റബര്‍ വിലയില്‍ ഉയര്‍ച്ച, പക്ഷേ കര്‍ഷകര്‍ ദുരിതത്തില്‍ തന്നെ

പ്രളയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള റബര്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായതിനാല്‍ റബര്‍ വിലയില്‍ ഏറെക്കാലത്തിനുശേഷം ഉയര്‍ച്ച. കര്‍ഷകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന വാര്‍ത്തയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലവര്‍ദ്ധന അവര്‍ക്ക് ആശ്വാസം പകരുന്നില്ല. കനത്ത മഴയെത്തുടര്‍ന്ന് റബര്‍ ടാപ്പിംഗ് നടക്കാത്തതുകൊണ്ട് കര്‍ഷകരുടെ പക്കല്‍ സ്റ്റോക്കില്ല. മാത്രവുമല്ല നിരവധി റബര്‍ തോട്ടങ്ങള്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നശിച്ചിരുന്നു.

ടയര്‍ കമ്പനികള്‍ക്ക് വിലവര്‍ദ്ധന താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ റബറിന്‍റെ ലഭ്യതക്കുറവ് രാജ്യത്തിന് പുറത്തുനിന്ന് റബര്‍ ഇറക്കുമതി നടത്താന്‍ കാരണമായേക്കാം. ഇത് പ്രതിസന്ധിയുടെ കര്‍ഷകരുടെ ആഴം കൂട്ടും.

പ്രളയത്തില്‍ കേരളത്തിലെ റബര്‍ ഉല്‍പ്പാദനത്തില്‍ 1500 മെട്രിക് ടണ്ണിന്‍റെ കുറവുണ്ടായതായാണ് നിഗമനം. കോട്ടയം, ഇടുക്കി പ്രദേശങ്ങളിലെ റബര്‍ തോട്ടങ്ങളെയാണ് മഴക്കെടുതി ഏറെ ബാധിച്ചത്. വരാനിരിക്കുന്ന തുലാവര്‍ഷവും കേരളത്തില്‍ നിന്നുള്ള റബര്‍ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബധിച്ചേക്കാം.

പ്രളയം അപ്പോളോ ടയേഴ്സിന്‍റെ പേരാമ്പ്രയിലെയും കളമശേരിയിലെയും പ്ലാന്‍റുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. റബറിന്‍റെ വിലവര്‍ദ്ധനയെത്തുടര്‍ന്ന് അപ്പോളോ ടയേഴ്സ്, ജെകെ ടയര്‍, എംആര്‍എഫ്, ഗുഡ്ഇയര്‍ തുടങ്ങിയ ടയര്‍ കമ്പനികളുടെ ഓഹരിവിലയില്‍ 10 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

കേരളത്തിലെ റബര്‍ ഉല്‍പ്പാദനത്തെ മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചിരിക്കുന്നത് എന്നതിനാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമായിരിക്കും. കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനം മെച്ചപ്പെട്ടതായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it