ബഹിരാകാശ ദൗത്യ, ആയുധ നിര്‍മ്മാണ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കും; നിര്‍മ്മല സീതാരാമന്‍

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം 74 % ആയി ഉയര്‍ത്തി

Ficci writes to FM seeking fiscal relief for MSMEs
-Ad-

പ്രതിരോധ ഉപകരണ നിര്‍മ്മാണം, ബഹിരാകാശ വിക്ഷേപണം, ആണവോര്‍ജ്ജം തുടങ്ങിയ രംഗങ്ങളിലും  സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ട് ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റാനുള്ള കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഗ്രഹ വിക്ഷേപണങ്ങളില്‍ അടക്കം സ്വകാര്യ കമ്പനികള്‍ക്കു പങ്കാളികളാകാം.

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം 74% ആയി ഉയര്‍ത്തി. നിലവില്‍ 49 ശതമാനമായിരുന്നു. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാനും ഇനി കഴിയും.പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ രാജ്യം ലക്ഷ്യമിടുന്നു. ഇതിനായി ഈ മേഖലയില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ നടപ്പിലാക്കും. ഓരോ വര്‍ഷവും നിശ്ചിത ആയുധങ്ങളുടെയും മറ്റും ഇറക്കുമതി കുറച്ചുകൊണ്ടുവരും.

ഇറക്കുമതി ചെയ്യുന്ന സ്‌പെയറുകള്‍ തദ്ദേശീയമായി നിര്‍മിക്കും. ആഭ്യന്തര മൂലധന സമാഹരണത്തിനായി പ്രത്യേക ബജറ്റ് വിഹിതം സാധ്യമാക്കും. ഇതിലൂടെ പ്രതിരോധ മേഖലയ്ക്കുള്ള ഉയര്‍ന്ന ഇറക്കുമതി ചെലവ് കുറയ്ക്കാനാവും. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് കോര്‍പറേറ്റ് ശൈലിയിലാകും.അതേസമയം  ഇത് സ്വകാര്യവത്കരണം ആകില്ലെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

-Ad-

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന്റെ തുടര്‍ വിശദാംശങ്ങള്‍ നാലാം ദിവസം വെളിപ്പെടുത്തവേയാണ്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. രാജ്യം നിക്ഷേപസൗഹൃദമാക്കാന്‍ നിരവധി നടപടികളാണ് 2014 മുതല്‍ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് അവര്‍ വ്യക്തമാക്കി.ഇതിന്റെ അനുബന്ധമായാണ് വിപുലമായ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. ഇന്ത്യയെ കരുത്തുള്ളതാക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും സ്വന്തം മികവുകളിലൂന്നി മുന്നേറാനും സഹായിക്കും ഇതെന്നും ധനമന്ത്രി പറഞ്ഞു.

വ്യോമയാന രംഗത്ത് കാര്യക്ഷമത ഉറപ്പാക്കും, ചെലവ് കുറയ്ക്കും. ഇന്ത്യയില്‍ 60 ശതമാനം വ്യോമ മേഖല ഇപ്പോള്‍ മാത്രമേ സ്വതന്ത്രമായി ഉപയോഗിക്കാനാവൂ. ഈ മേഖലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാകും. വിമാനങ്ങള്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താനാവും. ഇതിലൂടെ വ്യോമയാന രംഗത്ത്  ആയിരം കോടി രൂപ ചെലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതല്‍ വിമാനങ്ങള്‍ വരും.

കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കും. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 2300 കോടിയുടെ നേട്ടമുണ്ടാകും.  വിമാന എഞ്ചിന്‍  അറ്റകുറ്റപ്പണിക്കായുള്ള കേന്ദ്രം ഇന്ത്യയില്‍ തുടങ്ങും. പ്രതിരോധ മേഖലയിലെ സൗകര്യങ്ങള്‍ സിവില്‍ മേഖലയില്‍ കൂടി ഉപയോഗിച്ച് വിമാനക്കമ്പനികളുടെയും മറ്റും ചിലവ് കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

