മേഖലയിലെ വന്‍കുതിപ്പിനാണ് ഇപ്പോള്‍ ഈ സ്ഥലമേറ്റെടുക്കല്‍ പുതുജീവനാകുന്നത്.