മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ, കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റുമെന്ന് രവിശങ്കര്‍ പ്രസാദ്
മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം ഊര്‍ജിതമാക്കി ഇന്ത്യയെ ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ കേന്ദ്രമായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളും നയങ്ങളും അടുത്ത രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയെ ആഗോള ഉല്‍പാദന കേന്ദ്രമായി ഉയര്‍ത്തുന്നതിനുതകുന്ന പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളും വരുമെന്നും ഇലക്ട്രോണിക്‌സ് കമ്പനികളുടെ മേധാവികളുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
മുഴുവന്‍ ഇലക്ട്രോണിക്‌സ് മേഖലയ്ക്കുമായുള്ള നയം തയ്യാറായി വരുന്നു. വിവിധ മന്ത്രാലയങ്ങളുടെ പ്രാതിനിധ്യത്തോടെ പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച ഉന്നത സമിതി ഒരു മാസത്തിനുള്ളില്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാണം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇലക്ട്രോണിക്‌സും ഘടകങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു വലിയ കേന്ദ്രമായി ഇന്ത്യയെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
മാനവ വിഭവശേഷി, നിക്ഷേപക സൗഹൃദ നയങ്ങള്‍ തുടങ്ങിയവ ഇന്ത്യ വാഗ്ദാനം ചെയ്യുന്നതു പ്രയോജനപ്പെടുത്തി ആപ്പിളും സാംസങ്ങും ആഭ്യന്തര കമ്പനികളായ ലാവയുമായി ചേര്‍ന്ന് ഇന്ത്യയെ ആഗോള പവര്‍ഹൗസാക്കി മാറ്റണം. ഇലക്ട്രോണിക്‌സ് ഉല്‍പാദനം 29 ബില്യണ്‍ ഡോളറില്‍ നിന്ന് 2019 ല്‍ 70 ബില്യണ്‍ ഡോളറായി ഉയര്‍ന്നുകഴിഞ്ഞു
അസംസ്‌കൃത ഘടകങ്ങള്‍ സുലഭമാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നൈപുണ്യം, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പലരും ആശങ്കയറിയിച്ചു.കയറ്റുമതി ചെയ്യുന്ന ചാമ്പ്യന്‍ കമ്പനികളെ ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ടെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.ആപ്പിള്‍, സാംസങ്, നോക്കിയ എന്നിവയുള്‍പ്പെടെ 54 കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും എട്ട് വ്യവസായ സ്ഥാപനങ്ങളും ടെലികോം, വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.