'മുറുക്കാൻ കട ഇതിലും ഭേദം,' ഇൻഡിഗോ പ്രൊമോട്ടർമാരുടെ തർക്കം പരസ്യമായി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ ആയ ഇൻഡിഗോയിൽ പ്രൊമോട്ടർമാരുടെ തർക്കം മുറുകുന്നു. സഹസ്ഥാപകരായ രാഹുൽ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇതിനകം പരസ്യമായിക്കഴിഞ്ഞു.

കമ്പനിയിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് രാകേഷ് ഗംഗ്വാൾ മാർക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിച്ചിരിക്കുകയാണ്. ഒരു സാധാരണ മുറുക്കാൻ കടയിൽ പോലും കാര്യങ്ങൾ ഇതിലും നന്നായി നടത്തുമെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

അടിസ്ഥാനപരമായ മൂല്യങ്ങളിൽ നിന്നും കമ്പനി വ്യതിചലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിലേറ്റഡ് പാർട്ടി ട്രാന്സാക്ഷനുകളെ (RPT) സംബന്ധിച്ചുള്ളതാണ് പ്രധാന ആരോപണം. ഗംഗ്വാൾ സെബിക്കയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കത്തിന്റെ കോപ്പി പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്.

ഗംഗ്വാളിനും അഫിലിയേറ്റസിനും കൂടി ഇൻഡിഗോയുടെ പാരന്റ്റ് കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനിൽ 37 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. രാഹുൽ ഭാട്ടിയയ്ക്കും അദ്ദേഹത്തിന്റെ IGE Group നും ചേർന്ന് 38 ശതമാനം പങ്കാളിത്തമുണ്ട്.

ജൂലൈ 19 നകം കമ്പനി ഗംഗ്വാളിന്റെ കത്തിന് വിശദീകരണം നൽകണമെന്നാണ് സെബി നിർദേശം. തർക്കം പരസ്യമായതോടെ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരിവില 17 ശതമാനമാണ് ഇടിഞ്ഞത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it