സാമൂഹിക അടിസ്ഥാന വികസനത്തിന് 8100 കോടി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഈ മേഖലയിലും സ്വകാര്യ മേഖലയുടെ കടന്നുവരവുണ്ടാകും. ബഹിരാകാശ ഉപകരണ വിക്ഷേപണ രംഗത്തും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. ഭാവിയിലെ പര്യവേഷണം, ബഹിരാകാശ യാത്ര തുടങ്ങിയവയ്ക്കായി സ്വകാര്യമേഖലയ്ക്ക് വാതില്‍ തുറക്കും. ജിയോ സ്‌പെഷല്‍ ഡാറ്റയുമായി ബന്ധപ്പെട്ട നയം തിരുത്തും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടക്കം ഉപയോഗിക്കാനാവുന്ന വിധത്തില്‍ നയപരമായ മാറ്റം കൊണ്ടുവരും.കാന്‍സര്‍ ചികിത്സയ്ക്കുള്ള മെഡിക്കല്‍ ഐസോടോപ്പുകളുടെ നിര്‍മ്മാണത്തിന് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം അനുവദിക്കും. ഭക്ഷ്യ സംരക്ഷണത്തിനുള്ള പദ്ധതികളിലും ആണവോര്‍ജ്ജ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം പ്രഖ്യാപിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യ വത്കരിക്കും. വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലാണെന്ന് നേരത്തെ കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ വത്കരണത്തിനുള്ള തീരുമാനം. സര്‍ക്കാര്‍ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്. സംസ്ഥാനങ്ങളിലെ കമ്പനികളെ സ്വകാര്യ വത്കരിക്കാനുള്ള നടപടികളുടെ തുടക്കമാണിത്. ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വകാര്യ മേഖല വന്നാല്‍ മത്സരം വര്‍ധിക്കും. ലാഭം ഉണ്ടാകും. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴില്‍ സാധ്യത എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതിനു ഇതാവശ്യമാണെന്നും അവര്‍ പറഞ്ഞു.ആഗോള വെല്ലുവിളികള്‍ നേരിടാനായാലേ സ്വയം പര്യാപ്തമാകാന്‍ രാജ്യത്തിന് സാധിക്കൂ.

ഇതിനായി ചട്ടങ്ങളിലും നയങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നിക്ഷേപത്തിനുളള അനുമതി നടപടികള്‍ എളുപ്പത്തിലാക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി.നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. സംസ്ഥാനങ്ങളില്‍ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്‌കരണത്തിനായി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഭൂമി ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവര്‍ക്കും ലഭ്യമാക്കും.

കല്‍ക്കരി, ധാതു, വ്യോമയാന, വൈദ്യുതി, പ്രതിരോധ ഉത്പാദനം എന്നിങ്ങനെ എട്ട് മേഖലകളിലായിരുന്നു ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ടുളള ഇന്നത്തെ പ്രഖ്യാപനം. കല്‍ക്കരി ഖനന മേഖല സ്വകാര്യവത്കരിക്കും. നിലവില്‍ സര്‍ക്കാരിന്റെ കീഴിലാണ് രാജ്യത്തെ കല്‍ക്കരി ഖനനം. 50,000 കോടി രൂപ കല്‍ക്കരി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 50 ബ്ലോക്കുകളായിരിക്കും സ്വകാര്യവത്കരിക്കുക. ഉത്പാദനം 100 ലക്ഷം ടണ്ണാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും സ്വകാര്യ പങ്കാളിത്തം.

ധാതു ഖനനത്തില്‍ നടപടികള്‍ എളുപ്പമാക്കാന്‍ സംയോജിത ലേല വ്യവസ്ഥ നടപ്പാക്കും.500 ഖനന ബ്ലോക്കുകള്‍ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. പര്യവേഷണവും ഖനനവും എല്ലാം പല ഗ്രൂപ്പുകള്‍  ചെയ്യുന്ന രീതി മാറ്റും. മേഖലയില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാന്‍ ബോക്‌സൈറ്റും കല്‍ക്കരിയും ഖനനം ചെയ്യാന്‍ അനുവാദം നല്‍കും. അലുമിനിയം വ്യവസായത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കാന്‍ഇടയാക്കുന്ന നടപടിയാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

LEAVE A REPLY

Please enter your comment!
Please enter your name here