രാത്രി ഡ്യൂട്ടിയ്ക്ക് തയ്യാറാകാത്ത സ്ത്രീകൾക്ക് പ്രൊമോഷൻ നിരസിക്കരുതെന്ന് ഹൈക്കോടതി
രാത്രി ഡ്യൂട്ടിയ്ക്ക് തയ്യാറാകാത്ത സ്ത്രീ തൊഴിലാളികൾക്ക് സീനിയോരിറ്റിയോ പ്രൊമോഷനോ നിരസിക്കരുതെന്ന് ഹൈക്കോടതി. നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന് (NTC) കീഴിലുള്ള കേരള ലക്ഷ്മി മിൽസിലെ തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ ഉത്തരവ്.
കേരള ലക്ഷ്മി മിൽസിന്റെ മാനേജ്മെന്റ് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം നൈറ്റ് ഷിഫ്റ്റ് ചെയ്യാൻ തയ്യാറാകാത്ത സ്ത്രീ തൊഴിലാളികൾക്ക് സ്ഥിര നിയമനമോ പ്രൊമോഷനോ സീനിയോരിറ്റിയോ നൽകില്ലെന്നാണ് വ്യവസ്‌ഥ. മൂന്ന് ഷിഫ്റ്റുകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ പൂർത്തിയാക്കുന്ന സ്ത്രീകൾക്കുമാത്രമേ ആനുകൂല്യങ്ങളും മറ്റും ലഭിക്കുകയുള്ളൂവെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്.
ഫാക്ടറീസ് ആക്ടിലെ സെക്ഷൻ 66 ചട്ടങ്ങൾ പിന്തുടരാൻ മാനേജ്മെന്റിനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതനുസരിച്ച് തങ്ങളെ രാത്രി 7 മണിക്ക് ശേഷം ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നും ഹർജിയിൽ പറയുന്നു.
കോടതി നോട്ടീസ് ലഭിച്ചതിന് ശേഷം സ്ത്രീ തൊഴിലാളികളുടെ ജോലി സമയം രാത്രി 10 മണി വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ലക്ഷ്മി മിൽസ് കോടതിയെ അറിയിച്ചു.
നോട്ടീസിലെ വ്യവസ്ഥയുടെ നിയമ പിൻബലം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കൃത്യമായ സുരക്ഷ ഒരുക്കിയതിനു ശേഷം രാത്രി ഡ്യൂട്ടി ചെയ്യാൻ തയ്യാറുള്ള സ്ത്രീ തൊഴിലാളികളുടെ സേവനം കമ്പനിയ്ക്ക് പ്രയോജനപ്പെടുത്താമെന്നും കോടതി അറിയിച്ചു.